എയര്‍ ആംബുലന്‍സ് വഴി കൊവിഡ് രോഗിയെ വിദേശത്തു നിന്നും നാട്ടില്‍ എത്തിച്ചു


കോഴിക്കോട്: കോവിഡ് ബാധയെത്തുടര്‍ന്ന് ന്യൂമോണിയയും വന്നതോടെ വിദേശത്ത് താമസിച്ചിരുന്ന 81 വയസ്സുകാരനെ വിദഗ്ധചികിത്സയ്ക്കായി എയര്‍ ആംബുലന്‍സ് വഴി കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തിച്ചു. യു.എ.ഇ.യില്‍ താമസിച്ചിരുന്ന മലയാളിയായ അബ്ദുല്‍ ജബ്ബാറിനെയാണ് ചികിത്സയ്ക്കായി കൊണ്ടുവന്നത്. വിദേശത്തില്‍നിന്ന് ആദ്യമായാണ് ഒരു കോവിഡ് രോഗിയെ എയര്‍ആംബുലന്‍സ് വഴി കേരളത്തിലെത്തിക്കുന്നത്. ഇദ്ദേഹം തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

യു.എ.ഇ.യിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന എയര്‍ആംബുലന്‍സ് കമ്പനിയായ യൂണിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസസാണ് രോഗിയെ നാട്ടിലെത്തിച്ചത്. ഇന്‍സുലേഷന്‍ പോഡ് ഉപയോഗിച്ചാണ് കൊണ്ടുവന്നത്.

ബുധനാഴ്ച ഇദ്ദേഹം കോവിഡ് നെഗറ്റീവായി മാറിയിരുന്നു. എന്നാല്‍, ന്യൂമോണിയ കണക്കിലെടുത്ത് കോവിഡ് പോസിറ്റീവായ രോഗിക്കുള്ള അതേ പ്രോട്ടോകോളുകള്‍ പാലിച്ചാണ് കൊണ്ടുവന്നതെന്ന് യൂണിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അഫ്‌സല്‍ മുഹമ്മദ് അറിയിച്ചു.