കോരപ്പുഴയില്‍ നിന്ന് നിക്കം ചെയ്യുന്ന ചെളിയും മണലും സൂക്ഷിക്കാന്‍ സ്ഥലം കണ്ടെത്താന്‍ ജലസേചന വകുപ്പിന് ഹൈക്കോടതിയുടെ നിര്‍ദേശം


എലത്തൂര്‍ :കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി പുഴയില്‍നിന്ന് നീക്കംചെയ്യുന്ന ചെളിയും മണലും സൂക്ഷിക്കാന്‍ സ്ഥലം കണ്ടെത്തി രേഖകള്‍ ഹാജരാക്കാന്‍ ജലസേചനവകുപ്പിന് കോടതി നിര്‍ദേശം നല്‍കി. ടെന്‍ഡര്‍ വിളിച്ച കമ്പനി നല്‍കിയ സ്വകാര്യ അന്യായത്തില്‍ ഹൈക്കോടതിയുടെ സിംഗിള്‍ബെഞ്ചാണ് ഇടക്കാലയുത്തരവ് പുറപ്പെടുവിച്ചത്.

വ്യവസ്ഥകള്‍ ജലസേചനവകുപ്പ് പാലിക്കുന്നില്ലെന്ന് കാണിച്ച് കരാര്‍ ഉറപ്പിക്കാതെ കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. നീക്കം ചെയ്യേണ്ട മണലും ചെളിയും സൂക്ഷിക്കാനുള്ള ഭൂമിയെ സംബദ്ധിച്ച് കരാറില്‍ വ്യക്തതതയില്ലെന്നാണ് കമ്പനി കോടതിയില്‍ ബോധിപ്പിച്ചത്. കരാര്‍ ഒപ്പിടുന്നവ്യവസ്ഥയില്‍ നിര്‍ദിഷ്ടഭൂമി വിട്ടുനല്‍കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നില്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

കോരപ്പുഴ റെയില്‍വേ പാലംമുതല്‍ അഴിമുഖംവരെ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കി പുഴയുടെ സ്വാഭാവികത വീണ്ടെടുക്കാനാണ് പദ്ധതി വന്നത്. 2 ലക്ഷം ക്യുബിക് മീറ്റര്‍ മണലും ചെളിയുമാണ് ഇവിടെ നിന്ന് നീക്കം ചെയ്യാനുള്ളത്. ഇവ സൂക്ഷിക്കാന്‍ അഴിമുഖത്ത് ഒന്നരഹെക്ടര്‍ പുറമ്പോക്കുഭൂമി ഇതിനായി കണ്ടെത്തിയിരുന്നു. ഭൂമിയിതുപോരെന്ന വാദവും കരാര്‍ കമ്പനി ഉന്നയിക്കുന്നുണ്ട്.

ജലസേചനവകുപ്പിനെതിരേ ഇത് രണ്ടാംതവണയാണ് ടെന്‍ഡര്‍വിളിച്ച കമ്പനി കോടതിയെ സമീപിക്കുന്നത്. ടെന്‍ഡര്‍ വിളിച്ചതിനുശേഷം കരാര്‍ ഉറപ്പിക്കുന്നഘട്ടത്തില്‍ സെക്യൂരിറ്റി തുകയില്‍ സര്‍ക്കാര്‍ വര്‍ധന വരുത്തിയതിനെ ചോദ്യംചെയ്താണ് ആദ്യതവണ കമ്പനി കോടതിയെ സമീപിക്കുന്നത്. കോടതി വിധി കമ്പനിക്കനുകൂലമായിരുന്നു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക