ചേമഞ്ചേരി ‘തീപ്പിടിച്ച’ ഓർമ്മയാണ്, തീക്കൊളുത്തിയത് നമുക്ക് വേണ്ടിത്തന്നെ


ചേമഞ്ചേരി: സ്വാതന്ത്ര്യ സമരകാലത്തെ തീപിടിപ്പിക്കുന്ന ഓര്‍മയാണ് ചേമഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസ്. ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ പ്രതിഷേധിച്ച സമരക്കാര്‍ രജിസ്ട്രാര്‍ ഓഫീസിന് തീവച്ചതോടെയാണ് ഇത് ചരിത്രത്തിൽ ഇടം പിടിച്ചത്. പിന്നീട്‌ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ ഓഫീസിനെ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. എന്നാല്‍ തുടർന്നും കടുത്ത അവഗണനയാണ് ഈ സ്മാരകം നേരിട്ടത്. ഇപ്പോൾ സംസ്ഥാന സക്കാർ ബജറ്റിൽ 1.10 കോടി രൂപ പ്രഖ്യാപിച്ചതോടെ ശാപമോക്ഷമാകും എന്ന പ്രതീക്ഷയിലാന് ഈ ചരിത്ര സ്മാരകം.

1942 ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്നാവശ്യപ്പെട്ടുകൊണ്ടുള്ള അന്തിമസമരങ്ങളുടെ തുടക്കം. സമരച്ചൂട് നേഞ്ചിലേറ്റിയ ചേമഞ്ചേരിയിലെ യുവസംഘം ആഗസ്റ്റ് 19 ന് രാത്രി ചേമഞ്ചേരിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീവെച്ചു. ചേമഞ്ചേരി സബ്ബ് റജിസ്ട്രാർ ഓഫീസിന്, തിരുവങ്ങൂർ അംശക്കച്ചേരി, റെയിൽവെ സ്റ്റേഷൻ, തിരുവങ്ങൂർ ട്രെയിൻ ഹാൾട്ട് എന്നീ സ്ഥാപനങ്ങൾക്കാണ് പ്രക്ഷോഭകാരികൾ തീയിട്ടത്.

1997 ല്‍ ചേമഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസ് ക്വിറ്റ് ഇന്ത്യാ സ്മാരകമാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. സ്മാരകം പഴയ മാതൃകയില്‍ നവീകരിച്ച് സബ് രജിസ്ട്രാറോഫീസ് ഇങ്ങോട്ട് മാറ്റാനായിരുന്നു തീരുമാനം. 2008 ല്‍ സ്ഥലം പഞ്ചായത്ത് വാങ്ങി. എന്നാല്‍ രജിസ്ട്രേഷന്‍ വകുപ്പിന് സ്ഥലം കൈമാറാന്‍ ആദ്യഘട്ടത്തിൽ പഞ്ചായത്ത് വകുപ്പ് അനുമതി നല്‍കിയില്ല. അതോടെ സ്മാരകം പുതുക്കി പണിയുന്നത് നീളുകയായിരുന്നു. രജിസ്ട്രേഷൻ വകുപ്പിന് സ്ഥലം കൈമാറിയതോടെയാണ് പുതിയ കെട്ടിടം പണിയാനുള്ള നടപടികൾ ആയത്. പഴയ സ്മാരക കെട്ടിടം മേൽക്കൂര പാടെ തകർന്നു കിടക്കുകയാണ്. ചുമരുകൾ മാത്രം ഒരു അസ്ഥിക്കൂടം കണക്കെയാണ് ഇപ്പോൾ നിൽക്കുന്നത്.

ആറ് വർഷം മുമ്പുവരെ പഴയ കെട്ടിടത്തിൽ തന്നെയാണ് റജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്നത്. പൂർണ്ണമായി നിലംപൊത്താറായതോടെയാണ് വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത്. പഴയ കെട്ടിടം നിലനിന്ന സ്ഥലം കാടുമൂടി കിടപ്പാണ്ണ്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണിപ്പോഴിവിടം. പഴയ കെട്ടിടത്തിന് മുന്നിൽ നിർമ്മിച്ച ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം ദേശീയ പാതാ വികസനത്തിന് വേണ്ടി പൊളിച്ചു നീക്കേണ്ടി വരും. ഈ സ്തൂപവും പുതുക്കി പണിയേണ്ടി വരും.