കൊയിലാണ്ടി താലൂക്ക് ആശുപത്രി; പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു


കൊയിലാണ്ടി: ഗവ.താലൂക്ക് ആശുപത്രിക്കു വേണ്ടി പണിയുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പഴയ കെട്ടിടം പൊളിച്ചുമാറ്റി ഒമ്പതു നിലയില്‍ പണിയുന്ന കെട്ടിടത്തിന്റെ പ്രാദേശീയ ഉദ്ഘാടനം കെ.ദാസന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.

സംസ്ഥാന സർക്കാർ കിഫ്ബി വഴി അനുവദിച്ച 24 കോടി രൂപ വിനിയോഗിച്ചാണ് രണ്ട് നിലകളിലുള്ള ബൃഹദ് കെട്ടിടം പണിയുന്നത്. ഇപ്പോഴത്തെ ആറു നില കെട്ടിടത്തിന് വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്. പഴയ കെട്ടിടങ്ങൾ എല്ലാം തന്നെ പൊളിച്ചുമാറ്റാനുള്ള സർക്കാർ ഉത്തരവ് ലഭിച്ചു കഴിഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസിനാണ് നിർമ്മാണ ചുമതല.

ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഡോ.രാജന്‍.എന്‍.ഖോബ്രഗഡ, നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ, ഉപാധ്യക്ഷന്‍ കെ.സത്യന്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ഇ.കെ.അജിത്, കെ.ഷിജു, സി.പ്രജില, നഗരസഭാംഗം എ.അസീസ്, ഡോ. പി.പ്രതിഭ, കെ.കെ.മുഹമ്മദ്, വി.പി.ഭാസ്‌കരന്‍, എസ്.സുനില്‍മോഹന്‍, ഡോ. വി.ജയശ്രീ, ഡോ.എ.നവീന്‍, ടി.പി.ഉദയന്‍ എന്നിവര്‍ സംസാരിച്ചു.