കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (29/05/23) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

ജൽ ജീവൻ മിഷൻ അധിക പ്രവർത്തികൾക്കുള്ള തുക വകയിരുത്തി

ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട വിവിധ പഞ്ചായത്തുകളിലായി പുതുതായി നൽകേണ്ട കുടിവെള്ള കണക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി. ജില്ലാ കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ജല ശുചിത്വ മിഷൻ യോഗത്തിലാണ് തുക വകയിരുത്തിയത്.

2020 സർവേ പ്രകാരം ജൽ ജീവൻ മിഷൻ പദ്ധതി വഴി 4,28,394 കണക്ഷൻ നൽകാൻ 3,82,177.95 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 2020 മാർച്ചിന് ശേഷമുള്ള  കണക്ഷനുകൾ നൽകുന്നതിനും  റോഡുകളുടെ പുനർനിർമ്മാണത്തിനും ഉയർന്ന മേഖയിൽ സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് വെള്ളമെത്തിക്കുന്നതിനായി ബൂസ്റ്റർ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുമാണ് ഇപ്പോൾ തുക വകയിരുത്തിയത്.

തിരുവള്ളൂർ, ആയഞ്ചേരി, മണിയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിയിൽ അധികമായി വന്ന 9,153.21 ലക്ഷം രൂപ, വിവിധ പഞ്ചായത്തുകളിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വകയിരുത്തിന്നതിനും തുടർ നടപടികളുമായി മുന്നോട്ടുപോകുന്നതിനും നേരത്തേ അംഗീകാരം നൽകിയിരുന്നു. ഇതേ തുകയിൽ നിന്നും കക്കോടി, കുരുവട്ടൂർ, തുറയൂർ, കാവിലുംപാറ, മരുതോങ്കര എന്നീ പഞ്ചായത്തുകൾക്ക്  ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി അധികമായി ആവശ്യമായ 3,058 ലക്ഷം രൂപ വകയിരുത്തിയിരുന്നു.

ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറിയും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീറുമായ എ. അരുൺകുമാർ അജണ്ട അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ ജല ശുചിത്വമിഷൻ മെമ്പർമാരും പദ്ധതി സഹായ ഏജൻസി പ്രതിനിധിയും പങ്കെടുത്തു.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കായണ്ണ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സ്കൂളുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ നാരായണൻ നിർവഹിച്ചു.

കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാട്ടനോട് യു പി സ്കൂൾ, ചെറുകാട് കെ വി എൽ പി സ്കൂൾ, നിർമല യു പി സ്കൂൾ എന്നിവയും മറ്റ് സർക്കാർ സ്ഥാപനങ്ങളും ശുചീകരിച്ചു. കായണ്ണ ഗവ. യു പി സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.സി ശരൺ, ഹെഡ്മാസ്റ്റർ ആനന്ദൻ മാസ്റ്റർ, ഇ കെ സുരേഷ്, സത്യൻ ആഴത്തിൽ, ശ്രീജിത്ത് മാസ്റ്റർ, ഷീന എ.സി, വിജി ചെട്ട്യാങ്കണ്ടി, ജിസ്ന എ.സി, ശ്രീധരൻ നായർ എൻ.ടി തുടങ്ങിയവർ നേതൃത്വം നൽകി.

കായണ്ണ ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുന്നതായി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ നാരായണൻ പറഞ്ഞു. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് ശേഖരണവും നടക്കുന്നുണ്ട്. മഴക്കാലപൂർവ്വ ശുചീകരണത്തിന് ഭാഗമായി തോടുകളും ജലാശയങ്ങളും നീർച്ചാലുകളും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ ഡ്രൈവർ പരിശീലനംമോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 31 ന് രാവിലെ 9 മണി മുതൽ വെള്ളിമാടുകുന്ന്, ചേവായൂർ പോലീസ് സ്റ്റേഷനു സമീപത്തുള്ള അമൃത വിദ്യാലയത്തിൽ സ്കൂൾ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നു. പരിശീലന പരിപാടിയിൽ എല്ലാ ഡ്രൈവർമാരെയും പങ്കെടുപ്പിക്കുന്നതിന് ജില്ലയിലെ എല്ലാ സ്കൂൾ മേലധികാരികളും ശ്രദ്ധിക്കണമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. എല്ലാ സ്കുൾ ഡ്രൈവർമാരും ഡ്രൈവിംഗ് ലൈസൻസും സ്കൂൾ മേലധികാരിയുടെ കത്തും സഹിതം കൃത്യസമയത്ത് ഹാജരാവേണ്ടതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ സ്കൂൾ ഡ്രൈവർമാർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ വിവിധ പ്രവർത്തികൾ കാര്യക്ഷമമാക്കാൻ തീരുമാനം
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ കേരള വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾ സമയബന്ധിതമായി നടത്തുന്നതിനും മഴക്കാലത്തിന് മുമ്പായി പൊളിച്ചിട്ട റോഡുകളുടെ പുനരുദ്ധാരണം പൂർത്തീകരിക്കാനും തീരുമാനമായി. കെ.ഡബ്ല്യൂ.എ മെയിന്റനൻസ്, ജലജീവൻ പ്രവൃത്തികൾ കാര്യക്ഷമമാക്കുന്നതിന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും
ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
ജലജീവൻ പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ 73 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയും ഇതുവരെ 8206 കുടിവെള്ള കണക്ഷനുകൾ നൽകുകയും ചെയ്ത സാഹചര്യത്തിൽ ബാക്കി വരുന്ന കണക്ഷനുകൾ കൂടി നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, വൈസ് പ്രസിഡന്റ് സി ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ പ്രതീഷ്, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.ജി അകിൽ, അസി. എഞ്ചിനീയർമാരായ കെ.ടി ബിനോജ് കുമാർ,  ഒ.പി രൂപേഷ് തുടങ്ങിയവർ സംസാരിച്ചു.
വനം വകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണം ജൂണ്‍ അഞ്ചു മുതല്‍
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് വനം വകുപ്പ് സൗജന്യമായി വൃക്ഷത്തൈ വിതരണം ചെയ്യുന്നു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചു മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം. വരുന്ന മൂന്നു വര്‍ഷങ്ങളിലായി വൃക്ഷത്തൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സര്‍ക്കാരേതര സംഘടനകള്‍ക്കും തൈകള്‍ ലഭ്യമാക്കും. സൗജന്യമായി കൈപ്പറ്റുന്ന തൈകള്‍ വില്‍ക്കാനോ നടാതെ മാറ്റി വയ്ക്കാനോ പാടില്ല. ഇക്കാര്യം വനം വകുപ്പ് അധികൃതര്‍ നേരിട്ട്  പരിശോധിച്ച് ഉറപ്പു വരുത്തും.
കോഴിക്കോട് വനം മേഖലയിൽ (കാസർഗോഡ് -52700, കണ്ണൂര്‍-50000, കോഴിക്കോട്-40000, വയനാട്-40000, മലപ്പുറം-50000) ആകെ 23,27,00 തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. തൈകള്‍ അതത് വനം വകുപ്പ് ഓഫീസുകളില്‍ നിന്നും ജൂണ്‍ അഞ്ചു മുതല്‍ 2023 ജൂലൈ ഏഴു വരെ നേരിട്ട് കൈപ്പറ്റാം.
