നൂറിന്റെ നിറവിൽ വെെക്കം സത്യാ​ഗ്രഹം; ശ്രദ്ധേയമായി നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രവുമായി വടകരയിൽ സംഘടിപ്പിച്ച സെമിനാർ


വടകര: നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്ര ഭൂമികയായ വടകരയിൽ വൈക്കം സത്യാഗ്രഹ സമര ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തല സെമിനാർ ശ്രദ്ധേയമായി. സെമിനാറുകളും ജനപങ്കാളിത്തവും നവോത്ഥാന സങ്കൽപങ്ങൾക്ക് പുതു ദിശാബോധം നൽകുന്നവയായി. കേളു ഏട്ടൻ പഠന ഗവേക്ഷണ കേന്ദ്രത്തിന്റെയും വടകര മൊയാരത്ത് ശങ്കരൻ പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.

വർത്തമാന കേരളം ദുരന്തങ്ങളിൽ നിന്നും അപകീർത്തികളിൽ നിന്നും ഉയിർത്തെഴുന്നേറ്റ ചരിത്ര മുന്നേറ്റം വരച്ചു കാണിക്കുന്ന സംഗീത നൃത്ത പരിപാടിയോടു കൂടിയാണ് സെമിനാർ തുടങ്ങിയത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കെടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി മോഹനൻ, സി ഭാസ്കരൻ, ടി പി ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

കോഴിക്കോട് മലബാറിലെ ദേശീയ പ്രസ്ഥാനവും വടകരയും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് സെമിനാർ വടകരയിൽ നടത്താനുണ്ടായ കാരണം. വടകരയിൽ പ്രസിദ്ധീകരിച്ച മൊയാരത്തിന്റെ കേരള കേസരി വൈക്കം സത്യാഗ്രഹത്തിന് വലിയ പിന്തുണ നൽകിയിരുന്നു. വാഗ്ഭടാനന്ദന്റ പ്രവർത്തന കേന്ദ്രം വടകരക്ക് അടുത്തായിരുന്നു. ഗുരുവായൂർ ക്ഷേത്ര സത്യാഗ്രഹ തീരുമാനവും പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹം നടത്താനുള്ള തീരുമാനവും ഉണ്ടായത് വടകരയിൽ നിന്നാണ്. അയിത്തോച്ചാടന പ്രവർത്തനങ്ങളും വടകരയിലും പരിസര പ്രദേശങ്ങളിലും സജീവമായി നടന്നിരുന്നു.

ദേശീയ പ്രസ്ഥാനവും നവോത്ഥാന ചരിത്രവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. പി എസ് ജിനീഷ് മോഡറേറ്ററായി. ഡോ.കെ എൻ ഗണേഷ്, ഡോ. മാളവിക ബിന്നി എന്നിവർ വിഷയാവതരണം നടത്തി. ബി സുരേഷ് ബാബു സ്വാഗതവും കെ സി പവിത്രൻ നന്ദിയും പറഞ്ഞു.
നവോത്ഥാനത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. യു ഹേമന്ദ് കുമാർ മോഡറേറ്ററായി. കെഇഎൻ, ഡോ. സംഗീത ചേനംപുള്ളി, ഡോ.കെ എം അനിൽ എന്നിവർ വിഷയാവതരണം നടത്തി. പി ബാലൻ സ്വാഗതവും കെ പി ശ്രീജിത്ത് നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി. ആർ ബാലറാം സ്വാഗതവും പി കെ കൃഷ്ണദാസ് നന്ദിയും പറഞ്ഞു. വടകര ടൗൺ ഹാളിൽ രാവിലെ മുതൽ വൈകിട്ട് വരെ നടന്ന സെമിനാറിൽ ആയിരത്തിലേറെ പേർ പങ്കാളികളായി.