കൊല്ലത്ത് ലോട്ടറിയടിച്ചയാൾ കൊയിലാണ്ടി പോലീസില്‍ അഭയം തേടി; സഹായിച്ച് പോലീസ്


കൊയിലാണ്ടി: ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷംഅടിച്ച ബിഹാര്‍ സ്വദേശി കൂട്ടുകാരോടൊപ്പം കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു. ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പര്‍ ടിക്കറ്റുമായാണ് നാല്‍പ്പത്തൊന്നുകാരനായ ബീഹാര്‍ സ്വദേശി മുഹമ്മദ് സായിദ് കൂട്ടുകാരായ ആസാദുല്‍, മാനിറുല്‍ എന്നിവരുമായി ഇന്നു പുലര്‍ച്ചെ കൊയിലാണ്ടി സ്റ്റേഷനില്‍ അഭയം പ്രാപിച്ചത്.

കൊയിലാണ്ടി കൊല്ലത്തു നിന്നുമാണ് ഇയാള്‍ ടിക്കറ്റെടുത്തത്. 22 ഓളം ടിക്കറ്റുകള്‍ എടുത്തതായാണ് പറയുന്നത്.ഇതില്‍ ഒന്നിലാണ് സമ്മാനമടിച്ചത്. പാലക്കാട് ഷണ്‍മുഖ ഏജന്‍സിസിന്റെതാണ് സമ്മാനമടിച്ച ടിക്കറ്റ്.

വിവരമറിഞ്ഞാല്‍ മറ്റുള്ളവര്‍ തന്നെ അപായപ്പെടുത്തുമെന്ന ഭയമാണ് മുഹമ്മദ് സായിദിനെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കാന്‍ പ്രേരിപ്പിച്ചത്. മാത്രമല്ല ഞായറാഴ്ച ബാങ്ക് അവധിയും കാരണമാണെന്ന് മുഹമ്മദ് സായിദ് പറഞ്ഞു. നന്തി ലൈറ്റ് ഹൗസിനു സമീപമാണ് സായിദ് താമസിക്കുന്നത്. 12 വര്‍ഷമായി ഇവിടെ എത്തിയ സായിദ് കോണ്‍ക്രീറ്റ് പ്രവൃത്തി ചെയ്യുകയാണ്.

ടിക്കറ്റ് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാങ്ക് മാനേജര്‍മാരായി ബന്ധപ്പെട്ടെന്നും ഇന്ന് അവധിയായതിനാല്‍ നാളെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നാണ് ബാങ്ക് മാനേജര്‍മാര്‍ പറയുന്നതെന്ന് എസ്.ഐ.കെ.കെ.രാജേഷ് പറഞ്ഞു. ആവശ്യമായ സംരക്ഷണം നല്‍കുമെന്നും പോലീസ് പറഞ്ഞു. എസ്.ഐ.ബാബുരാജ്, ജി ഡി. ചാര്‍ജ് ഷൈബു നാഥന്‍, എന്‍.എം.സുനില്‍, കെ.ബിന്ദു, ഡ്രൈവര്‍ ബൈജുതുടങ്ങിയവര്‍ ഇവരുമായി സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക