ജനകീയ പ്രതിഷേധം ഫലംകണ്ടു; കാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു


ചേമഞ്ചേരി: കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. മുതിര്‍ന്നവര്‍ക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കിയുമാണ് കുറച്ചത്. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

പുതിയ നിരക്ക് ജനുവരി 23 മുതല്‍ പ്രാബല്യത്തില്‍ വരും. ബീച്ചിലെ റിക്ലൈനര്‍ ചെയര്‍, ഹാമോക് തുടങ്ങിയ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് നല്‍കണം.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തീന്‍കോയ, ഡിടിപിസി സെക്രട്ടറി സി.പി.ബീന, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.