കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ


 

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ക്ലീൻ ഗ്രീൻ കുന്നുമ്മൽ: വ്യാപാരികളുടെ യോഗം ചേർന്നു

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുചിത്വ പരിപാടിയായ ക്ലീൻ ഗ്രീൻ കുന്നുമ്മൽ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ബാർബർ ഷോപ്പ് ഉടമകളുടെയും ബ്യൂട്ടീഷൻമാരുടെയും യോഗം ചേർന്നു. ഷോപ്പുകളിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. 20 സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

90% ഷോപ്പുകളിലെയും മുടി മാലിന്യം ഇപ്പോൾ ശാസ്ത്രീയമായിട്ടാണ് സംസ്കരിക്കുന്നത്. മാലിന്യം ശാസ്ത്രീയമായ രൂപത്തിൽ സംസ്കരിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ലൈസൻസ് പുതുക്കി നൽകാവൂ എന്ന് യോഗത്തിൽ നിർദ്ദേശമുണ്ടായി. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഭരണ സമിതി അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, അസിസ്റ്റൻ്റ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.

കോവിഡ് ആശുപത്രികളിൽ 1, 525 കിടക്കകൾ ഒഴിവ്

ജില്ലയിലെ 64 കോവിഡ് ആശുപത്രികളിൽ 2,823 കിടക്കകളിൽ 1,525 എണ്ണം ഒഴിവുണ്ട്. 918 ഐ.സി.യു കിടക്കകളും 32 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 527 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 359 കിടക്കകൾ, 26 ഐ.സി.യു, 16 വെന്റിലേറ്റർ, 283 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 1003 കിടക്കകളിൽ 735 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 314 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,994 കിടക്കകളിൽ 1,506 എണ്ണം ഒഴിവുണ്ട്.

പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ഓഫീസ് ഉദ്ഘാടനം ചെയ്തു

പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനിയറുടെ ഓഫീസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തൊണ്ടയാട് വിജിലന്‍സ് ഓഫീസിന് സമീപം പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെട്ടിടം നവീകരിച്ചാണ് ഓഫീസ് തയ്യാറാക്കിയത്. പൊതുമരാമത്ത് റോഡുകളും പാലങ്ങളും വിഭാഗങ്ങള്‍ വിഭജിച്ച് 2018ല്‍ പാലങ്ങള്‍ക്കായി പ്രത്യേകം വിഭാഗം രൂപീകരിച്ചു. വിഭജനത്തിന് ശേഷവും മാനാഞ്ചിറ പൊതുമരാമത്ത് കോംപ്ലക്സിലെ റോഡ്സ് വിഭാഗം നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനിയറുടെ ഓഫീസിലായിരുന്നു പാലങ്ങളുടെ ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്.

ഉദ്ഘാടന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഡോ.എസ്.ജയശ്രീ, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് -പ്രവൃത്തി ഉദ്ഘാടനം നാളെ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസം ഒരുക്കുന്നതിന് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ കോവൂര്‍ ഇരിങ്ങാടന്‍പളളി ബൈപ്പാസ് റോഡിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ അങ്കണത്തില്‍ നിര്‍മ്മിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നാളെ (സെപ്തംബര്‍ 18) രാവിലെ 11.30ന് ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വ്വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്, എം.കെ.രാഘവന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

കെല്‍ട്രോണ്‍ ജേണലിസം കോഴ്സ്

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍, ഹൈബ്രിഡ് കോഴ്സിലേക്ക് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്‍. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം തുടങ്ങിയ വിഷയങ്ങളും സിലബസ്സിലുണ്ട്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. അപേക്ഷാഫോമുകള്‍ ksg.keltro.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സെപ്തംബര്‍ 30നകം ലഭിക്കണം.
വിശദവിവരങ്ങള്‍ക്ക് 9544958182, 8137969292.

ലാബ് അസിസ്റ്റന്റ് നിയമനം

വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിന് കീഴിലെ കൂണ്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ ലാബ് അസി.ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂണ്‍ വിത്ത് ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ 10,000 രൂപയാണ് പ്രതിമാസ വേതനം. അഭിമുഖം സെപ്തംബര്‍ 30 ന് രാവിലെ 11 മണിക്ക് വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ നടക്കും. യോഗ്യത- കാര്‍ഷിക ബിരുദം/ബോട്ടണി ബിരുദവും ടിഷ്യൂ കള്‍ച്ചര്‍ ലാബ് പരിജ്ഞാനവും/കൂണ്‍ വിത്ത് ഉത്പാദന ലാബില്‍ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0495 2376514.

ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 : അഭിമുഖം 29,30, 1 തീയതികളില്‍

കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, കാറ്റഗറി നം. 529/19 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ചവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം സെപ്തംബര്‍ 29, 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ രാവിലെ 9.30മുതല്‍ കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫീസില്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കാവൂ. ഉദ്യോഗാര്‍ത്ഥികള്‍ മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്‌സി വെബ്സൈറ്റില്‍ നിന്നും കോവിഡ് ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പിഎസ്‌സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2371971.

ടെണ്ടര്‍ ക്ഷണിച്ചു

കേരള മാരിടൈം ബോര്‍ഡിനുവേണ്ടി ബേപ്പൂര്‍ തുറമുഖത്തെ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സെപ്തംബര്‍ 22 ന് ഉച്ച 12 മണിവരെ സ്വീകരിക്കും. ഫോണ്‍ 0484 2353737.

സാമൂഹ്യാധിഷ്ഠിത ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി 15.96 ലക്ഷം രൂപ ഉപയോഗിച്ച് സജ്ജീകരിച്ച സാമൂഹ്യാധിഷ്ഠിത ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പ്രാദേശിക ചടങ്ങില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത.വി.കെ അധ്യക്ഷത വഹിച്ചു. കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ഭിന്നശേഷിക്കാര്‍ക്ക് കരുത്തും കരുതലുമായി സമഗ്ര ഭിന്നശേഷി ശാക്തീകരണ പദ്ധതിയായ എനേബിളിംഗ് കോഴിക്കോട് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഭിന്നശേഷി ഉള്ളവര്‍ക്ക് സമഗ്ര ചികിത്സ പുനരധിവാസം സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനായാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.

സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.മാധവ ശര്‍മ്മ ബിനോയ് പദ്ധതി വിശദീകരണം നടത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആലംകോട്‌ സുരേഷ്ബാബു, ജില്ലാപഞ്ചായത്ത് അംഗം ഷാജി പാറക്കല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആര്‍ദ്രം ജില്ലാ കോഡിനേറ്റര്‍ ഡോ.അഖിലേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യന്ത്രവത്കൃത ബോട്ടുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അപേക്ഷിക്കാം

മത്സ്യം കേടുകൂടാതെ കയറ്റുമതി നിലവാരത്തില്‍ എത്തിക്കുന്നതിന് യന്ത്രവത്കൃത ബോട്ടുകളില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബേപ്പൂര്‍ മത്സ്യബന്ധന ഹാര്‍ബര്‍ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഒരു യൂണിറ്റിന് 15 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയ്ക്ക് 40 ശതമാനം തുകയായ ആറു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. പദ്ധതി പ്രകാരം യാനത്തില്‍ സ്ളറി, ഐസ് യൂണിറ്റ്, ബയോ ടോയ്ലറ്റ് സംവിധാനങ്ങള്‍ സ്ഥാപിക്കും. അപേക്ഷ ഫോം ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ്. അപേക്ഷകള്‍ സെപ്തംബര്‍ 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, കോഴിക്കോട് എന്ന വിലാസത്തിലോ ബേപ്പൂര്‍, കോഴിക്കോട് മത്സ്യഭവനുകളിലോ ലഭ്യമാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2383780.