കോരപ്പുഴയുടെ ആഴം കൂട്ടുന്നതിൽ അനിശ്ചിതത്വം


കൊയിലാണ്ടി: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ അവലോകന യോഗത്തിൽ പങ്കെടുക്കാതെ ടെൻഡർ വിളിച്ച കമ്പനി വിട്ടുനിന്നതോടെ യോഗം മുടങ്ങി. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സതേൺ ഡ്രഡ്ജിങ് കമ്പനിയാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്.

ജലസേചന വകുപ്പിനെതിരേ കരാർ കമ്പനി രണ്ടുതവണ ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്ത സാഹചര്യത്തിലാണ് കരാർ കമ്പനി പ്രതിനിധികൂടി പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം കളക്ടർ വിളിച്ചത്. ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ ഷാലു സുധാകരനും മറ്റ് ഉദ്യോഗസ്ഥരും പ്രവൃത്തി നടത്തിപ്പിനായുള്ള കർമ പദ്ധതിയുമായെത്തിയെങ്കിലും യോഗംചേരാതെ പിരിഞ്ഞു. കളക്ടർ അടുത്തദിവസം കരാർ കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തുമെന്നാണ് സൂചന.

പുഴയിൽനിന്ന് നീക്കേണ്ട ചെളിയും മണലും സൂക്ഷിക്കുന്ന സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കാൻ കോടതി ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ട സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുക്കുന്നത് നിയമപരമായി ശരിയല്ലെന്ന് കമ്പനി പ്രതിനിധി ബിജു നാരായണൻ അറിയിച്ചു.

കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുമ്പോൾ നീക്കം ചെയ്യേണ്ട ചെളിയും മണലും സൂക്ഷിക്കാൻ അഴിമുഖത്തോട് ചേർന്ന് കൂടുതൽ പുറമ്പോക്ക് ഭൂമി കണ്ടെത്താൻ പരിശോധന നടത്തി. ഡെപ്യുട്ടി കളക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥ സംഘമാണ് മേഖലയിൽ പരിശോധന നടത്തിയത്. ഏഴ്‌ ഹെക്ടറോളം വരുന്ന ഭൂമി കണ്ടെത്തിയിട്ടുണ്ട്. അനിശ്ചിതത്വത്തിലായ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചുചേർത്ത യോഗതീരുമാനപ്രകാരമാണ് ഭൂമി കണ്ടെത്തിയത്.

കോരപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന എലത്തൂർ അഴിമുഖത്ത് മണ്ണും ചെളിയും നിറഞ്ഞ് കോരപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. നിറഞ്ഞുകിടക്കുന്ന ചളിക്കു മുകളിൽ പലയിടത്തും 35 സെന്റീമീറ്റർ ആഴത്തിലേ ഇപ്പോൾ വെള്ളമുള്ളൂ. അതേസമയം, കോരപ്പുഴപ്പാലത്തെ താങ്ങിനിർത്തുന്ന കരിങ്കൽക്കെട്ട് വെള്ളത്തിനടിയിലേക്ക് നീണ്ടുകിടക്കുന്നത് ഇരുപത് അടിയോളമാണ്. അപ്പോഴറിയാം കോരപ്പുഴയിൽ നിറഞ്ഞിരിക്കുന്ന ചളിയുടെ വ്യാപ്തി.

കോരപ്പുഴയിലെ മണ്ണും മാലിന്യങ്ങളും നീക്കംചെയ്യുന്നതിന് മുമ്പ് ആലോചനകളും പദ്ധതികളും പലതും വന്നെങ്കിലും അതെല്ലാം സാങ്കേതികക്കുരുക്കിൽ തട്ടി വഴിമാറിപ്പോവുകയാണുണ്ടായത്. എന്നാൽ, ഇപ്പോൾ 3.75 കോടി രൂപയുടെ പദ്ധതിനിർദേശം സർക്കാർതലത്തിൽനിന്നുണ്ടായത് കോരപ്പുഴ വാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. മന്ത്രി എ.കെ.ശശീന്ദ്രൻ, കൊയിലാണ്ടി, ബാലുശ്ശേരി എം.എൽ.എ.മാരായ കെ. ദാസൻ, പുരുഷൻ കടലുണ്ടി, കോരപ്പുഴ സംരക്ഷണസമിതി എന്നിവരുടെയൊക്കെ ഇടപെടലും ശ്രമവുമാണ് പുതിയ പദ്ധതിക്ക് വഴിതുറന്നത്. പദ്ധതി തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.