കോഴിക്കോട്ടെ കുരുക്കഴിക്കാന്‍ രണ്ട് മേല്‍പ്പാലങ്ങള്‍ കൂടി ഉയരും; ബജറ്റില്‍ അനുവദിച്ചത് 85 കോടി രൂപ


കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ട് മേല്‍പ്പാലങ്ങള്‍ കൂടി ഉയരും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഇതിനായി 85 കോടി രൂപ നീക്കി വച്ചതായി അറിയിച്ചിട്ടുണ്ട്. എരഞ്ഞിപ്പാലത്തും മാങ്കാവിലുമാണ് പുതിയ മേല്‍പ്പാലങ്ങള്‍ വരുന്നത്.

ജനങ്ങളുടെ ഏറെ നാളായുള്ള ആവശ്യമാണ് മാങ്കാവില്‍ മേല്‍പ്പാലം വേണമെന്നുള്ളത്. ഇതിനായി 45 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഫറോക്ക് ഭാഗത്തേക്കും കോഴിക്കോട് നഗരത്തിലേക്കും മാങ്കാവ് ജങ്ഷനിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെയും വൈകീട്ടും മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതക്കുരുക്ക് നീളുക. മേല്‍പ്പാലം വരുന്നതോടെ ഇതിന് പരിഹാരമാകും.

വയനാട്, ബാലുശേരി ഭാഗങ്ങളില്‍നിന്ന് നഗരത്തിലേക്കുള്ള പ്രവേശന കവാടമായ എരഞ്ഞിപ്പാലത്ത് മേല്‍പ്പാലം നിര്‍മിക്കുന്നതിന് 40 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചത്. മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ് വരെ റോഡ് വീതികൂട്ടി നവീകരിക്കുന്നതോടൊപ്പം മേല്‍പ്പാലവും വരുന്നതോടെ ഇവിടെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാവും. ട്രാഫിക് സിഗ്‌നല്‍ തകരാര്‍ മൂലമുള്ള ഗതാഗതക്കുരുക്ക് ഇതോടെ പരിഹരിക്കാനാവും. കൂടാതെ സിവില്‍ സ്റ്റേഷനിലേക്കും മലാപ്പറമ്പ് വഴി മെഡിക്കല്‍ കോളേജിലേക്കും യാത്ര എളുപ്പമാകും.

നഗരത്തില്‍ ചെറുവണ്ണൂരിലും മീഞ്ചന്തയിലും രണ്ട് മേല്‍പ്പാലങ്ങള്‍ക്കുള്ള നടപടി പുരോഗമിക്കുകയാണ്. മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടുന്ന രാമനാട്ടുകര-വട്ടക്കിണര്‍ റോഡ് നാലുവരിയാക്കാനുള്ള പദ്ധതിയുടെ വിശദ പദ്ധതി രേഖ തയ്യാറായിട്ടുണ്ട്. 12 കിലോമീറ്റര്‍ ദൂരം 24 മീറ്ററിലാണ് വീതി കൂട്ടുക. മേല്‍പ്പാലങ്ങളോടു ചേര്‍ന്ന് സര്‍വീസ് റോഡുകളുമുണ്ടാകും.