കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള അറിയിപ്പുകൾ വായിക്കാം.

വന്യജീവി വാരാഘോഷം – വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ എല്‍.പി/യു.പി/ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി, എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍ ഒക്ടോബര്‍ ആറിന് ഓണ്‍ലൈന്‍ ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ 8547603871/8592946408 എന്ന നമ്പറില്‍ വാട്സ്ആപ്പ് നമ്പര്‍ സഹിതം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

ടെണ്ടര്‍ /റീ ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍നിന്നും ടെണ്ടര്‍ /റീ ഇ- ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയ്യതി ഒക്ടോബര്‍ 13. വൈകീട്ട് അഞ്ച് വരെ. വിവരങ്ങള്‍ e-tenderskerala.gov.in ല്‍ ലഭ്യമാണ്.

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സന്ദര്‍ശനത്തിന് അനുമതി

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സന്ദര്‍ശകരെ അനുവദിക്കാതിരുന്ന കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിൽ സന്ദര്‍ശകരെ അനുവദിച്ചുവെന്ന് ഡയറക്ടര്‍ അറിയിച്ചു. സന്ദര്‍ശകള്‍ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായും പാലിക്കണം. സന്ദര്‍ശന സമയം രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് വരെ.

യുവജന കമ്മീഷന്‍ മെഗാ അദാലത്ത് 4ന്

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ നാലിന് രാവിലെ 11 മണി മുതല്‍ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ മെഗാ അദാലത്ത് നടത്തുന്നു. 18 വയസിനും 40 വയസിനും മധ്യേയുള്ളവര്‍ക്ക് സ്ത്രീധനം/ ഗാര്‍ഹിക പീഡനം സംബന്ധിച്ച് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.

വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ നാലിന് രാവിലെ 10.30 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

സെയില്‍സ് കണ്‍സള്‍ട്ടന്റ് (യോഗ്യത: ബിരുദം, ഡ്രൈവിംഗ് ലൈസന്‍സ്), റിസപ്ഷനിസ്റ്റ്, കസ്റ്റമര്‍ റിലേഷന്‍സ് എക്സിക്യൂട്ടീവ്, ടീം ലീഡര്‍ (യോഗ്യത: ബിരുദം), പി.ഡി.ഐ (ഓട്ടോമൊബൈല്‍) ട്രെയിനി ടെക്നീഷ്യന്‍ (യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം), അക്കൗണ്ടന്റ് (ബി,കോം+ടാലി), ടെലി മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്, ഓപ്പണ്‍ മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്, കലക്ഷന്‍ എക്സിക്യൂട്ടീവ്, ഫീല്‍ഡ് അസിസ്റ്റന്റ് (യോഗ്യത: പ്ലസ്ടു), വെബ് ഡിസൈനര്‍ (യോഗ്യത: വേര്‍ഡ്പ്രസ്സ് പി.എച്ച്.പി), ഡി.ടി.പി ഓപ്പറേറ്റര്‍ (യോഗ്യത: ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് പരിജ്ഞാനം), മൊബൈല്‍ ആപ്പ് ഡവലപ്പര്‍ (യോഗ്യത: ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, ഫ്ള്യൂട്ടര്‍), മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ് (അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം) തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176.

അപ്രിന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റില്‍ പങ്കെടുക്കാം

2021 ഏപ്രില്‍ 15 നോ അതിനുമുമ്പോ അപ്രിന്റീസ്ഷിപ്പ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് 111 ാമത് അപ്രിന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റില്‍ പങ്കെടുക്കാമെന്ന് ഡി.ജി.ടി അറിയിച്ചു. ട്രെയിനികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുളള സൗകര്യം apprenticeshipindia.org പോര്‍ട്ടലില്‍ ഒക്ടോബര്‍ 12 വരെ ലഭ്യമാണ്. ട്രെയിനികള്‍ നിശ്ചിത തിയ്യതിക്കകം ഓണ്‍ലൈന്‍ പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കുകയും സ്ഥാപനമേധാവികള്‍ തങ്ങളുടെ കീഴിലെ എല്ലാ ട്രെയിനികളും ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പുവരുത്തേണ്ടതുമാണ്.

അപ്രന്റീസ് പരിശീലനത്തിന് അവസരങ്ങള്‍

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ നാലിന് നടത്താനിരുന്ന അപ്രന്റീസ് മേളയോടനുബന്ധിച്ച് 600 ല്‍ പരം സെക്ടറുകളില്‍ അപ്രന്റീസ് പരിശീലനത്തിന് അവസരങ്ങള്‍ നല്‍കുന്നു. ജില്ലയിലുളള എല്ലാ ഗവണ്‍മെന്റ്, എസ്സിഡിഡി, പ്രൈവറ്റ് ഐ.ടി.ഐ കളില്‍ നിന്നും ഐ.ടി.ഐ പാസായ മുഴുവന്‍ ട്രെയിനികളും അപ്രിന്റീസ് ട്രെയിനിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. (apprenticeshipindia.org>Register>Candidate). എല്ലാ തൊഴില്‍ സ്ഥാപനമേധാവികളും സ്ഥാപനത്തെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും അപ്രന്റീസ് ട്രെയിനികളെ നിയമിക്കുകയും പരമാവധി ഓണ്‍ലൈന്‍ കോണ്‍ട്രാക്ടുകള്‍ ഒപ്പ് വെച്ച് അപ്രിന്റീസ് മേളയെ വന്‍വിജയമാക്കി തീര്‍ക്കുന്നതിനും സഹകരിക്കണമെന്ന് ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495 2370289.

അതിഥി അധ്യാപക നിയമനം

മങ്കട ഗവ. കോളേജില്‍ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇഗ്ലീഷ് വിഭാഗത്തിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ അഞ്ചിനും എക്കണോമിക്സ് വിഭാഗത്തിലേക്കുള്ള അഭിമുഖം ആറിനും നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുമുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി 10 മണിക്ക് നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04933-202135.

ടെണ്ടര്‍ മാറ്റി

അത്തോളി ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കും എല്‍എസ്ജിഡിയ്ക്ക് വാഹനം ലഭിക്കുന്നതിനും ഒക്ടോബര്‍ നാലിന് നടത്താനിരുന്ന ടെണ്ടര്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഒക്ടോബര്‍ ഏഴിലേക്ക് മാറ്റിയതായി അസി.എഞ്ചിനീയര്‍ അറിയിച്ചു. ടെണ്ടര്‍ ഫോറം നല്‍കുന്ന അവസാന തീയതി ഒക്ടോബര്‍ ഏഴിന് രാവിലെ 10 മുതല്‍ ഉച്ച 12 വരെ.

അഡ്മിഷന്‍ നടത്തുന്നു

ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായി കോഴിക്കോട് ജില്ലയിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ളതും ഗവ. വനിതാ പോളിടെക്‌നിക് കോളേജ് ജില്ലയിലേക്ക് ഓപ്ഷന്‍ നൽകിയിട്ടുള്ളതുമായ വിദ്യാര്‍ഥിനികള്‍ക്ക് ഒക്ടോബര്‍ അഞ്ചിന് കോളേജില്‍ വച്ച് അഡ്മിഷന്‍ നടത്തുന്നു. രാവിലെ 10 ന് പ്ലസ് ടു/വിഎച്ച്എസ് ഇ ക്വാട്ട. ജനറല്‍- റാങ്ക് 413 വരെ.

ഫീസ് : എസ് സി/എസ്ടി/ഒ.ഇ.സി വിഭാഗക്കാര്‍ -കോഷന്‍ ഡെപ്പോസിറ്റ് -1000 രൂപ (ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്മുഖേന ) എസ് സി/എസ്ടി/ഒ.ഇ.സി വിഭാഗം ഒഴികെയുള്ള ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ സ്‌പെഷ്യല്‍ ഫീസ് -10,000 രൂപ (DEBIT/CREDIT കാര്‍ഡ്മുഖേന ), കോഷന്‍ ഡെപ്പോസിറ്റ്- 1000 രൂപ (ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്മുഖേന ) പിടിഎ ഫണ്ട് – 1500 രൂപ,

എസ് സി/എസ്ടി/ഒ.ഇ.സി വിഭാഗം ഒഴികെയുള്ള ഒരു ലക്ഷത്തില്‍ മുകളില്‍ വരുമാനമുള്ളവര്‍ സ്‌പെഷ്യല്‍ ഫീസ് -10,000 രൂപ (ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്മുഖേന ) കോഷന്‍ ഡെപ്പോസിറ്റ്- 1000 രൂപ (ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്മുഖേന ),മറ്റു ഫീസുകള്‍-2780 രൂപ (ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്മുഖേന )പിടിഎ ഫണ്ട് – 1500 രൂപ.

ഗാന്ധിജയന്തി വാരാഘോഷം- ഖാദിക്ക് പ്രത്യേക ഇളവുകള്‍

ഗാന്ധിജയന്തിയോടനുബന്ധിച്ചു ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. ഖാദി കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ പ്രത്യേക റിബേറ്റ് ഒക്ടാബര്‍ ഒന്ന് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അനുവദിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബാര്‍ഡിന്റെ കീഴില്‍ കോഴിക്കാട് ചെറൂട്ടി റോഡിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിലും, ബാലുശ്ശേരി അറപ്പീടിക, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ ഉള്ള ഷോറൂമുകളിലും ഖാദി വസ്ത്രങ്ങളുടെ വൈവിധ്യ ശേഖരം ഒരുക്കിയതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് തുറമുഖ പരിധിയിലുളള കസ്റ്റംസ് റോഡിലെ തുറമുഖ ഗോഡൗണിന്റെ കിഴക്കേ അറ്റത്തുളള മുറി ഒരു വര്‍ഷത്തേക്ക് പ്രതിമാസ ലൈസന്‍സ് ഫീസടിസ്ഥാനത്തില്‍ നല്‍കുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 13 ഉച്ച 12 മണി വരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0495 2414863 2414039.

ക്ലീന്‍ ഇന്ത്യ ക്യാംപയിന് തുടക്കമായി

ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി നടത്തുന്ന ക്ലീന്‍ ഇന്ത്യ ക്യാംപയിനിന്റെ ഉദ്ഘാടനം കോഴിക്കോട് ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി നിര്‍വഹിച്ചു. അസി.കലക്ടര്‍ മുകുന്ദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ സനൂപ് സി, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോര്‍ഡിനേറ്റര്‍ ഷാഫി പുല്‍പ്പാറ, ഗവ. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ. സി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി നെഹ്റു യുവ കേന്ദ്ര വളണ്ടിയേഴ്സും നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയേഴ്സും ചേര്‍ന്ന് ഗവ. മാനസികാരോഗ്യ കേന്ദ്രം ശുചീകരിച്ചു. ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ ഇന്ത്യ കമ്പനി, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്ലീന്‍ ഇന്ത്യ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്.

തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും – മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം വകുപ്പ് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകനാര്‍കാവ് പൈതൃക ടൂറിസം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ആപ്പില്‍ ലോകനാര്‍കാവിനേയും പയംകുറ്റിമലയേയും ഉള്‍പ്പെടുത്തും. പൈതൃക ടൂറിസവുമായി ബന്ധപ്പെട്ട് നിലവിലെ ലോകനാര്‍കാവിലെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കും. വിനോദ സഞ്ചാര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് കോടി 60 ലക്ഷം രൂപ ഭരണാനുമതിയായിട്ടുണ്ട്. ക്ഷേത്ര സംസ്‌ക്കാര പാരമ്പര്യത്തില്‍ ലോകനാര്‍കാവ് മുന്‍പന്തിയിലാണ്. പാരമ്പര്യത്തിനൊത്ത പ്രാധാന്യം ലോകനാര്‍കാവിന് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി , വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുള കെ.കെ, വിനോദ സഞ്ചാര വകുപ്പ് ജോ.ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.