ഗ്രീൻ പ്രോട്ടോകോൾ പരിശോധന 26ന് മുമ്പ് പൂർത്തിയാക്കും


കോഴിക്കോട്: സർക്കാർ ഓഫീസുകളുടെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള പരിശോധന ജനുവരി 26 ന് മുമ്പായി പൂർത്തീകരിക്കും. സർട്ടിഫിക്കേഷൻ ഗ്രേഡോടെയുള്ള ഗ്രീൻ ഓഫീസ് സാക്ഷ്യപത്രം ഇതോടൊപ്പം നൽകും.

ഹരിത ഓഡിറ്റിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഒരുക്കിയ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. എല്ലാ ഓഫീസുകളും പരിസരവും വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പരമാവധി ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ജമീല പറഞ്ഞു.

ജില്ലാ കളക്ടർ സാംബശിവ റാവു മുഖ്യാതിഥിയായിരുന്നു. ശുചിത്വം, മാലിന്യസംസ്കരണം എന്നീ കാര്യങ്ങളിൽ ഓഫീസ് മേധാവികൾ താത്പര്യമെടുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഓരോ ഓഫീസിനും ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസറെ നിയോഗിച്ച് ശാസ്ത്രീയ സംവിധാനമൊരുക്കി പാഴ്‌വസ്തുക്കൾ തരംതിരിച്ച് കൈമാറണം.ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ ആവശ്യമായ പിന്തുണ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ജില്ലാ ഹരിത കേരളം മിഷന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ ഓൺ ലൈനിലൂടെയായിരുന്നു പരിശീലനം. ഹരിത കേരളം ജില്ലാ കോ ഓർഡിനേറ്റർ പി. പ്രകാശ്, ജില്ലാ ശുചിത്വമിഷൻ അസി. കോ ഓർഡിനേറ്റർ ടി. നാസർ ബാബു, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. എം.സൂര്യ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക