ഉപജീവനത്തിനായ് സ്വയം തൊഴില്‍; ചക്കിട്ടപ്പാറ പഞ്ചായത്തില്‍ 50 വനിതകള്‍ക്കായ് തയ്യല്‍ മെഷീന്‍ നല്‍കി
ചക്കിട്ടപ്പാറ: വനിതകള്‍ക്ക് ഉപജീവനത്തിനായ് സ്വയം തൊഴില്‍ പദ്ധതിയുമായ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫിഡറേഷനും സ്റ്റാര്‍സ് കോഴിക്കോടും ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉപജീവന സംരംഭകത്തിന്റെ ഭാഗമായി 50 വനിതകള്‍ക്ക് 5 ലക്ഷം രൂപ ചെലവഴിച്ച് തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. കൂടാതെ രണ്ട് ലക്ഷം രൂപ സ്വയം തൊഴില്‍ പദ്ധതിക്കായി 8 പേര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.
തയ്യല്‍ മെഷീന്‍ വിതരണവും സ്വയം തൊഴില്‍ പദ്ധതിയുടെ ധനസഹായ വിതരണവും ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനവും ചെയ്തു. ഫാദര്‍ ബോണി അഗസ്റ്റ്യന്‍ സിഎംഐ അധ്യക്ഷത വഹിച്ചു.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജിത്ത്, കെ.ഡി തോമസ്, ഫാദര്‍ ജോസ് പ്രകാശ് സിഎംഐ, എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാര്‍സ് പ്രാജക്ട് മാനേജര്‍ – റോബിന്‍ കടമല സ്വാഗതവും ഷിനോജ് നന്ദിയും പറഞ്ഞു. 50 ശതമാനം സബ്ബ്‌സീഡിയിലാണ് തയ്യല്‍ മെഷീന്‍വിതരണം ചെയ്തത്.