‘കാര്‍ഷിക മേഖലയിലെ വികസനത്തിനും വരള്‍ച്ച പരിഹരിക്കുന്ന പദ്ധതികള്‍ക്കും ഊന്നല്‍’; ഏറാമല പഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ട് ടി.പി.മിനിക വടകര ഡോട് ന്യൂസിനോട്
ഏറാമല: പഞ്ചായത്തിലെ തരിശായ പ്രദേശങ്ങള്‍ കണ്ടെത്തി കര്‍ഷകരുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ അനുയോജ്യമായ കൃഷിയൊരുക്കുന്ന പദ്ധതികൾക്ക് പ്രഥമ പ്രധാന്യം. ഏറാമല പഞ്ചായത്തില്‍ പുതിയ പ്രസിഡന്റായി അധികാരത്തിലേറിയ ആര്‍എംപിഎയുടെ ടി.പി മിനിക പഞ്ചായത്തിൽ ആവിഷ്കിക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളെക്കുറിച്ച് വടകര ഡോട് ന്യൂസിനോട് സംസാരിച്ചു. കൃഷി ഒരുക്കിയ ശേഷം വിളവ് പഞ്ചായത്തിലെ തന്നെ വിപണന കേന്ദ്രങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. പഞ്ചായത്തിലെ പ്രഗല്‍ഭരായ കര്‍ഷകരുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിപാടികള്‍ പ്രാവർത്തികമാക്കുക.
കൂടാതെ ഏറാമല പഞ്ചായത്ത് നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നായ വരള്‍ച്ച നേരിടുന്നതിനായുള്ള പദ്ധതികള്‍ക്കും മുന്‍ഹണന നല്‍കും. വേനല്‍ക്കാലമാവുന്നതോടെ നല്ലൊരു തുക ഈ ആവശ്യത്തിനായ് പഞ്ചായത്ത് വിനിയോഗിക്കേണ്ടതായ് വരുന്നുണ്ട്. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം കുറയ്ക്കുന്നതിനായ് പത്ത് വര്‍ഷം മുന്‍പ് വിവിധ വാര്‍ഡുകളിലൂടെ കടന്നു പോവുന്ന കൈകനാലുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇതുവഴി ജലവിതരണം നടക്കാത്ത അവസ്ഥയാണ് നിലവില്‍. ഈ കനാലുകള്‍ എം.എല്‍.എ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണത്തോടെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടികള്‍ക്ക് പ്രാധാന്യം നല്‍കാനും ആലോചിക്കുന്നുണ്ട്.
ലഹരിക്കെതിരെ ശക്തമായ ക്യാംപയിന്‍ ആവിഷ്‌കരിക്കുന്നതായും മിനിക പറഞ്ഞു. ഇതിനായ് സ്‌കൂളുകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യും. തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്കായ് പ്രത്യേക ഗൈഡന്‍സ് ക്ലാസുകള്‍, ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കായ് പ്രരത്യേക പ്രൊജക്ട് എന്നിവ പരിഗണനയിലുള്ളതായും മിനിക അറിയിച്ചു.
ഏറാമല പഞ്ചായത്തിന്റെ ഹൃദയഭാഗമായ ഓര്‍ക്കാട്ടേരി ടൗണ്‍ ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളെല്ലാം മാലിന്യമുക്തമാക്കി, മാലിന്യ വിമുക്ത ഏറാമല പഞ്ചായത്തായ് ഏറാമലയെ മാറ്റുക തുടങ്ങിയ കാര്യങ്ങളെല്ലാം നടപ്പിലാക്കുന്നതിനായ് പ്രാധാന്യം നല്‍കുമെന്നും കഴിഞ്ഞ ദിവസം അധികാത്തിലേറിയ പ്രസിഡന്റ് മിനിക പറഞ്ഞു.
ഏറാമല പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി മിനിക വ്യാഴാഴ്ച്ചയാണ് അധികാരത്തിലേറിയത്. പഞ്ചായത്തില്‍ മുസ്ലീംലീഗ് ലീഗ് കോണ്‍ഗ്രസ്, ആര്‍എംപിഐ എന്നിവയടങ്ങുന്ന ജനകീയ മുന്നണി അധികാത്തിലെത്തിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം പ്രസിഡന്റ് പദവി രണ്ടര വര്‍ഷം ലീഗിനും രണ്ടര വര്‍ഷം ആര്‍എംപിഐയ്ക്കുമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണിത്.
നിലവില്‍ പ്രസിഡന്റായിരുന്ന മുസ്ലീംലീഗ് ലീഗ് അംഗം ഷക്കീല ഈങ്ങോളിയും വൈസ് പ്രസിഡന്റായിരുന്ന ആര്‍എംപിഐ അംഗം കെ ദീപ് രാജും രാജിവെച്ചതിനെത്തുടര്‍ന്നാണ് ആര്‍എംപിഐ അംഗം ടി.പി മിനിക പ്രസിഡന്റ്ായും മുസ്ലീം ലീഗിലെ ഷുഹൈബ് കുന്നത്ത് വൈസ് പ്രസിഡന്റായും സ്ഥാനമേറ്റത്.