കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച്ച 15 ന്

ഭാരതീയ ചികിത്സാ വകുപ്പ് മുഖേന കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന വയോഅമൃതം പ്രോജക്ടില്‍ മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് സെപ്തംബര്‍ 15ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2371486.

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734-224076, 8547005045) ധനുവച്ചപുരം (0471-2234374, 2234373, 8547005065), മാവേലിക്കര (0479-2304494, 0479-2341020, 8547005046), കുണ്ടറ (0474-2580866, 8547005066),പെരിശ്ശേരി (0479-2456499,8547005006) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ് http://www.ihrdadmissions.org

ഓണ്‍ലൈന്‍ പരിശീലന പരിപാടി നാളെ

ജില്ലാ ക്ഷീര പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ (സെപ്തംബര്‍ 9) കോഴിക്കോട് ജില്ലയിലെ ക്ഷീരസംഘം സെക്രട്ടറിമാര്‍ക്ക് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ക്ഷീരസംഘങ്ങളിലെ അക്കൗണ്ടിങ്ങ് എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി ഗൂഗിള്‍ മീറ്റ് വഴി സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10.30 മുതലാണ് പരിശീലനം. വയനാട് ഡയറി സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി http://meet.google.com/wox-qwyr-rgj ലിങ്കില്‍ ജോയിന്‍ ചെയ്യാം.

സൗജന്യ പൈത്തണ്‍ പ്രോഗ്രാമിങ് പരിശീലനം സി.ഡി.സിയില്‍

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പൈത്തണ്‍ പ്രോഗ്രാമിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സി.ഡി.സി ഓഫീസില്‍ നേരിട്ട് ഹാജരായോ 0496 2615500 നമ്പറില്‍ വിളിച്ചോ സെപ്തംബര്‍ 16ന് വൈകീട്ട് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് പേരാമ്പ്ര എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം

കലുങ്കു നിര്‍മ്മാണം നടക്കുന്നതിനാല്‍ തിരുവമ്പാടി കൂടരഞ്ഞി റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ (സെപ്തംബര്‍ 09) മുതല്‍ നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മിനിമം വേതന ഉപദേശക സമിതി യോഗം

സംസ്ഥാനത്തെ മിനിമം വേതന ഉപദേശക സമിതി ടി.എം.ടി സ്റ്റീല്‍ ബാര്‍ നിര്‍മ്മാണ മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനായുള്ള മിനിമം വേതന ഉപദേശകസമിതിയുടെ തെളിവെടുപ്പ് യോഗം സെപ്തംബര്‍ 10ന് രാവിലെ 11ന് പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗത്തില്‍ ഈ മേഖലയിലെ മുഴുവന്‍ തൊഴിലാളികളും തൊഴിലുടമ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച 15ന്

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന വയോഅമൃതം പ്രോജക്ടില്‍ മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് സെപ്തംബര്‍ 15ന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371486.

തെറാപ്പിസ്റ്റ്, അറ്റന്‍ഡര്‍ കൂടിക്കാഴ്ച 17ന്

ഭാരതീയ ചികിത്സാ വകുപ്പ് വൃദ്ധജന പരിപാലനത്തിനായി നടപ്പിലാക്കുന്ന വയോഅമൃതം പദ്ധതിയില്‍ തെറാപ്പിസ്റ്റ് / അറ്റന്‍ഡര്‍ തസ്തികയിലേയ്ക്ക് സെപ്തംബര്‍ 17ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തുന്നു. പ്രതിദിനം 675 രൂപ നിരക്കില്‍ പരമാവധി 18,225 രൂപ വേതനം ലഭിക്കും. ആയുര്‍വ്വേദ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറേറ്റ് നടത്തുന്ന ആയുര്‍വ്വേദ തെറാപ്പി യോഗ്യത അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0495 2371486

ലേലം 22 ന്

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ മരുതോങ്കരയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ നിലനില്‍ക്കുന്ന 9.98 ഏക്കര്‍ ഭൂമിയില്‍ നിന്നുള്ള ഫലവൃക്ഷങ്ങളിലെ 2021-22 വര്‍ഷത്തിലെ മേലാദായം എടുക്കുന്നതിനുള്ള അവകാശം സെപ്തംബര്‍ 22ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കുന്നുമ്മല്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 8547630150, 9447534531.

വാഹന ലേലം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഉപയോഗിക്കാത്ത വകുപ്പ് തല വാഹനം ( 1997 മോഡല്‍ കെഎല്‍ 01എം 9210 നമ്പര്‍ ടാറ്റ സുമോ) സെപ്തംബര്‍ 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിൽ (ഗാന്ധി റോഡ്, വെളളയില്‍) ലേലം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് 0495 2766035.

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2021-22 ഉള്‍പ്പെടുത്തി 1969 ലെ കേരള സഹകരണ സംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സബ്‌സിഡി മാര്‍ഗ്ഗ രേഖ പ്രകാരം അര്‍ഹരായ പട്ടികജാതി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് 04945 – 2370379.

ക്ലാര്‍ക്ക് കാരാര്‍ നിയമനം

ജില്ലാകോടതി സമുച്ചയത്തിലെ താല്‍ക്കാലിക സ്പെഷ്യല്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയിലേക്ക് ക്ലാര്‍ക്ക് (ഒരു ഒഴിവ്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 19950 രൂപ. അപേക്ഷകര്‍ അതാത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര ഗവ. സര്‍വ്വീസിലോ സംസ്ഥാന ഗവ സര്‍വ്വീസിലോ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളള 60 വയസ്സ് പൂര്‍ത്തിയാകാത്തവർക്ക് അപേക്ഷിക്കാം. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വ. ജനറല്‍ ഓഫീസ്/സബോഡിനേറ്റ് ജൂഡിഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

അപേക്ഷ വെളളക്കടലാസില്‍ തയ്യാറാക്കി അയക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 17 വൈകീട്ട് അഞ്ച് വരെ. വിലാസം:ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, കോഴിക്കോട് 673032. വിശദവിവരങ്ങള്‍ക്ക്-0495-2366404.

കോവിഡ് ആശുപത്രികളിൽ 1,294 കിടക്കകൾ ഒഴിവ്

ജില്ലയിലെ 64 കോവിഡ് ആശുപത്രികളിൽ 2,815 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്. 79 ഐ.സി.യു കിടക്കകളും 43 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 483 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 314 കിടക്കകൾ, 23 ഐ.സി.യു, 26 വെന്റിലേറ്റർ, 234 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 973 കിടക്കകളിൽ 450 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 203 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,924 കിടക്കകളിൽ 1,461 എണ്ണം ഒഴിവുണ്ട്.

ആര്യ രാജിന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ അനുമോദനം

സെറിബ്രല്‍ പാള്‍സിയെ പടിക്കു പുറത്തു നിര്‍ത്തി കഴിഞ്ഞ പ്ലസ് ടു സയന്‍സ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ആര്യാരാജിന് കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ അനുമോദനം. ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നിയാസ് ആര്യയ്ക്ക് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും മീഡിയേറ്റര്‍മാരുടെയും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ജില്ലാ ജഡ്ജിയും ഡിഎല്‍എസ്.എ ചെയര്‍പേഴ്സണുമായ രാഗിണി പി. അധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ശ്രീകാന്ത് എസ്. നായര്‍, സിആര്‍സി ഡയറക്ടര്‍ ഡോക്ടര്‍ റോഷന്‍ ബിജ്ലി, മീഡിയേറ്റര്‍ കോഡിനേറ്റര്‍ അഡ്വ.ടി.വി.ഹരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി എം.പി.ഷൈജല്‍ സ്വാഗതം ആശംസിച്ചു. ഡിഎല്‍എസ്എ പാനല്‍ അഭിഭാഷക അഡ്വ.ജി.ബിന്ദു കൃതജ്ഞത രേഖപ്പെടുത്തി. ആസ്ട്രോബയോളജിയില്‍ ഉപരിപഠനം നടത്തുക എന്ന ആര്യയുടെ സ്വപ്ന സാക്ഷാത്കാരത്തിന് ഡിഎല്‍എസ്.എ ഒപ്പമുണ്ടാവുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.

‘ടേക്ക് എ ബ്രേക്ക്’ പദ്ധതി – ജില്ലയില്‍ ഒമ്പത് വഴിയിടങ്ങള്‍ തുറന്നു

തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ദേശീയ- സംസ്ഥാന പാതയോരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ കോഫി ഷോപ്പ്, വിശ്രമകേന്ദ്രങ്ങള്‍, ടോയ്‌ലറ്റുകള്‍ എന്നിവ ഒരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലയില്‍ ഒമ്പത് വഴിയിടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ‘ടേക്ക് എ ബ്രേക്ക്’ ശൗചാലയ സമുച്ചയങ്ങള്‍ ‘വഴിയിടം’ എന്ന പേരിലാണ് അറിയപ്പെടുക. ഓണ്‍ ലൈനായാണ് ഉദ്ഘാടനം നടന്നത്.

ജില്ലയില്‍ 34 ‘ടേക്ക് എ ബ്രേക്ക്’ ശൗചാലയ സമുച്ചയങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്നവയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നുവരികയാണ്. സ്ഥല സൗകര്യമനുസരിച്ച് വിശ്രമകേന്ദ്രങ്ങളില്‍ ശുചിമുറികള്‍ക്കു പുറമേ ശിശു സൗഹൃദ മുലയൂട്ടല്‍ മുറികള്‍, ഡ്രസിങ് റൂമുകള്‍, സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് കിയോസ്‌കുകള്‍, ലഘു ഭക്ഷണ കൗണ്ടറുകള്‍ എന്നിവയുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ശുചിത്വമിഷന്‍ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ചില പഞ്ചായത്തുകളില്‍ എംഎല്‍എ ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്.