കണ്ണൂരില്‍ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


തളിപ്പറമ്പ്: പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പിലെ കുറ്റേരി വില്ലേജിലെ 19 കാരിയെയാണ് തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

2020ലാണ് പതിനേഴ് വയസിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി രാഹുല്‍ കൃഷ്ണയെ 2021 ഏപ്രില്‍ 13ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പെണ്‍കുട്ടിയ്ക്ക് വിവാഹവാഗ്ദാനം നല്‍കി അശ്ലീലദൃശ്യങ്ങള്‍ ശേഖരിക്കുകയും ഇതുപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

2021 മാര്‍ച്ചില്‍ ഇയാള്‍ പെണ്‍കുട്ടിയെ തളിപ്പറമ്പിലേക്ക് വിളിച്ചുവരുത്തി അവിടെ നിന്ന് കണ്ണൂര്‍ പയ്യാമ്പലത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി രാഹുല്‍ കൃഷ്ണയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നു.

ഇതില്‍ പ്രകോപിതനായ ഇയാള്‍ നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് നിരന്തരം സന്ദേശങ്ങളയക്കുകയും പെണ്‍കുട്ടി ഇത് അവഗണിച്ചതോടെ കുട്ടിയുടെ ബന്ധുവിന് ഈ ചിത്രങ്ങള്‍ അയച്ചുകൊടുത്തതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.