സംസ്ഥാനത്ത് ഇന്ന് മുതല്‍ ടാങ്കര്‍ ലോറി സമരം; ഇന്ധന വിതരണം ഭാഗികമായി മുടങ്ങും


കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരു വിഭാഗം ഇന്ധന ടാങ്കര്‍ ലോറികള്‍ സമരത്തില്‍. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളിലെ ടാങ്കര്‍ ലോറികളാണ് സമരം നടത്തുന്നത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ധനവിതരണം ഭാഗികമായി മുടങ്ങും.

നികുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്പനികളുമായി ഉണ്ടായ തര്‍ക്കമാണ് സമരത്തിന് കാരണം. ജി.എസ്.ടി ഡിപ്പാര്‍ട്ട്‌മെന്റ് 13 ശതമാനം സര്‍വീസ് ടാക്സ് നല്‍കണമെന്ന് ആവശ്യപ്പെട്ടു ലോറി ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

നികുതി സംബന്ധിച്ച് ഉള്ള വിഷയം പെട്രോളിയം കമ്പനികളും, ജി.എസ്.ടി ഡിപ്പാര്‍ട്ട്‌മെന്റും തമ്മിലുള്ളതാണെന്നും, വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണണമെന്നുമാണ് ഇവരുടെ ആവശ്യം.

അറുനൂറോളം ടാങ്കര്‍ ലോറികളാണ് സമരത്തിലുള്ളത്. അതേസമയം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് കീഴിലുള്ള ടാങ്കര്‍ ലോറികള്‍ സമരം ചെയ്യുന്നില്ല.

സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പമ്പുകളില്‍ പരമാവധി ഇന്ധനം എത്തിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.