കാത്തിരിപ്പിന് അവസാനമാവുന്നു; തോടന്നൂർ എ.ഇ.ഒ ഓഫീസിന്റ നിര്‍മ്മാണ പ്രവൃത്തികള്‍ ഡിസംബറില്‍ ആരംഭിക്കും


തോടന്നൂർ: തോടന്നൂർ എ.ഇ.ഒ ഓഫീസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഡിസംബറില്‍ തന്നെ ആരംഭിക്കാൻ സാധിക്കുമെന്ന് കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ഒരു കോടി രൂപ അനുവദിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തതിനുശേഷം പൊതു ചടങ്ങിൽ വച്ച് എംഎൽഎ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരിച്ച് കെട്ടിട നിർമ്മാണത്തിനായി സ്ഥലം വാങ്ങുകയും ചെയ്തിരുന്നു.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ രൂപകല്പന തയ്യാറാവുകയും സാങ്കേതിക അനുമതിക്ക് സമർപ്പിക്കുകയും ചെയ്തതായി എംഎല്‍എ പറഞ്ഞു. പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സര്‍ക്കാറിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന തോടന്നൂര്‍ എ.ഇ.ഒ ഓഫീസ് നിലവില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്.

സന്ദർശകർക്കുള്ള മുറി, ഓഫീസ് സൗകര്യങ്ങൾ ശുചിമുറികൾ, ഡൈനിങ് ഏരിയ ,റെക്കോർഡ് റൂം, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയതാണ് പുതിയ കെട്ടിടം. തദ്ദേശ വകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിനായിരിക്കും നിർവഹണ ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ആണ് പ്രവൃത്തിയുടെ ചുമതല. മൂന്ന് നിലകളിലായി 972ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തിന്റെ ആദ്യ രണ്ട് നിലകളാണ് ഒന്നാംഘട്ടത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.