കോഴിക്കോട് ബൈപ്പാസ് ഇപ്പോഴും അനിശ്ചിത പാത


കോഴിക്കോട് : രാമനാട്ടുകര മുതല്‍ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കല്‍വൈകും. ജനുവരി 27-ന് പ്രവൃത്തി തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ 29-നേ തീരുമാനമെടുക്കൂ എന്നാണ് ദേശീയപാത അതോറിറ്റി അധികൃതര്‍ പറയുന്നത്.

ഇന്‍കല്‍ എങ്ങനെ പദ്ധതിയില്‍ പങ്കാളിയാവുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിനും ഒരാഴ്ചയെടുക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി.യാണ് കരാറെടുത്തത്. അവര്‍ക്ക് പ്രവൃത്തി തുടങ്ങാന്‍ സാമ്പത്തിക പ്രതിസന്ധി തടസ്സമാണ്. ഇന്‍കല്‍ ഉണ്ടെങ്കിലേ വായ്പ നല്‍കൂ എന്നാണ് എല്‍.എന്‍.ടി. ഫിനാന്‍സിന്റെ നിലപാട്.

ഇന്‍കലും കെ.എം.സി.യും ചേര്‍ന്നുള്ള കാലിക്കറ്റ് എക്‌സ്പ്രസ് വേ എന്ന കമ്പനിക്കാണ് നിര്‍മാണച്ചുമതല. ഇതില്‍ ഇന്‍കലിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. പ്രവൃത്തിയേറ്റെടുത്ത് ഉപകരാര്‍ നല്‍കാം, കെ.എം.സി.യെ ആശ്രയിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ഇന്‍കല്‍. അല്ലെങ്കില്‍ വന്‍ സാമ്പത്തികബാധ്യത വരും. പിന്‍വാങ്ങിയാല്‍ ബാങ്ക് ഗ്യാരന്റിയായി നല്‍കിയ 85 കോടി നഷ്ടമാവും.

രണ്ടുവര്‍ഷം വൈകിയതിനാല്‍ റീടെന്‍ഡറിലേക്ക് പോവാതെ എങ്ങനെയെങ്കിലും പ്രവൃത്തി തുടങ്ങാനുള്ള നീക്കത്തിലാണ് ദേശീയപാത അതോറിറ്റി. ഇന്‍കല്‍ ചെയര്‍മാന്‍ കൂടിയായ വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ ഭരണസമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക