വടകരയുടെ ചരിത്രത്തില്‍ ഇടം പിടിച്ച മേഴ്‌സി; മേഴ്സി കോളേജിൻ്റെ ചരിത്രം പറഞ്ഞ് ജാഗ്രത വടകര ജനശ്രദ്ധ ഫേസ്ബുക്ക് പേജ്


കാലം മാറി മറിഞ്ഞെങ്കിലും ഓർമ്മകളിൽ മേഴ്സിയും അതിൻ്റെ അമരക്കാരനായ വടകര മയ്യന്നൂർ സ്വദേശി കൊല്ലൻ്റെവിട മേഴ്സി ബാലൻ മാസ്റ്ററും എന്നും ഓർമ്മയിലുണ്ടാവും. 1977 ൽ ആണ് മേഴ്സി ആരംഭിക്കുന്നത്. ചൊവ്വ ദിവസത്തെ ചന്തയും കോട്ടപറമ്പിലെ കോട്ടയിലെ ജയഭാരതി ടാക്കീസും കോട്ട മതിലും കോട്ട ചിറയും ഇന്ന് ഓർമ്മകളിൽ മാത്രമാണ്. മേഴ്സിയുടെ മുൻവശത്തെ ജലധാര ഓർമ്മയുള്ളവർ ഇന്ന് എത്ര പേരുണ്ടാവും !

ബാലൻ മാസ്റ്റർ കോട്ടപമ്പിലെ നിറസാന്നിദ്ധമായിരുന്ന കാലം. പിൻ കാലത്ത് മന്ത്രിയും എം.എൽ.എയും, എം.പിയും ഉന്നത രാഷ്ട്രീയ നേതൃനിരയിൽ വന്നവരിൽ ഏറെ പേരും ബാലൻ മാസ്റ്റർക്കൊപ്പം രാഷ്ട്രീയ രംഗത്തുണ്ടായവർ അവർ എല്ലാവരും മേഴ്സിയിൽ വന്നു പോയവർ അവരുടെ സ്നേഹ വീടായിരുന്നു മേഴ്സി. അക്കൂട്ടത്തിൽ അവിടെ രാത്രി താമസിച്ചവർ എത്ര പേർ ……

ഒരു കഥ ഇവിടെ പങ്കു വെക്കട്ടെ ബാലൻ മാഷിൻ്റെ സഹപ്രവർത്തകരിൽ നിന്ന് തന്നെ അറിഞ്ഞതാണ് ഈ കഥ. വില്ല്യാപ്പള്ളി പീപ്പിൾസ് തിയേറ്ററിന്റെ ജയകേരളയുടെ പരിപാടിക്ക് ഉദ്ഘാടകനായി അന്ന് ബാലൻ കെ.നായരെയാണ് ഏല്പിച്ചിരുന്നത്. അവരെ കൂട്ടി വരാൻ ബാലൻ മാസ്റ്ററും അനുജനും കോഴിക്കോട് അളകാപുരിയിൽ പോയെന്നും അവിടെ എത്തിയ ബാലൻ കെ.നായരെ കണ്ട് കാര്യങ്ങൾ സംസാരിച്ചപ്പോൾ പോകാമെന്നായി. ബാലൻ കെ.നായർ അങ്ങനെ നായർ വരുന്ന വേളയിൽ തൊട്ടടുത്ത റൂമിലുള്ള രണ്ട് ചെറുപ്പക്കാരെയും വെറുതെ വടകരയിലേക്ക് കൂട്ടി. എല്ലാവരും നേരെ വടകര മേഴ്സിയിൽ വന്നു ഉദ്ഘാടന സമയം രാത്രി ആവേണ്ടതിനാൽ അവിടെ തങ്ങി. ഒപ്പം ഉണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെയും കൂട്ടി വടകര ന്യൂ ഇന്ത്യാ ഹോട്ടലിൽ നിന്ന് ചായ വാങ്ങി കൊടുക്കാൻ അനുജനെ ബാലൻ മാഷ് ഏർപ്പാടാക്കി. അങ്ങനെ അവർ വടകര ന്യൂ ഇന്ത്യയിൽ പോയി ചായ കുടിച്ച് വന്നു. അവർ രണ്ട് പേരും അന്ന് പ്രശസ്തരായ നടന്മാരെ ആയിരുന്നില്ല. ആ രണ്ട് പേർ ആരെന്നെല്ലെ ! മറ്റാരുമായിരുന്നില്ല, ഇന്നത്തെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയും ഒപ്പം ശ്രീനിവാസനും ആയിരുന്നു അത് ! ഇതും വല്ലാത്ത ഒരു ചരിത്രം തന്നെ.

വില്ല്യാപ്പള്ളി ആ കലാസമതിയുടെ അന്നത്തെ സംഘാടകന്മാരുടെ ഓർമ്മയിൽ ഇതൊക്കെ തങ്ങി നില്ക്കുന്നുണ്ടാവും ..:…’ഇങ്ങനെ വടകര മേഴ്സിയിൽ വന്നു പോയവര്‍ എത്ര പേർ പ്രശസ്ത സാഹിത്യകാരന്മാർ, കവികൾ, പാട്ടുകാർ എത്ര എത്ര പേർ. മേഴ്സിയിൽ പഠിച്ചവരും പഠിപ്പിച്ചവരും ഈ കൂട്ടത്തിൽ വരും.

അവിടെ പഠിച്ചവരും അവിടെ പഠിപ്പിച്ചവരും ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം ഉന്നത സ്ഥാനങ്ങളിൽ നിറഞ്ഞു നില്ക്കുകയാണ്. സർക്കാർ സർവ്വീസിൽ ഏറെ ഓഫീസുകളിൽ മേഴ്സിയിൽ പഠിച്ച ആയിരങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല തന്നെ !

വടകരയിലെ പഴയ ബസ് സ്റ്റാന്റും അന്ന് മേഴ്സിക്ക് താഴെ ആയിരുന്നു. വൻ തുക വാടക കൊടുത്ത് മേഴ്സി കെട്ടിടം വടകര മുൻസിപ്പാലിറ്റിയിൽ നിന്ന് ബാലൻ മാസ്റ്റർ വാടകയ്ക്ക് എടുത്തപ്പോൾ സഹപ്രവർത്തകർക്കും മറ്റും വലിയ ആശങ്ക ആയിരുന്നു. അന്ന് വടകര ചെയർമാനായിരുന്ന കേളു ഏട്ടൻ ബാലൻ മാസ്റ്റർക്ക് കരുത്തായി മാറിയെന്നത് ഒരു ചരിത്ര കഥ. ആത്മ ധൈര്യം അതായിരുന്നു ബാലൻ മാസ്റ്ററുടെ മുതൽക്കൂട്ട് .

പതറാതെ ഏവരേയും ഞെട്ടിച്ച് പിന്നീട് ബാലൻ മാസ്റ്റർ കപ്പിത്താനായി മേഴ്സിയുടെ ജൈത്രയാത്ര ആരംഭിച്ചു. അത് എന്നും വടകരയുടെ കൂടി ചരിത്രമായിരുന്നു. അടുത്ത കാലത്ത് കോഴിക്കോട്, പേരാമ്പ്ര, ഗുരുവായൂർ ,കല്ലാച്ചി …….. തുടങ്ങി നിരവധി സ്ഥലങ്ങളിൽ മേഴ്സി ശാഖകൾ ആരംഭിച്ചു
അതിൽ പലതും ഇന്നും പ്രവർത്തിക്കുന്നുണ്ട്.

വടകരയിലെ സ്ത്രീ ചുമട്ട് തൊഴിലാളികളുടെ കൂട്ടായ്മയ്ക്ക് അടിത്തറ പാകിയതിലും ചരിത്രമുണ്ട്. അവർക്ക് സ്വന്തം സ്ഥാപനത്തിൽ വിശ്രമ സൗകര്യം ഒരുക്കി കൊടുത്ത ബാലൻ മാസ്റ്ററെ ഇന്നും വേദനയോടെ തൊഴിലാളികൾ ഓർക്കുന്നു. കേരളത്തിൽ വടകരയിലാണ് സ്ത്രീ ചുമട്ട് തൊഴിലാളികളുള്ളത്.
തൊഴിലാളി വർഗ്ഗ സ്നേഹവും വർഗ്ഗ ബോധവും ബാലൻ മാഷിൻ്റെ കൂടപിറപ്പായിരുന്നു. പാവപ്പെട്ട നിരവധി തൊഴിലാളികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി മേഴ്സി പഴയ കാലം ചരിത്രം കുറിച്ചത് പഴയ തലമുറ മറക്കാതെ ഇന്നും ഓർക്കുന്നുണ്ടാവും.

മേഴ്സിൽ പഠിച്ച് പോയവർ സഹപാഠികളുടെ കൂട്ടായ്മ ഒരുക്കി ലക്ഷങ്ങൾ ചിലവിട്ട് ഇന്ന് ജീവകാരുണ്യ മേഖലയിൽ റോയൽ മേഴ്സി ഗ്രൂപ്പ് പോലുള്ള സംഘങ്ങൾ നിറഞ്ഞു നില്ക്കുന്നത് വടകര മേഴ്സിയുടെ പേരും പെരുമയും ഉയർത്തി പിടിക്കുന്നതാണ്. മഹത്തായ ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഇത്തരം സംഘങ്ങളെ വടകര ജാഗ്രത അഭിനന്ദിക്കുന്നു.

ഇന്ന് ബാലൻ മാസ്റ്റർ നമ്മോടൊപ്പമില്ലെങ്കിലും പല സ്ഥലത്തും മേഴ്സി സ്ഥാപനങ്ങൾ തല ഉയർത്തി നില്ക്കുമ്പോൾ മേഴ്സിക്കൊപ്പവും വടകര കോട്ടപ്പറമ്പിലും നടന്നു പോയവർ ഓർമ്മയിൽ സൂക്ഷിക്കുന്ന പേരുകളാണ്. മേഴ്സി എന്നും, മേഴ്സി ബാലൻ മാസ്റ്റർ എന്നും കോട്ട പറമ്പ് എന്നും ഈ പേരുകൾ ഓർക്കുക തന്നെ ചെയ്യും.

ഇതിൽ ചേർത്ത ഫോട്ടോ പലരിലൂടെ കൈമാറി വന്ന് മേഴ്സിയുടെ പേര് പിന്നീട് എങ്ങിനെ എഴുതിയതായിരുന്നോ അതുപോലെ എഡിറ്റ് ചെയ്ത് എടുത്ത് ഓർമ്മകൾക്കൊപ്പം ചേർത്തതാണ്. മേഴ്സി ആരംഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് പേര് ഇപ്പോൾ കാണുന്ന പോലെ എഴുതിയിരുന്നത്. എന്ന കാര്യം അന്നത്തെ തലമുറയ്ക്ക് അറിയാവുന്നതാണല്ലൊ? ചിത്രം ഓർമ്മകൾക്ക് കൂട്ടായി കണ്ടാലും.

ഇവിടെ പഴയ കാല ഓർമ്മകൾ കോർത്തിണക്കി പുതുതലമുറക്ക് കൈമാറാൻ വിശദമായി ഓർമ്മകൾ പങ്കുവെച്ചാലും …….