കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിന് സാധ്യത


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ സുധ കിഴക്കെപ്പാട്ടിനെ ചെയർപേഴ്സനായി തിരഞ്ഞെടുക്കാൻ സാധ്യത. പതിനാലാം വാർഡിൽ നിന്നാണ് സുധ വിജയിച്ചത്. 2010 ലെ തിരഞ്ഞെടുപ്പിൽ ഇവർ നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സി പി ഐ എം കൊയിലാണ്ടി സെന്ററൽ ലോക്കൽ കമ്മറ്റി അംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവുമാണ് സുധ കിഴക്കെപ്പാട്ട്.

ഇരുപത്തിയെട്ടാം വാർഡിൽ നിന്നും വിജയിച്ച പ്രഭ ടീച്ചറെയും ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നിലവിലെ നഗരസഭ ചെയർമാൻ അഡ്വ:കെ.സത്യനാണ് സാധ്യത കൽപ്പിക്കുന്നത്. സി പി ഐ എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവും, ലോയേഴ്സ് യൂണിയൻ ജില്ല സെക്രട്ടറിയുമായ സത്യൻ വിദ്യാർത്ഥി -യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്.

നിലവിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അംഗമായ കെ.ഷിജു മാസ്റ്ററെയും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. സി പി ഐ എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവും, കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗവുമായ ഷിജു മാസ്റ്റർ ഇരുപത്തിയേഴാം വാർഡിൽ നിന്നാണ് വിജയിച്ചത്.

പത്താം വാർഡിൽ നിന്നും വിജയിച്ച സി പി ഐ ജില്ല കൌൺസിൽ അംഗം നേതാവ് ഇ.കെ.അജിത്ത് മാസ്റ്ററും, പത്തൊൻപതാം വാർഡിൽ നിന്നും വിജയിച്ച സി പി ഐ എം നടേരി ലോക്കൽ കമ്മറ്റി അംഗം ഇന്ദിര ടീച്ചറും സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാരാവാനും സാധ്യതയുണ്ട്.

കൊയിലാണ്ടി നഗരസഭയില്‍ ഇത് ആറാം തവണയാണ് ഇടതു മുന്നണി അധികാരം പിടിക്കുന്നത്. ആകെയുള്ള 44 ല്‍ 25 സീറ്റുകളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 16 വാര്‍ഡുകള്‍ യു ഡി എഫ് നേടി. എന്‍ ഡി എയ്ക്ക് മൂന്ന് സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളു. എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളായ 11, 22, 31 വർഡുകൾ യു ഡി എഫ്ഫും 36 ആം ബി ജെ പിയും പിടിച്ചെടുത്തു എങ്കിലും 25 സീറ്റുകൾ നേടി എൽ ഡി എഫ് ഭരണം നിലനിർത്തുകയായിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക