‘അവന്റെ ജാഡ കണ്ടില്ലേ! കൊടുക്കട്ടെ ഞാനൊന്ന്’ അടുത്ത പന്ത് ബൂം; പുതുച്ചേരിക്കെതിരായ മത്സരത്തിലെ വൈറലായ സഞ്ജുവിന്റെ വീഡിയോ കാണാം


മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 യില്‍ ആദ്യ മത്സരത്തിൽ തന്നെ കേരളത്തിനു വിജയത്തോടെ തുടക്കം. മുംബൈ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ പുതുച്ചെരിയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി.

ഏഴു വര്‍ഷത്തെ വിലക്കിനു ശേഷം ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് മല്‍സരമെന്ന നിലയില്‍ എല്ലാവരും ഉറ്റുനോക്കിയ കളി കൂടിയായിരുന്നു ഇത്. ഒരു വിക്കറ്റുമായി ശ്രീ മടങ്ങിവരവ് ഗംഭീരമാക്കുകയും ചെയ്തു. നാലോവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു ഒരു വിക്കറ്റാണ് ലഭിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരിയ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സിലൊതുക്കാന്‍ കേരളത്തിനു കഴിഞ്ഞു. മൂന്നു വിക്കറ്റെടുക്ക ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് കേരള ബൗളിങിനു ചുക്കാന്‍ പിടിച്ചത്. മറുപടി ബാറ്റിങില്‍ 18.2 ഓവറില്‍ നാലു വിക്കറ്റിനു കേരളം ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച സഞ്ജുവാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍.

26 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് മറ്റൊരു പ്രധാന സ്‌കോറര്‍. അസ്ഹര്‍ 18 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 30 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ (20), വിഷ്ണു വിനോദ് (11) എന്നിവര്‍ പുറത്താവാതെ നിന്നു.

മത്സരത്തിനിടെയുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എതിർ താരത്തിന്റെ ജാഡ സഹിക്കാൻ പറ്റാതെ അടിക്കട്ടെയെന്ന് ചോദിക്കുന്ന സഞ്ജുവിന്റെ വീഡിയോയാണ്
സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ആദ്യ ഇലവനിൽ ഉൾപ്പെടാൻ കൊയിലാണ്ടിക്കാരൻ രോഹൻ എസ്.കുന്നുമ്മലിന് സാധിച്ചില്ല.