ആഫ്രിക്കൻ പായൽ നിറഞ്ഞു; ദുരിതത്തിലായി കരുവോട് ചിറയിലെ കർഷകർ


മേപ്പയ്യൂർ: ആഫ്രിക്കൻ പായലാൽ ബുദ്ധിമുട്ടി കരുവോട് ചിറയിലെ കർഷകർ. മേപ്പയ്യൂർ, തുറയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലായി മൂവായിരം ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കരുവോട് ചിറയിലാണ് ആഫ്രിക്കൻ വരിപ്പല്ലും നിറഞ്ഞ് കൃഷിയോഗ്യമല്ലാതായിരിക്കുന്നത്. കൃഷിയിറക്കാനാവാത്തതിനാൽ കർഷകരും അകെ ദുരിതതത്തിലാണ്.

.കരുവോട് ചിറ കേന്ദ്രമാക്കി വികസന പദ്ധതികൾ വേണമെന്ന് ആവശ്യങ്ങൾ കാലാകാലങ്ങളായി കർഷകർ ഉയർത്തുന്നുണ്ട്. മുൻപത്തെ ജില്ലാ കലക്ടർ ആയിരുന്ന കെ ജയകുമാർ ഇവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. പിന്നീട് കേരള ലാൻഡ് ഡവലപ്മെൻ്റ് കോർപ്പറേഷൻ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം മലബാർ പാക്കേജിൽ ഉൾപ്പെടുത്തി 3 കോടി 40 ലക്ഷം രൂപ ചിറയ്ക്കായി അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാൽ അന്ന് നിർമ്മിച്ച ബണ്ടുകൾ അതെ വർഷത്തെ മഴയിൽ തന്നെ ഒലിച്ചുപോവുകയാണുണ്ടായത്. ‘ചിറയിലെ ജലസംഭരണികളുടെ നവീകരണ പദ്ധതികൾക്കും പണം അനുവദിച്ചിരുന്നെങ്കിലും ഇതിനായി ഉത്തരവാദിത്തപ്പെട്ടിരുന്ന കരാറുകാരൻ അത് പാതി വഴിയിൽ ഉപേക്ഷിച്ച് പോയി’ കർഷകർ പറയുന്നു.

കോടികൾ ഈ പദ്ധതിക്കായി മുടക്കിയെങ്കിലും അതൊന്നും നടപ്പിലായില്ല എന്ന് മാത്രമല്ല പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവും കർഷകരും പാടശേഖര സമിതികളും ആരോപിച്ചിരുന്നു. ഇതിനായി ഒരന്വേഷണം വേണമെന്ന് നിരന്തരം ആവശ്യമുയർന്നെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.

വികസനങ്ങൾ ഒന്നും നടന്നില്ലെങ്കിലും തങ്ങളാലാവും വിധം കർഷകർ ഇവിടെ കൃഷി ചെയ്തു വരുകയായിരുന്നു, അപ്പോഴാണ് ആഫ്രിക്കൻ പായലിന്റെ കടന്നാക്രമണം. എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് കർഷകർ…

കൃഷിയിറക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. 2018ൽ കൃഷി വകുപ്പും പഞ്ചായത്തും സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളികളെയും വിവിധ കർഷക സംഘടനകളെയും യോജിപ്പിച്ച് കൃഷിയിറക്കിയിരുന്നു. അതുപോലെ ഇത്തവണയും പഞ്ചായത്തിന്റെ സഹായം വേണമെന്ന് കർഷകർ ഒരേ സ്വരത്തിൽ പറയുന്നു.

[vote]