ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തടസം, ഡ്രോണ്‍ ഉപയോഗിക്കും; കോഴിക്കോട് ബീച്ചില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു


കോഴിക്കോട്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കവെ തിരയില്‍ പെട്ട രണ്ട് കുട്ടികളെയും ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് കടലില്‍ ശക്തമായ അടിയൊഴുക്ക് ഉള്ളതിനാല്‍ തിരച്ചിലിനെ അത് പ്രതികൂലമായി ബാധിക്കുന്നുണ്ട് തിരച്ചിലിനായി ഡ്രോണ്‍ ഉപയോഗിക്കുമെന്ന് സ്ഥലത്തെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ഒളവണ്ണ സ്വദേശികളായ ആദിന്‍ ഹസന്‍, മുഹമ്മദ് ആദില്‍ എന്നിവരാണ് രാവിലെ എട്ടുമണിയോടെ തിരയില്‍പ്പെട്ടത്. ബീച്ചിന് സമീപം ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് ഇരുവരും തിരയില്‍ അകപ്പെട്ടത്. കളിക്കുന്നതിനിടെ കടലിലേയ്ക്ക് വീണ പന്ത് എടുക്കാന്‍ കുട്ടികളിലൊരാള്‍ പോവുകയായിരുന്നു. അടിയൊഴുക്കുള്ള സമയമായതിനാല്‍ ആദില്‍ കടലില്‍ അകപ്പെട്ടു. തുടര്‍ന്ന് സുഹൃത്ത് ആദിലിനെ രക്ഷിക്കാനായി പിന്നാലെ കടലിലേക്ക് ഇറങ്ങി. ഇതിന് പിന്നാലെ രണ്ട് പേരെയും കാണാതാകുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ആദിന്‍ ഹസന്‍, മുഹമ്മദ് ആദില്‍ എന്നിവരെ രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അഞ്ച് കുട്ടികള്‍ ചേര്‍ന്ന് ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കളിക്കുന്നതിനിടെ വെള്ളത്തില്‍ പോയ ഫുട്ബോള്‍ എടുക്കാനായി ഇവരില്‍ മൂന്ന് പേര്‍ കടലില്‍ ഇറങ്ങിയെന്നും മൂന്നാമത്തെ കുട്ടിയെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയതാണെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

മറ്റ് രണ്ട് പേരെ രക്ഷിക്കാനായെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ കുട്ടികളിലൊരാള്‍ പറയുന്നത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തി. പിന്നാലെ പോലീസ് സംഘവും അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍, അടിയൊഴുക്ക് ശക്തമായതിനാല്‍ തെരച്ചില്‍ ദുഷ്‌കരമാണെന്നാണ് ലഭിക്കുന്ന വിവരം.

സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും ആളുകള്‍ അതൊന്നും കാര്യമായി എടുക്കുന്നില്ലെന്നും ഇതാണ് അപകടത്തിലേക്ക് നയിക്കുന്നതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആളുകള്‍ക്ക് കടലിലേക്ക് ഇറങ്ങാനാകാത്ത വിധം പ്രദേശത്ത് വേലി കെട്ടുന്നത് പരിഗണനയിലാണെന്നും അദ്ദേഹം സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.