ഓടുന്ന കാറിന് പിന്നില്‍ വളര്‍ത്തുനായയെ കെട്ടിവലിച്ച് ഡ്രൈവറുടെ ക്രൂരത


കൊച്ചി: വളര്‍ത്തുനായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറോടിച്ച ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെതിരെ ഐപിസി 428,429 വകുപ്പുകള്‍ പ്രകാരം പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് നിയമപ്രകാരം കേസെടുത്തത്.

എറണാകുളം ചെങ്ങമനാട് അത്താണി ഭാഗത്ത് നിന്നും ഇന്ന് രാവിലെയാണ് സംഭവം. നായയുടെ കഴുത്തില്‍ കുരുക്കിട്ട ശേഷം ഡ്രൈവര്‍ കാര്‍ ഓടിച്ചുപോവുകയായിരുന്നു. കാറിന് പിന്നാലെ വന്ന യുവാവാണ് നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതോടെ സംഭവത്തില്‍ ചെങ്ങമനാട് പോലീസ് സ്വമേധയാ കേസെടുത്തു.

സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പും ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ലൈസന്‍സ് റദ്ദാക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വളര്‍ത്തുനായയെ കുടുംബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാലാണ് ഇത് ചെയ്യേണ്ടിവന്നതെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.