കക്കോടിയില്‍ യുവാവ് പോലീസിന് കണ്‍മുന്നില്‍ തൂങ്ങി മരിച്ചു


കക്കോടി: കക്കോടിയില്‍ രാജേഷ് എന്ന 33 വയസ്സുകാരന്‍ പൊലീസിന്റെ കണ്‍മുന്നില്‍ തൂങ്ങിമരിച്ചു. ഇന്നലെയാണ് സംഭവം. രാവിലെ ആറ് മണിയോടെ രാജേഷ് പ്രദേശത്തെ ഒരു വീട്ടിലെത്തി. ഈ വീട്ടിലെ യുവതിയെ നേരത്തെ രാജേഷ് റജിസ്റ്റര്‍ വിവാഹം കഴിച്ചെങ്കിലും ബന്ധം വേര്‍പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സമീപത്തെ പ്ലാവില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. സംഭവം വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു. ചേവായൂര്‍ പൊലീസ് എത്തുകയും യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അഗ്‌നിരക്ഷാസേനയെയും അറിയിച്ചു.

ഈസമയം യുവാവ് താഴേക്കു ചാടുകയായിരുന്നു. കൈയിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പ്ലാവില്‍ കയറി രാജേഷിനെ താഴെ ഇറക്കി. ഒരു കേസില്‍ ജയിലില്‍ കഴിഞ്ഞ യുവാവ് അടുത്താണ് പുറത്തിറങ്ങിയത്.

എലത്തൂര്‍ പൊലീസിലെ ചിലരുടെ മോശം പ്രവര്‍ത്തനം ചോദ്യം ചെയ്ത് പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് യുവാവിന്റെ ആത്മഹത്യകുറിപ്പിലും ശബ്ദസന്ദേശത്തിലും പറയുന്നു. മോഷ്ടാവ് എന്ന് മുദ്രകുത്തിയതോടെ തനിക്ക് ഭാര്യയെ നഷ്ടമായതായും സന്ദേശത്തിലുണ്ട്.