ഗാംഗുലി ആശുപത്രി വിട്ടു


കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്ടനും ബി. സി. സി. ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. രണ്ടാമത്തെ ആന്‍ജിയോ പ്ലാസ്റ്റിയും വിജയകരമായിരുന്നു. പൂര്‍ണ ആരോഗ്യവാനായാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരുമാസത്തിനിടെ രണ്ടു തവണയാണ് അദ്ദേഹം ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയനായത്. നെഞ്ചുവേദനയെത്തുടര്‍ന്ന് ജനുവരി 27നാണ് നാല്‍പ്പത്തിയെട്ടുകാരനായ ദാദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജനുവരി രണ്ടിന് കൊല്‍ക്കത്തയിലെ വീട്ടിലുള്ള ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഗാംഗുലിക്ക് ആദ്യം നെഞ്ചുവേദന അനുഭവപ്പെട്ടത്. ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നാലെ ആദ്യ ആന്‍ജിയോപ്ലാസ്റ്റി കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ നടത്തി.

ഏഴാം തിയതി ആശുപത്രി വിട്ട ദാദ ഇതിന് ശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കേ കഴിഞ്ഞ ബുധനാഴ്ച(ജനുവരി 27) വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രമുഖ ഹൃദ്രാഗ വിദഗ്ദ്ധരായ ഡോ. ദേവി ഷെട്ടി, ഡോ. അശ്വിന്‍ മെഹ്ത എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ ഗാംഗുലിയെ രണ്ടാംതവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

ഹൃദയധമനികളില്‍ രണ്ട് സ്റ്റെന്റുകള്‍ ഇട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഗാംഗുലി സാധാരണ നിലയിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക