ഓണ്‍ലൈന്‍ പഠനകാലത്തെ പഠനം, മെസേജ് മേലടി ശ്രദ്ധേയമാകുന്നു


പയ്യോളി: കോവിഡ് മഹാമാരി വിദ്യാഭ്യാസ രംഗത്ത് സൃഷ്ട്ടിച്ച പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ഗാത്മകവും നൂതനവുമായ മെസേജ് മേലടി എന്ന പാഠ്യ പദ്ധതി ആവിഷ്‌ക്കരിച്ചു ശ്രദ്ദേയമാകുകയാണ് മേലടി ഉപജില്ല.കോവിഡ് കാലത്ത് പഠനം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് വഴി മറിയാപ്പോള്‍ പുതിയ പഠന രീതിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു.

പാഠപുസ്തകങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് വിദ്യാലയത്തില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ ഓണ്‍ലൈന്‍ പഠനകാലത്ത് ലഭിക്കാതെ പോയി. ഈയൊരു പ്രതിസന്ധിയെ മറികടക്കാന്‍ പല നൂതന ആശയങ്ങളും പദ്ധതികളും സംസ്ഥാനത്തുടനീളം രൂപപ്പെട്ടിരുന്നു. ഇതില്‍ സവിശേഷമായ പദ്ധതിയാണ് മെസേജ് മേലടി(മേലടി സബ്ബ് ഡിസ്ട്രിക്ട് ഏജുകേഷണല്‍ പ്രോജക്ട് ഫോര്‍ സ്‌കൂള്‍ സ്റ്റുഡന്റസ് ടു അച്ചീവ് ഗോള്‍സ് ഓഫ് എജുക്കേഷന്‍).

മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വി.രാജീവന്റെ നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്,സര്‍വ്വ ശിക്ഷ കേരള എന്നിവയുടെ കൂട്ടായ മേല്‍നോട്ടത്തിലാണ് 2020 ജൂലായ് മാസത്തില്‍ ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. മേലടി ഉപജില്ലയിലെ 74 പൊതു വിദ്യാലയങ്ങളിലും പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഉപജില്ലാ-പഞ്ചായത്ത് തലത്തില്‍ വിഷയാടിസ്ഥാനത്തില്‍ അധ്യാപക കൂട്ടായ്മകള്‍ രൂപവല്‍ക്കരിച്ച് പഠനാസൂത്രണവും വിലയിരുത്തലും നടത്തിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.

വിക്ടോഴ്സ് ചാനല്‍ വഴിയുളള ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ക്ക് അനുബന്ധമായ പഠന വിഭവങ്ങള്‍ തയ്യാറാക്കി കുട്ടികള്‍ക്കെത്തിക്കുന്നു. ഓരോ വിദ്യാലയങ്ങള്‍ക്കും ക്ലാസ് റൂമുകള്‍ക്കും സുസജ്ജമായ സ്റ്റുഡിയോകള്‍,സ്‌കൂള്‍ തല തനത് പരിപാടികള്‍,നാടറിയാന്‍ നാടിനെയറിയാന്‍,മൈ ചൈല്‍ഡ്,സമ്പൂര്‍ണ്ണ ഹോം ലൈബ്രറി,മെസേജ് ബ്ലോഗ്,മെസേജ് യൂട്യൂബ് ചാനല്‍, ഓണ്‍ലൈന്‍ കലാ പഠനത്തിനായി സഞ്ചാരി വീഡിയോകള്‍, ഓണ്‍ലൈന്‍ സര്‍ഗ്ഗ സായാഹ്നങ്ങള്‍, ഗൃഹ സന്ദര്‍ശനം, മല്‍സര പരിക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന പ്രത്യേക ക്ലാസുകള്‍ തുടങ്ങിയ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നത്.

വ്യത്യസ്ഥ പഠന നിലവാരത്തിലുളള വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ രീതിയിലുളള പഠന പ്രവര്‍ത്തനങ്ങളാണ് ഇതു വഴി ആസൂത്രണം ചെയ്യുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ വീടുകളിലെത്തിയും അധ്യാപകര്‍ സഹായിക്കുന്നുണ്ട്. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികള്‍,അധ്യാപക സംഘടനകള്‍,സ്‌കൂള്‍ മാനേജ്മെന്റുകള്‍,പി.ടി.എ,എം.പി.ടി.എ,സ്‌കൂള്‍ സപ്പോര്‍ട്ടിംങ്ങ് ഗ്രൂപ്പുകള്‍, പ്രാദേശിക സാമൂഹിക സാംസ്‌ക്കാരിക കൂട്ടായ്മകള്‍ തുടങ്ങിയവ തോളോട് തോള്‍ ചേര്‍ന്ന് നിന്നതാണ് മെസേജ് പദ്ധതിയുടെ വിജയത്തിന് കാരണം.

വരും വര്‍ഷങ്ങളിലും തുടരുന്ന ഒരു ദീര്‍ഘകാല പദ്ധതിയായിട്ടാണ് മെസേജ് മേലടി ആസൂത്രണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം ചെയ്തു പഠിക്കാനുതകുന്ന ലഘുപരീക്ഷണശാലകളും, ലഘു ലൈബ്രറികളും ഒരുക്കി. കലാപഠനത്തിന്റെ ഭാഗമായി അറിയപ്പെടുന്ന നൃത്ത, ചിത്രകല, സംഗീത, പ്രവൃത്തിപരിചയ, അഭിനയ,കല അധ്യാപകരും പ്രതിഭകളെയും ഓണ്‍ലൈനിലൂടെ അണിനിരത്തി. എല്ലാ സ്‌കൂളുകളിലും വെള്ളിയാഴ്ച വൈകുന്നേരം ഓണ്‍ലൈന്‍ സര്‍ഗ്ഗസദസ്സുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.

മെസ്സേജ് മേലടി പദ്ധതിയുടെ ഭാഗമായി കണ്ണോത്ത് യു. പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഉറവ് രചനാ പുസ്തകം കീഴരിയുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല പ്രകാശനം ചെയ്തു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക