തൂണേരിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പൊതുസ്ഥലത്ത് തള്ളിയ വീട്ടുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; മാലിന്യം തിരിച്ചെടുപ്പിച്ചതിനൊപ്പം 25,000 രൂപ പിഴയും


നാദാപുരം: തൂണേരിയിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യം പൊതുസ്ഥലത്ത് തള്ളിയ വീട്ടുടമയ്ക്ക് 25,000 പിഴയിട്ട് പഞ്ചായത്ത് അധികൃതർ. നാദാപുരം കക്കംവള്ളി ഊരംവീട്ടിൽ സിറാജിനാണ് പിഴയിട്ടത്. പിഴയ്ക്കൊപ്പം സിറാജിനെ വിളിച്ച് വരുത്തി മാലിന്യം തിരിച്ചെടുപ്പിക്കുകയുംചെയ്തു.

ചാലപ്പുറം ദാറുൽ ഹുദാ സ്കൂളിന് സമീപത്തുള്ള പറമ്പിലാണ് ഭക്ഷണാവശിഷ്ടങ്ങളും പ്ളാസ്റ്റിക് ബോട്ടിലുകളടക്കമുള്ള മാലിന്യം തള്ളിയതായി ഗ്രാമപ്പഞ്ചായത്തിന് പരാതിലഭിച്ചത്. പരിശോധനയിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ളാസ്റ്റിക് ബോട്ടിലുകളടക്കമുള്ള മാലിന്യം തള്ളിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങളാണെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടുടമയെ വിളിച്ചുവരുത്തി 25,000 രൂപ പിഴ ഈടാക്കുകയും മാലിന്യം തിരിച്ചെടുപ്പിക്കുകയുമായിരുന്നു.

ഗ്രാമപ്പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്നാണ് സ്ഥലത്ത് പരിശോധനനടത്തിയത്. പരിശോധനയ്ക്ക് പോലീസിന്റെ സഹായവും തേടിയിരുന്നു. പരിശോധനയിൽ പഞ്ചായത്തു അസിസ്റ്റന്റ് സെക്രട്ടറി കെ. ഇന്ദിര, ക്ലാർക്ക് എം.കെ. മിഥുൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രാജേഷ് കുമാർ, എ.എസ്.ഐ. പ്രകാശൻ എന്നിവർ പങ്കെടുത്തു.