കൊയിലാണ്ടിയിൽ നിന്ന് കണ്ണൂരിലേക്ക് വിനോദയാത്ര പോയ ബസ് മാഹിയിൽ അപകടത്തിൽ പെട്ടു; 35 പേർക്ക് പരുക്ക്


മാഹി: കൊയിലാണ്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു. മാഹിയിൽ വച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സും തളിപ്പറമ്പ് അടിമാലി കെ.എസ്‌.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പൂഴിത്തല ഷനീന ടാക്കീസിന് മുന്നില്‍ വെച്ച്‌ ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ 35 ഓളം പേര്‍ക്ക് പരുക്കേറ്റു.

പരിക്കേറ്റവരെ ഉടനെ തന്നെ പൊലിസും നാട്ടുകാരും ചേര്‍ന്ന് മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിവ്. അപകടത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അന്‍പത്തിയഞ്ചോളം വിദ്യാര്‍ത്ഥികളാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

മാഹി, ചോമ്പാല പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്ന് മാഹി-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.