കടലില്‍ ചാടി യുവതി മരിച്ച സംഭവം; ദുരൂഹതയെന്ന് ബന്ധുക്കള്‍


കോഴിക്കോട്: കടലില്‍ ചാടി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മരിച്ച യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തിയത് സംബന്ധിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഒരു കുഞ്ഞിനും ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്ന യുവതി സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോകുന്നുണ്ടായിരുന്നു. അവിടെ നിന്നാണ് സ്വകാര്യ ദൃശ്യങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചത്. ഭീഷണി തുടര്‍ന്നതോടെ യുവാവിനെതിരെ പന്നിയങ്കര പൊലീസില്‍ യുവതി പരാതി നല്‍കി. ഇതേതുടര്‍ന്ന്, പീഡനക്കേസ് ചുമത്തി യുവാവിനെ 45 ദിവസം ശിക്ഷിച്ചു.

ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ യുവാവ് യുവതിയോട് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ ജീവിതം നശിച്ചെന്നും നാട്ടില്‍ ചീത്തപ്പേരുണ്ടായെന്നും യുവതി ഇയാളോട് പറഞ്ഞു. കേസ് പിന്‍വലിച്ച ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ചു തന്റെ കൂടെ വന്നാല്‍ താന്‍ സ്വീകരിക്കാമെന്ന് യുവാവ് ഉറപ്പ് നല്‍കി.

ഇതനുസരിച്ച് കേസും പിന്‍വലിച്ച് ഭര്‍ത്താവിനെയും ഉപേക്ഷിച്ചു യുവാവിന്റെ അടുത്തെത്തിയപ്പോള്‍ യുവാവ് വാക്ക് മാറി. ഇതേതുടര്‍ന്ന് യുവതി മനോവിഷമത്തിലായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. കൂടാതെ തന്റെ മരണത്തിനു ഉത്തരവാദി യുവാവാണെന്നും പറഞ്ഞ് വാട്‌സാപ് സ്റ്റാറ്റസും ഇട്ടിട്ടുണ്ട്.

കടലില്‍ ചാടിയ യുവതിയെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ആന്തരിക അവയങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പന്നിയങ്കര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുറ്റക്കാരനായ യുവാവിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക