ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് കഴിച്ചു; 5 പേര്‍ അറസ്റ്റില്‍


മാങ്കുളം: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്നു കറിവച്ചു ഭക്ഷിച്ച 5 അംഗ സംഘം അറസ്റ്റില്‍. ആറ് വയസ്സുള്ള ആണ്‍ പുള്ളിപ്പുലിയെയാണ് വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍നിന്ന് കെണിവച്ച് പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

മുനിപാറ സ്വദേശികളായ പി.കെ. വിനോദ്, വി.പി. കുര്യാക്കോസ്, സി.എസ്. ബിനു, സാലിം കുഞ്ഞപ്പന്‍, വിന്‍സെന്റ് എന്നിവരെയാണ് മാങ്കുളം വനം റേഞ്ച് ഓഫീസര്‍ ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

കേസില്‍ ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തിലായിരുന്നു പുലിക്കു വേണ്ടി കുടുക്ക് വെച്ചിരുന്നത്. കെണിയില്‍ വീണ പുള്ളിപ്പുലിയെ അഞ്ചംഗ സംഘം കൊന്ന് ഇറച്ചിയാക്കി കറിവെച്ച് ഭക്ഷിച്ചു. ശേഷം പല്ലും നഖവും തോലും വില്‍പ്പനയ്ക്കായി ഇവര്‍ മാറ്റുകയും ചെയ്തു. ബാക്കിവന്ന ഇറച്ചി അഞ്ചുപേരും വീതം വെച്ചെടുക്കുകയും ചെയ്തു.

വനംവകുപ്പിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിനോദിന്റെ വീട്ടില്‍നിന്ന് പുലിത്തോലും പുലിമാംസം കൊണ്ടുള്ള കറിയും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റു 4 പ്രതികളും അറസ്റ്റിലായി. 10 കിലോ മാംസവും പ്രതികളില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.

ഇരുമ്പു കേബിള്‍ ഉപയോഗിച്ചാണ് കൃഷിടത്തില്‍ കെണി ഒരുക്കിയിരുന്നത്. പുലിക്കു 40 കിലോയില്‍ കൂടുതല്‍ തൂക്കം ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. ഒന്നാം പ്രതിയായ വിനോദാണ് എല്ലാറ്റിനും നേതൃത്വം കൊടുത്തതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. അന്വേഷണത്തില്‍ വനംവകുപ്പ് ജീവനക്കാരായ അജയ് ഘോഷ്, ദിലീപ് ഖാന്‍, അബ്ബാസ്, ജോമോന്‍, അഖില്‍, ആല്‍ബിന്‍, സാബു കുര്യന്‍, അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക