കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു


തൊടുപുഴ: മലയാള ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് (48) മുങ്ങിമരിച്ചു. വൈകിട്ട് അഞ്ചരയോടെ തൊടുപുഴ മലങ്കര ജലാശയത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയാണ്.

ജോജു ജോര്‍ജ് നായകാനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായാണ് തൊടുപുഴയിലെത്തുന്നത്. ഷൂട്ടിങ് ഇടവേളയില്‍ അദ്ദേഹം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ജലാശയത്തിലേക്ക് ഇറങ്ങുകയായിരുന്നു. ആഴമുളള കയത്തിലേക്ക് അബദ്ധത്തില്‍ വീണു പോയെന്നാണ് വിവരം. അനിലിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി. ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നാടകത്തിലൂടെയാണ് മിനിസ്‌ക്രീനിലേക്കും പിന്നീട് സിനിമയിലേക്കും എത്തുന്നത്. മമ്മൂട്ടി നായകനായ തസ്‌കരവീരനാണ് ആദ്യ ചിത്രം. അയ്യപ്പനും കോശിയിലെ സി. ഐ സതീഷ് എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടി. അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാന്‍ സ്റ്റീവ് ലോപ്പസ്, മണ്‍റോതുരുത്ത്, ആമി, മേല്‍വിലാസം, ഇളയരാജ തുടങ്ങീ ശ്രദ്ധേമായ വേഷങ്ങള്‍ ചെയ്ത് ജനപ്രീതി നേടി.