കല്ലായിയില്‍ വന്‍ തീ പിടിത്തം; മൂന്ന് കടകള്‍ കത്തി നശിച്ചു


കോഴിക്കോട്: കല്ലായി ചക്കുംകടവില്‍ ഉണ്ടായ വന്‍ തീ പിടിത്തത്തില്‍ മൂന്ന് കടകള്‍ കത്തി നശിച്ചു. വൈകീട്ട് 3:15 ഓടെയായിരുന്നു അപകടം. ഫയര്‍ ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.

മൂന്ന് കടകള്‍ പ്രവര്‍ത്തിച്ചിരുന്ന പഴക്കമേറിയ കെട്ടിടത്തിനാണ് തീ പിടിച്ചതെന്ന് മീഞ്ചന്ത ഫയര്‍ ഫോഴ്‌സ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മസാലകളും പച്ചക്കറിയും വില്‍ക്കുന്ന കട, ഫ്രിഡ്ജ് സര്‍വ്വീസ് സെന്റര്‍, പഴയ മരം കച്ചവടം ചെയ്യുന്ന കട എന്നിവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.

മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റും കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്. മീഞ്ചന്ത ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ റോബി വര്‍ഗീസിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്.

ഇന്ന് മരക്കച്ചവടം നടത്തുന്ന കട മാത്രമാണ് പ്രവര്‍ത്തിച്ചത് എന്നതിനാല്‍ അവിടെ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. കെട്ടിടത്തിന് തൊട്ടു പിന്നിലായി വീടുകള്‍ ഉണ്ടായിരുന്നെങ്കിലും തക്ക സമയത്ത് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി.