അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ പദ്ധതി; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/03/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ടെന്‍ഡര്‍

വനിതാ ശിശുവികസന വകുപ്പ് കുന്നുമ്മല്‍ ഐ.സി.ഡി.എസിന് കീഴിലുള്ള 175 അങ്കണവാടികളിലേക്ക് ആവശ്യമായ കോവിഡ് പ്രതിരോധ സാമഗ്രികള്‍ 2021-22 വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 8943164465

അഞ്ചാം ക്ലാസ് പ്രവേശനം

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പിനു കീഴില്‍ മരുതോങ്കരയില്‍ ആരംഭിച്ച ഗവ. ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിള്‍ അഞ്ചാം ക്ലാസ് പ്രവേശനത്തിനായി പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ പിന്നാക്ക പൊതുവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ പട്ടികജാതി വികസന ഓഫീസുകളിലും, കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിലും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറം ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭ്യമാണ്.അവസാന തീയതി മാര്‍ച്ച് 10. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379, 2370657.

ടെന്‍ഡര്‍

ജില്ലയിലെ നിയോക്രാഡില്‍ പദ്ധതിയുടെ ഉപയോഗത്തിനായി നിയോനാറ്റല്‍ മാനെക്വിന്‍സ് വിതരണത്തിനും ഇന്‍സ്റ്റാളേഷനുമായി നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 11 രാവിലെ 10 മണി വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2374990

സീല്‍ നഷ്ടപ്പെട്ടു

വടകര ഫിഷറീസ് സീനിയര്‍ കോ-ഓപ്പറേറ്റിവ് ഇന്‍സ്പെക്ടറുടെ ഡെസിഗ്‌നേഷന്‍ സീല്‍ നഷ്ടപ്പെട്ടു. ആയതിനാല്‍ പുതിയ സീല്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ആര്‍ക്കെങ്കിലും ആക്ഷേപമോ നഷ്ടപ്പെട്ട സീല്‍ ലഭിക്കുകയോ ചെയ്യുന്ന പക്ഷം പത്ത് ദിവസത്തിനകം വെസ്റ്റ്ഹില്ലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അറിയിക്കുക.

ടെന്‍ഡര്‍

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഐസിഡിഎസ് അര്‍ബന്‍ 3 കോഴിക്കോട് ഓഫീസിന് കീഴിലെ 140 അങ്കണവാടികള്‍ക്ക് കോവിഡ് പ്രതിരോധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 11. ഫോണ്‍: 0495 2461197, 8281999308

പ്രമാണ പരിശോധന

പൊതുമരാമത്ത്/ ജലസേചന വകുപ്പില്‍ രണ്ടാം ഗ്രേഡ് ഓവര്‍സിയര്‍/ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) കാറ്റഗറി നമ്പര്‍ 206/2020 തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2021 ഡിസംബര്‍ 28ന് നിലവില്‍വന്ന സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന മാര്‍ച്ച് 8, 9 തീയതികളില്‍ നടത്തുന്നു. കോഴിക്കോട് ജില്ലാ ഓഫീസില്‍ ഹാജരാകാന്‍ അറിയിപ്പ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ പദ്ധതി

2016 ഫെബ്രുവരി 2-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേരള കൈതൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമ പദ്ധതി, കേരള ബാര്‍ബര്‍/ബ്യൂട്ടീഷന്‍ ക്ഷേമ പദ്ധതി, കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമ പദ്ധതി, കേരള അലക്ക് തൊഴിലാളി ക്ഷേമ പദ്ധതി, കേരള ക്ഷേത്ര ജീവനക്കാരുടെ ക്ഷേമ പദ്ധതി, കേരള പാചക തൊഴിലാളി ക്ഷേമ പദ്ധതി എന്നീ പദ്ധതികള്‍ കൂട്ടിച്ചേര്‍ത്ത് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ പദ്ധതി രൂപീകരിച്ചിട്ടുള്ളതും പ്രതിമാസ അംശാദായം 2016 ഫെബ്രുവരി മാസം മുതല്‍ 100 രൂപയായി ഏകീകരിച്ചിട്ടുള്ളതുമാണ്.

പഴയ പദ്ധതികള്‍ റദ്ദായ സാഹചര്യത്തില്‍ ഈ പദ്ധതികള്‍ പ്രകാരമുള്ള അംശാദായം ഇപ്പോഴും ബാങ്കില്‍ നേരിട്ട് അടച്ചുവരുന്നവര്‍ പുതുക്കിയ നിരക്കിലുള്ള അംശാദായ കുടിശ്ശിക അടച്ച് പുതിയ പദ്ധതിയില്‍ അംഗത്വം നേടേണ്ടതും തുടര്‍ന്ന് പ്രതിമാസം 100 രൂപ നിരക്കില്‍ അംശാദായം അടക്കേണ്ടതുമാണ്. അല്ലാത്തപക്ഷം തുടര്‍ന്ന് പെന്‍ഷനുള്‍പ്പെടെയുള്ള യാതൊരുവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2378480 ഇമെയില്‍: [email protected]

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: അപേക്ഷകള്‍ ക്ഷണിച്ചു

വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാന്‍ ക്ഷേമബോര്‍ഡ് ഓഫീസുകളുടെ സൗജന്യ സഹായം ലഭിക്കുന്നതാണ്. ഓരോ മേഖലയില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷകള്‍ www.lc.kerala.gov.in ലൂടെ സമര്‍പ്പിക്കണം. അവസാന തീയതി മാര്‍ച്ച് 7. ഫോണ്‍: 04842423110, 8547655290

യുവജന കമ്മീഷന്‍ ദ്വിദിന ദേശീയ സെമിനാര്‍

കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ മാര്‍ച്ചില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികവുപുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന.

അപേക്ഷകള്‍ [email protected] എന്ന മെയില്‍ ഐഡി വഴിയോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസിലോ നേരിട്ട് നല്‍കാവുന്നതാണ്. അവസാന തീയതി മാര്‍ച്ച് 10. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2308630, 8086987262, 7907565474 വെബ്സൈറ്റ്: www.ksyc.kerala.gov.in

ടെന്‍ഡര്‍

വനിത ശിശുവികസന വകുപ്പ് പേരാമ്പ്ര ഐസിഡിഎസിന് കീഴിലെ 171 അങ്കണവാടികളിലേക്ക് ആവശ്യമായ കോവിഡ് പ്രതിരോധ സാമഗ്രികള്‍ 2021-22 വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 10 രാവിലെ 11.30 വരെ. ഫോണ്‍: 8943164466

വീഡിയോ എഡിറ്റിങ് കോഴ്സ്

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ മാര്‍ച്ച് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് മാര്‍ച്ച് 10 വരെ അപേക്ഷ സ്വീകരിക്കും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068., 9447607073

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിലേക്ക് കരാറടിസ്ഥാനത്തില്‍ 2021-22 വര്‍ഷത്തേക്ക് യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നതിനായി മാര്‍ച്ച് 7 ഉച്ചക്ക് 2.30ന് അഭിമുഖം നത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി നമ്പ്രത്ത്കര ഹോമിയോ ഡിസ്പെന്‍സറിയില്‍ നേരിട്ട് ഹാജരാകുക. ഫോണ്‍: 9446376477

സൗജന്യ തൊഴില്‍ പരിശീലന കോഴ്സ്

കേന്ദ്ര, കേരള സര്‍ക്കാരുകളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ഡിഡിയു-ജികെവൈ തൊഴില്‍ നൈപുണ്യ പരിപാടിയുടെ ഭാഗമായുള്ള അക്കൗണ്ടിങ് കോഴ്സിലേക്ക് ബിപിഎല്‍ കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട 18നും 35നും ഇടയില്‍ പ്രായമുള്ള എസ്.സി/ എസ്.ടി/ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. വിവരങ്ങള്‍ക്ക് ഫോണ്‍: 8921773368

വനിതാ ദിനാചരണം: സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിനും ഫ്ളാഷ് മോബും സംഘടിപ്പിക്കും

അന്തര്‍ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി ശിശു വികസന വകുപ്പ് – സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിനും ഫ്ളാഷ് മോബും സംഘടിപ്പിക്കും.

മാര്‍ച്ച് നാലിന് കോഴിക്കോട് എസ്.എം സ്ട്രീറ്റിലാണ് സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. അന്നേദിവസം വൈകീട്ട് നാല് മണിക്ക് മേയര്‍ ഡോ. ബീനാ ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, വനിതാ സംരക്ഷണ ഓഫീസര്‍ ഡോ. എ.കെ. ലിന്‍സി എന്നിവര്‍ പങ്കെടുക്കും.

മാര്‍ച്ച് 8 വൈകീട്ട് അഞ്ച് മണിക്ക് ബീച്ചില്‍ നടത്തുന്ന ഫ്ളാഷ് മോബ് കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും.

വീടുകളില്‍ എത്തും കൊടിയത്തൂര്‍ പഞ്ചായത്തിന്റെ വൃക്ഷത്തൈകള്‍; കൊടിയത്തൂരില്‍ നഴ്‌സറി ഫാമിങ് പദ്ധതി

പരിസ്ഥിതി സംരക്ഷണം വീട്ടില്‍ നിന്നും എന്ന ലക്ഷ്യത്തോടെ കൊടിയത്തൂര്‍ പഞ്ചായത്തിന്റെ നഴ്‌സറി ഫാമിങ് പദ്ധതി. പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിലെ 2000-ത്തിലേറെ വീടുകളിലേക്ക് വിതരണം ചെയ്യാനുള്ള വൃക്ഷത്തൈകളാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കെട്ടിടത്തിന് പിറകുവശത്തുള്ള തരിശു ഭൂമിയില്‍ മണ്ണിട്ട് കൃഷിയോഗ്യമാക്കി വിത്തുകള്‍ മുളപ്പിച്ച് തൈകള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം.

തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് തൈകളുടെ പരിപാലനവും മേല്‍നോട്ടവും. നെല്ലി, മാതളം, സീതപ്പഴം, പേര തുടങ്ങി 15-ലേറെ വ്യത്യസ്ത ഇനത്തിലുള്ള തൈകളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്തില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളും ഒരുക്കുന്നുണ്ട്. സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഫലവൃക്ഷതൈകള്‍ക്ക് പുറമെ ഔഷധ സസ്യങ്ങളും വീടുകളില്‍ എത്തിക്കും.

ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും തൈകള്‍ എത്തിക്കുകയാണ് ലക്ഷ്യം. നെല്ലി, ആര്യവേപ്പ്, ലക്ഷ്മിതരു, കണിക്കൊന്ന, മാതളം, മാവ്, പ്ലാവ്, ചെറുനാരങ്ങ, കറിവേപ്പ് എന്നിവയുടെ തൈകള്‍ ഉടന്‍ എത്തിച്ച് വിതരണത്തിനായി സജ്ജമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വായാട് എസ്.ടി കോളനിയില്‍ ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിര്‍വഹിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയിലുള്‍പ്പെടുത്തി, കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ സഹകരത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ.നജീബ്, ജീവിതശൈലി രോഗവിഭാഗം ഡോ.അമല്‍ജ്യോതി, കണ്ണ് രോഗവിഭാഗം ഡോ, ഷഹനാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ആവശ്യമുള്ളവര്‍ക്ക് മരുന്നും വിതരണം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീബ സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.കെ ലീല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി എം.പി കുഞ്ഞിരാമന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ഷാജു ടോംപ്ലാക്കല്‍, വാര്‍ഡ് മെമ്പര്‍ അല്‍ഫോന്‍സ, വാര്‍ഡ് കണ്‍വീനര്‍ വിനീഷ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

ജലഗുണനിലവാര പരിശോധന ലാബിന്റെ ഉദ്ഘാടനം നാളെ

ഹരിതകേരളം മിഷന്‍ ജലഉപമിഷന്റെ ഭാഗമായി പുതുപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിക്കുന്ന ജലഗുണനിലവാര പരിശോധന ലാബിന്റെ ഉദ്ഘാടനം നാളെ (മാര്‍ച്ച്4) എംഎല്‍എ ലിന്റോ ജോസഫ് നിര്‍വഹിക്കും.

