കൊയിലാണ്ടിയില്‍ കുറുക്കന്റെ വിളയാട്ടം, അഞ്ച് പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: കുന്നോത്ത് മുക്കിലും നമ്പ്രത്തുകര, കൊല്ലം എന്നിവിടങ്ങളിലും കുറുക്കന്റെ വിളയാട്ടം. അഞ്ച് പേര്‍ക്കാണ് ഇന്ന് രാവിലെ കുറുക്കന്റെ കടിയേറ്റത്. ആളുകളെ ആക്രമിച്ചത് ഭ്രാന്തന്‍ കുറുക്കനാണ് എന്ന് നാട്ടുകാര്‍ പറയുന്നു.

എടക്കുളങ്ങര ദാക്ഷായണി, ലീല (58) കോതോളി മീത്തല്‍ മാധവി, രാജന്‍ (45), കല്ല്യാണി (75), ആരതി (16) എന്നിവരെയാണ് കുറുക്കന്‍ കടിച്ചത്. കുന്നോത്ത് മുക്കില്‍ നിന്ന് കുറുക്കന്റെ കടിയേറ്റ മൂന്ന് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരേയും ആദ്യം എത്തിച്ചത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലായിരുന്നു. ആരുടേയും നില ഗുരുതരമല്ല.

രാവിലെ എടക്കുളാര ദാക്ഷായണി അമ്മയെ കുറുക്കന്‍ ആക്രമിക്കുന്ന ബഹളംകേട്ട് ഓടിച്ചെന്നപ്പോഴാണ് കൊളാര ലീല അക്രമത്തിന് ഇരയായത്. തൊഴിലുറപ്പ് തൊഴിലാളിയായ മാധവിയെ രാവിലെ 11 മണിയോടെ വീട്ടുമുറ്റത്ത് വെച്ച് കുറുക്കന്‍ ആക്രമിച്ചു. വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ആളുകളെ കടിച്ച കുറുക്കനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.