കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് അന്തരിച്ചു


തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. 61 വയസായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രാത്രി 7.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസംബര്‍ 11 നാണ് എംഎല്‍എയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തനായ ശേഷവും കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയായിരുന്നു. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അടിയന്തര ശസ്‌ക്രിയക്ക് എംഎല്‍എയെ വിധേയനാക്കിയിരുന്നു.

2011 മുതല്‍ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെ തോല്‍പ്പിച്ചാണ് വിജയദാസ് നിയമസഭയില്‍ എത്തിയത്. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പുലര്‍ച്ചെ 5 മണിക്ക് കോങ്ങാടേക്ക് കൊണ്ടുപോകുമെന്ന് ആശുപത്രി അധീകൃതര്‍ അറിയിച്ചു.