വര്‍ക്ക് ഷോപ്പില്‍ നിന്ന് മോഷണം പോയ കൊയിലാണ്ടി നഗരസഭാ കൗണ്‍സിലറുടെ ബൈക്ക് പേരാമ്പ്രയില്‍ നിന്ന് കണ്ടുകിട്ടി (വീഡിയോ കാണാം)


കൊയിലാണ്ടി: കോതമംലം ക്ഷേത്രത്തിനു സമീപമുള്ള ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് മോഷണം പോയ ബൈക്ക് പേരാമ്പ്രയില്‍ നിന്ന് കണ്ടുകിട്ടി. കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍ പയറ്റുവളപ്പില്‍ മനോജിന്റെ ബൈക്കാണ് പേരാമ്പ്ര സിവില്‍ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയത്.

രാത്രി പട്രോളിങ്ങിന് പോയ പൊലീസുകാരാണ് ബൈക്ക് കണ്ടത്. അപ്പോള്‍ കാര്യമായെടുത്തില്ലെങ്കിലും തിരികെ വരുമ്പോഴും ബൈക്ക് അവിടെ തന്നെ കണ്ടതോടെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. നമ്പര്‍ പരിശോധിച്ചതോടെ ഇത് കൊയിലാണ്ടിയില്‍ നിന്ന് മോഷണം പോയ ബൈക്കാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇന്ന് രാവിലെ തന്നെ പൊലീസ് മനോജിനെ വിവരം അറിയിച്ചു.

ഉച്ചയോടെ തനിക്ക് ബൈക്ക് ലഭിച്ചതായി മനോജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സ്റ്റിക്കറുകള്‍ ഇളക്കിമാറ്റിയത് ഒഴിച്ചാല്‍ ബൈക്കിന് കേടുപാടുകള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മോഷ്ടാക്കളെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

മാര്‍ച്ച് 10 ന് അര്‍ധരാത്രിയാണ് മനോജിന്റെ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ നിന്ന് മോഷണം പോയത്. ഒരു യുവാവ് ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.

അടുത്തിടെ വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നും നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഇത്തരത്തില്‍ കാണാതായിരുന്നു. ഇത് പിന്നീട് കോഴിക്കോട് ബൈപ്പാസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

വീഡിയോ കാണാം: