റോഡ് മുറിച്ചു കടക്കവെ ബസ് ഇടിച്ചു, ദേഹത്ത് കയറിയിറങ്ങി; കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


കൊയിലാണ്ടി: ദേശീയപാതയില്‍ നന്തിലത്ത് ജി മാര്‍ട്ടിനു സമീപം റോഡ് മുറിച്ചുകടക്കവെ ബസ് ഇടിച്ച യുവാവ് മരിച്ചു. കൊല്ലം കുന്നിയോറ മലയില്‍ ശരത് ആണ് മരണപ്പെട്ടത്. 35 വയസായിരുന്നു.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് നന്തിലത്ത് ജിമാര്‍ട്ടിനു മുന്നില്‍വെച്ച് ശരത്തിനെ ബസ് ഇടിച്ചത്. ദേശീയപാതയ്ക്ക് അരികില്‍ ബൈക്ക് നിര്‍ത്തിയശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടൈഗര്‍ എന്ന പേരിലുള്ള ബസ് ശരത്തിനെ ഇടിച്ച് തെറിപ്പിച്ചശേഷം ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെവെച്ചാണ് മരണം സ്ഥിരീകരിച്ചത്.

ശരത്ത് വേങ്ങേരി കൃഷി ഓഫീസില്‍ ജീവനക്കാരനാണ്. അച്ഛന്‍: ശിവദാസന്‍, അമ്മ: രമണി. ഭാര്യ: ആദിത്യ. മൂന്നുമാസം പ്രായമായ കുഞ്ഞുണ്ട്. സഹോദരി: ശരണ്യ.