ചെമ്മരത്തൂരില്‍ കിണറ്റില്‍ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു


വടകര: ചെമ്മരത്തൂര്‍ മീങ്കണ്ടിയില്‍ കിണറ്റില്‍ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തെ ‘ആയ നിവാസില്‍’ അമ്പലപറമ്പില്‍ ബാലനാണ്(72) മരിച്ചത്.

കടവത്ത് വയല്‍ ആലേപുതിയോട്ടില്‍ ഉദയഭാനുവിന്റെ വീട്ടിലെ കിണറിലാണ് ഇന്നലെ രാവിലെ അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. രാവിലെ വെള്ളമെടുക്കാന്‍ കുളിമുറിയില്‍ കയറിയ വീട്ടുകാര്‍ വാതില്‍ തകര്‍ന്നു കിടക്കുന്നതു കണ്ട് കിണറ്റില്‍ നോക്കിയപ്പോഴാണ് ഷര്‍ട്ട്‌പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

മരിച്ചയാളുടെ പോക്കറ്റില്‍ നിന്ന് കോഴിക്കോട് ആശുപത്രിയില്‍ നിന്നുള്ള ശീട്ട് ലഭിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിയാനായത്.
രണ്ട് വര്‍ഷം മുമ്പ് ഭാര്യ മരിച്ച ശേഷം ബാലന്‍ തനിച്ചാണ് താമസം. രണ്ട് മാസമായി പലയിടത്തായി അലഞ്ഞ് നടക്കാറുള്ള ഇയാള്‍ എങ്ങനെയോ മീങ്കണ്ടിയില്‍ എത്തിയതാണെന്നാണ് പോലീസിന്റെ സംശയം. മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും പോലീസ് വ്യക്തമാക്കി. പരേതയായ സേതുലക്ഷ്മിയാണ് ബാലന്റെ ഭാര്യ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക