കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ പ്രവേശനം – അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ (ആണ്‍/പെണ്‍) ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക, മറ്റര്‍ഹ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച കോഴ്സിന്റെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ഓഫ്ലൈന്‍ ക്ലാസ്സ് സംബന്ധിച്ച് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. പഠിക്കുന്ന സ്ഥാപനത്തില്‍ ഹോസ്റ്റലുണ്ടെങ്കില്‍ അവിടെ സീറ്റില്ലെന്ന് ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം ഹാജരാക്കണം.

കഴിഞ്ഞ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചിട്ടും പ്രവേശനം ലഭിക്കാത്തവരും ഈ അധ്യയന വര്‍ഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 23ന് വൈകീട്ട് അഞ്ച് മണിവരെ. അപേക്ഷ ഫോം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0495 2370379, 2370657.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് II (കാറ്റഗറി നം. 454/16) തസ്തികയുടെ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 2021 ആഗസ്റ്റ് അഞ്ച് മുതല്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അവസാനിച്ചു.

മത്സ്യ വിളവെടുപ്പ് നടത്തുന്നു

കോഴിക്കോട് മലബാര്‍ ബൊട്ടോണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസില്‍ മത്സ്യ വിളവെടുപ്പ് നടത്തുന്നു. ബയോഫ്ളോക് സംവിധാനം ഉപയോഗിച്ച് വളര്‍ത്തിയ ചിത്രലാട മത്സ്യങ്ങളെയാണ് വിളവെടുക്കുന്നത്. താല്‍പര്യമുളളവര്‍ക്ക് 7594845698 ഫോണ്‍ നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഒക്ടോബര്‍ പന്ത്രണ്ടിനാണ് വിളവെടുപ്പ്. ഒരു കിലോ മത്സ്യത്തിന് 225 രൂപയാണ്. 10 മണി മുതല്‍ വിപണനവും ഉണ്ടായിരിക്കും.

അപേക്ഷ ക്ഷണിച്ചു

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് മെറിറ്റ്, മാനേജ്മെന്റ് സീറ്റിലേക്ക് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്ക് രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു, ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. അപേക്ഷാര്‍ത്ഥികള്‍ക്ക് 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 5 വര്‍ഷം, മറ്റു പിന്നോക്കവിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഇളവ് അനുവദിക്കും. ഈ ഗ്രാന്റ് വഴി പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 20 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734-296496, 8547126028.

കണ്‍സള്‍ട്ടന്റ് സൈക്യാട്രി ഒഴിവ്

കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) കണ്‍സള്‍ട്ടന്റ് സൈക്യാട്രി തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവുണ്ട്. യോഗ്യത: എം.ബി.ബി.എസ് വിത്ത് ടിസിഎംസി രജിസ്ട്രേഷന്‍, പി.ജി/ഡിഗ്രി/ഡിപ്ലോമ ഇന്‍ സൈക്യാട്രി. ശമ്പളം: 1750 രൂപ ദിവസവേതനം. പ്രായം: 18-41 years as on 0112021.
യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 20 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് ജനറല്‍ ഐ.ടി.ഐയില്‍ വയര്‍മാന്‍, മെക്കാനിക്ക് കണ്‍സ്യുമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ്, ഫിറ്റര്‍ ട്രേഡുകളില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നീ ക്രമത്തില്‍: വയര്‍മാന്‍ (2) – ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍/ഇലക്ട്രികല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിഗ്രി ഇന്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

മെക്കാനിക്ക് കണ്‍സ്യുമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ് (1) ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്് എഞ്ചിനീയറിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിഗ്രി ഇന്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഫിറ്റര്‍ (1) – ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിഗ്രി ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഗസ്റ്റ് ഇന്‍സ്ട്രെക്ടര്‍ അഭിമുഖം നാളെ (ഒക്ടോബര്‍ 12) രാവിലെ 11 മണിക്ക് കോഴിക്കോട് ഐ.ടി.ഐ യില്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍: 0495-2377016.

ഇംഗ്ലീഷ് ഗസ്റ്റ് ലെക്ചര്‍ ഒഴിവ്

കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ് ) പാസ്സായവരും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റില്‍ തയ്യാറാക്കിയിട്ടുള്ള അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പെട്ടവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 13 നു ബുധനാഴ്ച രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കൂടികാഴ്ചക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0495 2320694.

പോളിടെക്നിക് കോളേജില്‍ പ്രവേശനം

പോളിടെക്നിക് കോളേജ് പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്ട്രേഷന്‍ ചെയ്ത വടകര മോഡല്‍ പോളിടെക്നിക് കോളേജിലെ ബയോമെഡിക്കല്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ സ്ലിപ്പ്, അനുബന്ധ രേഖകള്‍, ആദ്യ ഗഡു ഫീസ്് 9100 രൂപ എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം നാളെ (ഒക്ടോബര്‍ 12) രാവിലെ 11 മണിക്കകം കോളേജില്‍ ഹാജരാകണം. കോളേജില്‍ നേരിട്ട് സ്‌പോട്ട് അഡ്മിഷന്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ 13ന് രാവിലെ 11 മണിക്കകം രക്ഷിതാവിനോടൊപ്പം അനുബന്ധ രേഖകള്‍, ആദ്യ ഗഡു ഫീസ് 9100 രൂപ എന്നിവ സഹിതം കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മീറ്റിംഗ് 27 ന്

റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മീറ്റിംഗ് ഓണ്‍ലൈന്‍ വഴി ഒക്ടോബര്‍ 27 ന് രാവിലെ 10.30ന് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി

കോഴിക്കോട് വനം ഡിവിഷന് കീഴില്‍ രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന അര്‍ഹരായ കുടുംബങ്ങളില്‍ സ്വയം പുനരധിവാസത്തിന് താല്‍പര്യമുള്ള വ്യക്തികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ആവശ്യമായ രേഖകള്‍ സമ്മതപത്രം സഹിതം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ താമരശ്ശേരി, പെരുവണ്ണാമൂഴി, കുറ്റ്യാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് ഒക്ടോബര്‍ 28 നകം സമര്‍പ്പിക്കണം.

ഐ.സി.ഡി.എസ് പ്രദര്‍ശനമേള സംഘടിപ്പിച്ചു

സംയോജിത ശിശുവികസന പദ്ധതി (ഐ.സി.ഡി.എസ്) കോഴിക്കോട് അര്‍ബന്‍ II
സംഘടിപ്പിച്ച പ്രദര്‍ശന മേള സബ് കലക്ടര്‍ വി ചെല്‍സസിനി ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസിന്റെ 46ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കലക്ടറേറ്റ് അങ്കണത്തില്‍ പ്രദര്‍ശനം നടത്തിയത്.

വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ പോസ്റ്ററുകള്‍, ലഘുലേഖകള്‍, അങ്കണവാടികളിലൂടെ കുട്ടികള്‍ക്ക് നല്‍കുന്ന അനുപൂരക പോഷകാഹാര വിഭവങ്ങള്‍, പാഴ്‌വസ്തുക്കളില്‍ നിന്നുമുണ്ടാക്കിയ വിവിധ പ്രീ-സ്‌കൂള്‍ പഠനോപകരണങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനുണ്ടായത്.

ഐ.സി.ഡി.എസ്, അര്‍ബന്‍ II പ്രോജക്ടിന് കീഴിലുള്ള 140 അങ്കണവാടിയിലെ വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും പ്രീ സ്‌കൂള്‍ കുട്ടികളുടെ അമ്മമാരും ഉണ്ടാക്കിയ പ്രദര്‍ശന വസ്തുക്കളാണ് പ്രദര്‍ശനത്തിനെത്തിയത്.

സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, ക്ഷേമം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി നിരവധി സേവന പദ്ധതികള്‍ വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതികളുടെ ഗുണങ്ങളും ആനുകൂല്യങ്ങളും അനേകം ആളുകളിലേക്ക് എത്തിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കാത്തതോ ഇവയെക്കുറിച്ച് അറിയാത്തതുമായ മുഴുവന്‍ പേരിലേക്കും പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ എത്തിക്കുകയാണ് ഈ പ്രദര്‍ശനം വഴി ലക്ഷ്യമിടുന്നത്.

പരിപാടിയില്‍ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുല്‍ ബാരി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ എസ്.എസ് ഈശ്വരി, ടി.വൈ സ്മിത, ടി നസ്‌റീന, ജസി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍ ഇന്‍ ചാര്‍ജും ശിശു വികസന പ്രോജക്ട് ഓഫീസറുമായ ലേഖ വിശദീകരണം നടത്തി.

ലോക മാനസികാരോഗ്യ ദിനാചരണം – ജില്ലാതല ഉദ്ഘാടനം നടത്തി

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. നിര്‍വഹിച്ചു. മാനസികാരോഗ്യത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുകയും മാനസിക രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടാന്‍ ആളുകളെ സന്നദ്ധരാക്കുകയും മാനസിക രോഗമുള്ളവര്‍ക്ക് രോഗത്തെ മറികടക്കുന്നതിനാവശ്യമായ സാമൂഹിക പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.അസമത്വ ലോകത്തിലും മാനസിക ആരോഗ്യം ഉറപ്പാക്കാം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ വിഷയം. മാനസികാരോഗ്യ പരിചരണം എല്ലാവര്‍ക്കും: നമുക്കത് യാഥാര്‍ത്ഥ്യമാക്കാം എന്നതാണ് ദിനാചരണ മുദ്രാവാക്യം.

ചടങ്ങില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള ഹൈജീന്‍ കിറ്റുകളും മാസ്‌കുകളും ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറി. ദിനാചരണത്തിന്റെ ഭാഗമായി എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വീഡിയോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി രമേശന്‍, അഡി.ഡി. എം.ഒ ഡോ. രാജേന്ദ്രന്‍ എന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മോഹന്‍ദാസ് ടി, കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റുമാരായ ഡോ. അബ്ദുല്‍ സാദിഖ് എന്‍.കെ, ഡോ.ശിവദാസന്‍ കെ.കെ, ഡോ. അനുശ്രീ വി.പി, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സന്ദീഷ് പി.ടി എന്നിവര്‍ സംസാരിച്ചു

ഒക്ടോബര്‍ 10 മുതല്‍ 13 വരെ കോഴിക്കോട് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് മാനസികാരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് വിഷാദം: ഒരു ശാരീരിക രോഗം, കൗമാരക്കാര്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം, അസമത്വ ലോകത്തും മാനസികാരോഗ്യം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 11ന് 2017 ലെ മാനസികാരോഗ്യ നിയമം: മാനസിക രോഗമുള്ളവരുടെ അവകാശങ്ങള്‍, ഇന്റര്‍നെറ്റ് അടിമത്വം എന്നീ വിഷയങ്ങളിലും ക്ലാസുകള്‍ നടത്തി. ഒക്ടോബര്‍ 12ന് ശൈശവ മനോരോഗ ചികിത്സാ ശാസ്ത്രം – ഒരു പരിചയം, ബൈപോളാര്‍ വിഷാദ രോഗീ, യുവത്വവും ആരോഗ്യ സുസ്ഥിതിയും എന്നീ വിഷയങ്ങളിലും ഒക്ടോബര്‍ 13ന് ആത്മഹത്യ: കോവിഡ് മഹാമാരിക്കാലത്ത്, മാനസികാരോഗ്യത്തെ മനസ്സിലാക്കാം, മനശ്ശാസ്ത്ര പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിലും ക്ലാസുകള്‍ ഉണ്ടാകും. എല്ലാ ക്ലാസുകളും രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ്.

ഭാസുര: ജില്ലാതല ഉദ്ഘാടനം നാളെ

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ഗോത്രവര്‍ഗ മേഖലയില്‍ നടപ്പാക്കുന്ന ഭാസുര എന്ന പേരിലുള്ള ഗോത്രവര്‍ഗ വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 12) രാവിലെ 10.30 ന് കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ സാംസ്‌കാരിക നിലയത്തില്‍ നടത്തും. ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ബയോമെഡിക്കല്‍ ടെക്നീഷ്യന്‍: കൂടിക്കാഴ്ച 21ന്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ബയോമെഡിക്കല്‍ ടെക്നീഷ്യനായി ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനം ലഭിക്കുന്നതിനായി കൂടികാഴ്ച നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 21ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഓഫീസില്‍ ഹാജരാവണം.

യോഗ്യത – ബി ടെക്/ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്/മെഡിക്കല്‍ ഇലക്ട്രോണിക്്സ്. ഒന്നര വര്‍ഷത്തെ മെഡിക്കല്‍ ഉപകരണങ്ങളുടെ സര്‍വീസ് പരിചയം അഭികാമ്യം. പ്രതിമാസ വേതനം 15,000 രൂപ. വൈകിയെത്തുന്നതോ അപൂര്‍ണമായ രേഖകള്‍ സമര്‍പ്പിക്കുന്നതോ ആയ ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ചയ്ക്ക് പരിഗണിക്കുന്നതല്ല.