കോഴിക്കോട് തളി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും


കോഴിക്കോട്: മഹാശിവരാത്രി ആഘോഷങ്ങൾക്ക് കോഴിക്കോട് തളി മഹാക്ഷേത്രത്തിൽ ഇന്ന് തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശിവരാത്രി മഹോത്സവ ആഘോഷങ്ങൾ ഒന്നാം ദിവസമായ ഇന്ന് സമൂതിരി രാജ വിളക്ക്, നാളെ തന്ത്രി വിളക്ക്, ശിവരാത്രി ദിനത്തിൽ ദേവസ്വം വിളക്ക് എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. ശിവരാത്രിയോട് അനുബന്ധിച്ച് ഭക്തർക്കായി വിശേഷാൽ പൂജകളും വഴിപാടുകളും ഒരുക്കിയിട്ടുണ്ട്.

കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പൂർണമായും പാലിച്ചുകൊണ്ടുള്ള ആഘോഷപരിപാടികൾക്കായി നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചിരുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്ഷേത്രാടിയന്തിരാ ചടങ്ങുകളുടെ ഭാഗമായി വിശേഷപ്പെട്ട കലാപരിപാടികൾ നടക്കും.

ഒന്നാം ദിവസമായ ഇന്ന് വൈകിട്ട് 7മണിക്ക് പ്രസിദ്ധ സോപാന സംഗീത കലാകാരൻ ശ്രീ. ഏലൂർ ബിജുവിന്റെ സോപാന സംഗീതം നടക്കും.

രണ്ടാം ദിനത്തിൽ വൈകിട്ട് ശ്രീ. ജയൻ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന വില്ലിന്മേൽ തായമ്പക അരങ്ങേറും.

മഹാ ശിവരാത്രി ദിനമായ മാർച്ച് 1ന് വൈകിട്ട് 7മണിക്ക് താളവാദ്യ കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ നേതൃത്വത്തിൽ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ ചേർന്നുള്ള ട്രിപ്പിൾ തായമ്പക ഉണ്ടായിരിക്കും.

കോവിഡ് മൂന്നാം തരംഗത്തിന് ശേഷം നടക്കുന്ന ശിവരാത്രി മഹോത്സവത്തിന് എത്തുന്ന ഭക്തരും ജനങ്ങളും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ക്രമീകരണങ്ങളും മൂന്ന് ദിവസങ്ങളിലും അതീവ ജാഗ്രതയോടെ പ്രവർത്തിക്കുമെന്ന് തളി ദേവസ്വം അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ നടക്കുന്ന കാഴ്‌ചശീവേലിയോടെ തുടക്കം കുറിക്കുന്ന ശിവരാത്രി മഹോത്സവചടങ്ങുകൾ ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ശിവരാത്രി ദിനത്തിൽ രാത്രിയിലെ വിളക്കെഴുന്നള്ളിപ്പോടെയാണ് ആഘോഷങ്ങൾ അവസാനിക്കുക.