‘ചര്‍മത്തില്‍ തൊട്ടില്ലെങ്കില്‍ ലൈംഗികാതിക്രമമല്ല’; വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ


ന്യൂഡല്‍ഹി: ചര്‍മത്തില്‍ സ്പര്‍ശിക്കാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയില്‍ സ്പര്‍ശിച്ചാല്‍ അത് ലൈംഗികപീഡനമാകില്ലെന്ന പരാമര്‍ശമടങ്ങിയ ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തില്‍ പോക്‌സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ പരാമര്‍ശവും ഇതോടെ റദ്ദായി. മൂന്ന് വനിതാ അഭിഭാഷകര്‍ നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. നാഗ്പൂര്‍ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗണേധിവാലയുടെ സിംഗിള്‍ ബഞ്ചിന്റേതാണ് വിധി.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. വിധി അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. കൃത്യമായ ഒരു ഹര്‍ജി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു. പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്ത കോടതി, അടിയന്തരമായി ശിക്ഷാവിധി പുനഃസ്ഥാപിക്കുകയും രണ്ടാഴ്ചക്കകം പ്രതിയോട് തിരികെ ജയിലില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്‌സോ) നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം, 39 കാരനായ ബന്ദു റാഗ്‌ഡെയെ ശിക്ഷിച്ച സെഷന്‍സ് കോടതിയുടെ തീരുമാനം ജനുവരി 19 ന് ബോംബൈ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. പന്ത്രണ്ടുകാരിയെ പേരക്ക നല്‍കാമെന്ന വ്യാജേന പ്രതി വീട്ടിലേക്ക് കൊണ്ടു പോകുകയും പെണ്‍കുട്ടിയുടെ മാറിടത്തില്‍സ്പര്‍ശിച്ച് വസ്ത്രങ്ങള്‍ നീക്കംചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഈ കേസ് പരിഗണിക്കവെയാണ് ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയത്.

കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ഈ സംഭവത്തില്‍ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്ന വിചിത്രമായ പരാമര്‍ശമാണ് നടത്തിയത്. പോക്‌സോ ചുമത്തണമെങ്കില്‍ പ്രതി ചര്‍മ്മത്തില്‍ സ്പര്‍ശിക്കണമായിരുന്നു. പ്രതി മാറിടത്തില്‍ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗികാതിക്രമമല്ല. ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം എന്നായിരുന്നു കേസില്‍ കോടതിയുടെ വിധിന്യായം. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗണേധിവാലയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി.

യൂത്ത് ബാര്‍ അസോസിയേഷനിലെ വനിതാ അഭിഭാഷകരായ അഡ്വ. മഞ്ജു ജെറ്റ്‌ലി, അഡ്വ. സംപ്രീത് സിംഗ് അജ്മാനി എന്നിവര്‍ ചേര്‍ന്നാണ് സ്പെഷ്യല്‍ ലീവ് പെറ്റിഷന്‍ സമര്‍പ്പിച്ചത്. ജസ്റ്റിസ് പുഷ്പ ഗണേധിവാല നടത്തിയ ഈ അനവസരത്തിലുള്ള, അനാവശ്യമായ നിരീക്ഷണം ഭാവി കേസുകളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും അത് സ്ത്രീസുരക്ഷയ്ക്ക് എതിരുനില്‍ക്കുന്നതാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് പുഷ്പ ഗണേധിവാല തന്റെ വിധിന്യായത്തിന്റെ പന്ത്രണ്ടാം ഖണ്ഡികയില്‍ ഇരയുടെ പേര് എടുത്തെഴുതിയതിലൂടെ നടത്തിയിരിക്കുന്നത് ഐപിസി 228 അ വകുപ്പിന്റെ നഗ്‌നമായ ലംഘനമാണെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക