എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ മികച്ച നേട്ടം; വടകരയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനമേകി ‘സ്‌പെയ്‌സ്’


വടകര: 2022 -23 വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലെ വിജയികളെ അഭിനന്ദിച്ചു. വടകര നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പ്രോജക്ട് ആയ സ്‌പേസിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനമൊരുക്കിയത്. വിജയികളെ അനുമോദിക്കല്‍ ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി സജി കുമാര്‍ അധ്യക്ഷതവഹിച്ചു. മുഖ്യാതിഥിയായി ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍ പങ്കെടുത്തു.

സ്‌പേസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിരവധിയായ ശില്പശാലകള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പ്രഗല്‍ഭരായ അധ്യാപകന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയതിന്റെ ഭാഗമായി സംസ്ഥാനത്ത് തന്നെ മാതൃകയാവുന്ന രീതിയില്‍ വിജയശതമാനം വര്‍ധിപ്പിച്ചെടുക്കുന്നതില്‍ വടകര നഗരസഭയ്ക്ക് സാധിച്ചതായി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വടകര നഗരസഭ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധിയായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത് അതിനായി രക്ഷിതാക്കളുടെ ഭാഗത്തുനിന്നും അധ്യാപകരുടെ ഭാഗത്തുനിന്നും സ്‌പേസ് കമ്മിറ്റിക്കും നഗരസഭക്കും നല്ല പിന്തുണയും സഹകരണവും ലഭിച്ചിട്ടുള്ളതായും അറിയിച്ചു. ആ ഒരു പിന്‍ബലത്തിലാണ് കായിക മേഖലയില്‍ കൂടെ പുതിയൊരു ചുവടുവെപ്പുമായി ദിശയ്ക്ക് രൂപം കൊടുത്തിരുന്നത്. ദിശയും ഒരുപാട് ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും പറഞ്ഞു.

ഓഗസ്റ്റ് മാസത്തിലാണ് എല്‍.എസ്.എസ്, യു.എസ്.എസ് റിസള്‍ട്ട് വന്നതെങ്കിലും നിപ്പ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ വന്നതിനാല്‍ അനുമോദന ചടങ്ങ് വൈകുകയായിരുന്നു.

ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാജിത പതേരി, എന്‍.കെ പ്രഭാകരന്‍, എ.പി പ്രജിത, വി.കെ അസീസ്, നിര്‍വഹണ ഉദ്യോഗസ്ഥ ഗ്രീഷ്മ, സ്‌പേസ് കോഡിനേറ്റര്‍ കെ.സി പവിത്രന്‍, സിജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിന് സിന്ധു പ്രേമന്‍ സ്വാഗതവും ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.