ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെയുളള ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഗവര്‍ണര്‍ ഈ സര്‍ക്കാരിന്റെ നേട്ടങ്ങളെണ്ണി പറഞ്ഞത്. ഇതോടെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. സഭയ്ക്ക് പുറത്തിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു.

സഭ ആരംഭിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഗവര്‍ണരുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയ്ക്ക് ഇവര്‍ മുദ്രാവാക്യവും ഉയര്‍ത്തി. തുടര്‍ന്ന് ഗവര്‍ണര്‍ തന്നെ കടമ നിര്‍വ്വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തടസ്സപ്പെടുത്തരുതെന്നും പറഞ്ഞു. ഗവര്‍ണര്‍ പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കെ പ്രതിപക്ഷം പുറത്തേക്കിറങ്ങിപ്പോയി. സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. പിന്നാലെ പി.സി ജോര്‍ജും ഇറങ്ങിപ്പോയി. ബി.ജെ.പി എം. എല്‍.എ ഒ. രാജഗോപാല്‍ സഭയില്‍ തുടര്‍ന്നു.

ഇതിനിടയില്‍ പുറത്തേക്കിറങ്ങിപ്പോയ പി. സി ജോര്‍ജ്, പ്രതിപക്ഷത്തിന്റെ പ്രതിഷേധം നടക്കുന്നത് കാണുകയായിരുന്നു. പ്രതിപക്ഷ നിരയില്‍ വന്നിരിക്കാന്‍ പി.ജെ ജോസഫ് ക്ഷണിച്ചെങ്കിലും ഇല്ലെന്നു തലയാട്ടി. അതേസമയം പ്രതിപക്ഷത്തിനൊപ്പമല്ല, അവര്‍ പോയി പത്തുമിനിറ്റ് കഴിഞ്ഞാണ് താന്‍ ഇറങ്ങിപ്പോയതെന്ന് പി. സി ജോര്‍ജ് മാധ്യമങ്ങളോടു പ്രതികരിച്ചു.