നിപ ആശങ്കകള്‍ ഒഴിയുന്നു, കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറക്കും; പൊതുനിയന്ത്രണങ്ങള്‍ തുടരും
കോഴിക്കോട്: നിപ ജാഗ്രതയുടെഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു ശേഷം ജില്ലയിലെ വിദ്യാലയങ്ങള്‍ തിങ്കളാഴ്ച വീണ്ടും തുറക്കും. കണ്‍ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടാത്ത വിദ്യാഭ്യാസസ്ഥാപനങ്ങളാണ് സെപ്റ്റംബര്‍ 25 മുതല്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ മറ്റ് പൊതുനിയന്ത്രണങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ തുടരും.
കണ്‍ടെയ്ന്‍മെന്റ് സോണിലെ വിദ്യാലയങ്ങളില്‍ അവിടത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുംവരെ ഓണ്‍ലൈന്‍ പഠനംതന്നെയായിരിക്കും. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ എ. ഗീത നിര്‍ദേശം നല്‍കി. മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുക.

നിപ പടരാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും പിന്നീട് ഒരാഴ്ച ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തുകയുമായിരുന്നു.