കമ്പനിയില്‍ അടയ്ക്കാനുള്ള അഞ്ചര കോടിയുമായി ദുബായില്‍ നിന്ന് മുങ്ങി; കണ്ണൂര്‍ സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍


കണ്ണൂര്‍: ദുബായിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അഞ്ചരകോടി രൂപയുമായി മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി. പള്ളിക്കുന്ന് തളാപ്പിലെ ജുനൈദി (24)യാണ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ സി.എച്ച് നസീബും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ പുതിയങ്ങാടി സ്വദേശി റിസ്വാന്‍ ഒളിവിലാണ്.

ദുബായിയിലെ ഡിജിറ്റല്‍ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ ഒക്ടോബര്‍ നാലിന് സ്ഥാപനത്തിലെ കലക്ഷന്‍ തുകയായ അഞ്ചരകോടി രൂപ കമ്പനിയില്‍ അടയ്ക്കാതെ ഇരുവരും സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് ദുബായിയിലെ കമ്പനിയിലെ മാനേജര്‍ കണ്ണൂര്‍ തളാപ്പിലെ ബാദുഷ മന്‍സിലില്‍ വി.കെ അബ്ദുള്‍ വാസിഖ് (35) ഇന്ത്യന്‍ എംബസി മുഖേനെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

അബ്ദുള്‍ വാസിഖിന്റെ പരാതിയെ തുടര്‍ന്ന് കേസെടുത്ത ടൗണ്‍ പൊലിസ് പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച രാത്രിയോടെ തളാപ്പിലെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.