‘മറന്നു പോയ ചിലത്’; ജില്ലാ കലോത്സവത്തില്‍ കവിതാ രചനയില്‍ ഒന്നാം സ്ഥാനവുമായി മടപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ എ.ആര്‍ അനിവേദ


പേരാമ്പ്ര: 62ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം മലയാളം കവിത രചനാ മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി എ.ആര്‍ അനിവേദ. മടപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു ബയോളജി സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. ‘മറന്നു പോയ ചിലത് ‘ എന്ന വിഷയത്തിലായിരുന്നു കവിത രചനാ മത്സരം.

കഴിഞ്ഞ വര്‍ഷവും മലയാളം കവിത രചനാ മത്സരത്തില്‍ അനിവേദിക്ക് ജില്ലാതലത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. കേരള സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാന തലത്തില്‍ നടത്തിയ കവിതാ രചനാ മത്സരത്തില്‍ മൂന്നു തവണ തുടര്‍ച്ചയായി ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കൂടാതെ ഗിരീഷ് പുത്തഞ്ചേരി കവിതാ പുരസ്‌കാരം, അക്ഷര വേദി കവിതാ പുരസ്‌കാരം, കലാ മുദ്ര സാഹിത്യ പ്രതിഭ പുരസ്‌കാരം, സ്പന്ദനം കവിതാ പുരസ്‌കാരം എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സൈലം- ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റില്‍ കവിത രചനാ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടി. ജില്ലാ ഭരണകൂടവും പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് നടത്തിയ ജില്ലാതല കവിത രചനാ മത്സരത്തിലും യുവകലാ സാഹിതി സംസ്ഥാനതല കവിത രചനാ മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

അനിവേദയുടെ കുഞ്ഞിക്കിളി, മഴത്തുള്ളികള്‍ എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. പത്രപ്രവര്‍ത്തകനായ അനില്‍കുമാര്‍ ഒഞ്ചിയത്തിന്റേയും അധ്യാപിക ടി.എം രജിനയുടേയും മകളാണ്.