ഹയര്‍ സെക്കണ്ടറി സ്‌ക്കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസിന്റെ പ്രത്യേക വികസന നിധിയില്‍ നിന്നും 1.6 ലക്ഷം രൂപ വകയിരുത്തിയാണ് ലാബ് സജ്ജീകരിച്ചത്.

ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രാഥമിക ലാബ് സൗകര്യം എല്ലാ തദ്ദേശഭരണ സ്ഥാപനതലത്തിലും സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തത്. ജലപരിശോധനയുമായി ബന്ധപ്പെട്ട് ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത ലവണ സാന്നിദ്ധ്യം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖര പദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം എന്നിവയാണ് ഈ ലാബുകളില്‍ പ്രധാനമായും പരിശോധിക്കുന്നത്. സ്‌കൂളിലെ കെമിസ്ട്രി അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ കൂടെ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലപരിശോധന സംബന്ധിച്ചു ഓണ്‍ലൈനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഇതിനോടകം പരിശീലനം നടത്തിയിട്ടുണ്ട്.

പുതുപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷ സുല്‍ത്താന അധ്യക്ഷത വഹിക്കും.

ഭൂമി ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തി

മണിയൂര്‍ പഞ്ചായത്തിലെ ചൊവ്വാപുഴ തീരത്ത് പതിറ്റാണ്ടുകളായി അന്യാധീനപ്പെട്ടു കിടന്ന പത്ത് ഏക്കറോളം ഭൂമി ഏറ്റെടുക്കല്‍ പ്രഖ്യാപനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എ.വി.അബ്ദുല്‍ ലത്തീഫും വടകര തഹസില്‍ദാര്‍ കെ.കെ. പ്രസീല്‍ കുമാറും ചേര്‍ന്ന് നടത്തി. ഇത്രയധികം ഭൂമി വളരെ ചെറിയ സമയത്തിനുള്ളില്‍ ഏറ്റെടുത്ത മണിയൂര്‍ പഞ്ചായത്ത് ഭരണസമിതിയെ ഇരുവരും പ്രശംസിച്ചു.

ഏറ്റെടുത്ത ഭൂമിയില്‍ ബാംബൂ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൂറിസ്റ്റ് വില്ലേജും ജൈവ വൈവിധ്യ പാര്‍ക്കും കണ്ടല്‍ക്കാടുകളും തൊഴിലുറപ്പ് പദ്ധതിയുടെ നഴ്സറിയും സ്ഥാപിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് അറിയിച്ചു. സെക്രട്ടറി സജിത് കുമാര്‍ എം.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ശോഭന സ്വാഗതം പറഞ്ഞു. എം.ശ്രീലത,കെ.വി രാഘവന്‍,എം.ജയപ്രഭ, കെ.ശശിധരന്‍ മാസ്റ്റര്‍, പ്രമോദ് മൂഴിക്കല്‍, പി.കെ ദിവാകരന്‍ മാസ്റ്റര്‍,സി.ടി.ബാബുരാജ്,സി.വിനോദന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി സത്യന്‍ നന്ദി പറഞ്ഞു.

കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റേയും ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ തൂണേരി ബ്ലോക്ക് പഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കര്‍ഷകര്‍ക്കായി പരിശീലന പരിപാടിയും കൃഷിയിട സന്ദര്‍ശനവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത സ്ഥാപനങ്ങള്‍ക്ക് കാര്‍ഷിക സര്‍വ്വകലാശാലയുടെ ഏക കിറ്റും വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഇന്ദിര,കാര്‍ഷിക സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫ. ഇ.എന്‍ ഷിജിനി,കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. സുമറാണി തുടങ്ങിയവര്‍ പങ്കെടുത്തു.