ചലച്ചിത്രാസ്വാദന ക്യാമ്പിന് സമാപനം
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പ് സമാപിച്ചു. സിനിമ എന്ന കലാരൂപത്തെ ആഴത്തിലറിയാനും ആസ്വദിക്കാനുമുതകുന്ന ചലച്ചിത്രപ്രദര്‍ശനങ്ങളും സജീവമായ സംവാദങ്ങളുമായി കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു ക്യാമ്പ്.
മേയര്‍ ഡോ.ബീന ഫിലിപ്പ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പുതിയ രസങ്ങളെയും അഭിരുചികളെയും വികസിപ്പിക്കാനുള്ള ശേഷി നല്‍കുകയാണ് ഇത്തരം ക്യാമ്പുകളുടെ ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി അരുണ്‍ ഗോപി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ നടനും നാടകകൃത്തും സംവിധായകനുമായ ജയപ്രകാശ് കുളൂര്‍, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും സംവിധായകരുമായ പ്രദീപ് ചൊക്‌ളി, മനോജ് കാന, സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദര്‍ശക്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍, ക്യാമ്പ് ഡയറക്ടറും നടിയുമായ ഗായത്രി വര്‍ഷ എന്നിവര്‍ പങ്കെടുത്തു.
മികച്ച ആസ്വാദനക്കുറിപ്പിനുള്ള 2000 രൂപയുടെ കാഷ് അവാര്‍ഡ് എസ്. നിവേദിതയ്ക്ക് ജയപ്രകാശ് കുളൂര്‍ സമ്മാനിച്ചു.  മികച്ച ക്യാമ്പ് അംഗത്തിനുള്ള കാഷ് അവാര്‍ഡ് മഹീന്ദ്ര എസ് നായര്‍, ധിഷന്‍ചന്ദ് എന്‍.സി എന്നിവര്‍ പങ്കിട്ടു. ക്യാമ്പില്‍ വടക്കന്‍ ജില്ലകളിലെ 8,9,10 ക്‌ളാസ്സുകളിലുള്ള 63 കുട്ടികള്‍ പങ്കെടുത്തു.
നടി അനുമോള്‍, സംവിധായകന്‍ അഷ്‌റഫ് ഹംസ, തിരക്കഥാകൃത്ത് വിനോയ് തോമസ്, പിന്നണി ഗായികയും നടിയും ശബ്ദലേഖികയുമായ രശ്മി സതീഷ്, സംവിധായകന്‍ മനോജ് കാന, നടന്‍ മനോജ് കെ.യു, നടനും നാടകകൃത്തും സംവിധായകനുമായ ജയപ്രകാശ് കുളൂര്‍, നിരൂപകന്‍ പി. പ്രേമചന്ദ്രന്‍  തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.
ഹൈഫ അല്‍ മന്‍സൂര്‍ സംവിധാനം ചെയ്ത സൗദി അറേബ്യന്‍ സിനിമയായ ‘വാജ്ദ’, നാഗരാജ് മഞ്ജുളെയുടെ പാവ് സാച്ച നിബദ്ധ്, സത്യജിത് റായിയുടെ ‘റ്റു’, ആല്‍ബര്‍ട്ട് ലമോറിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘ദി റെഡ് ബലൂണ്‍ ‘തുടങ്ങിയ സിനിമകള്‍  ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു.
വാണിമേൽ പഞ്ചായത്ത് വികസനോത്സവം സമാപിച്ചു 
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാണിമേൽ പഞ്ചായത്ത്തല വികസനോത്സവം 23-24′ സമാപിച്ചു. വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ ഊരുകള്‍ കേന്ദ്രീകരിച്ചുള്ള കലാകായിക പരിപാടികളുടെ സമാപന സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ മാനസികവും ശാരീരികവും വൈജ്ഞാനികവുമായ ഉന്നമനം ലക്ഷ്യമാക്കി സ്കൂൾ അവധിക്കാലം മാറ്റിയെടുക്കുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കുട്ടികളുടെ കലാകായിക സാംസ്കാരിക പരിപാടിയാണ് “വികസനോത്സവം ‘. ഇതിന്റെ ഭാഗമായി  മെയ് 27 മുതൽ  വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ ഊരുകള്‍ കേന്ദ്രീകരിച്ച് നിരവധിയായ കലാകായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വിലങ്ങാട് പാരിഷ് ഹാളിൽ നടന്ന  സമാപന സമ്മേളനത്തിൽ കലാകായിക മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. എസ്  എസ് എൽ സി, പ്ലസ് ടു  വിജയികൾക്കുള്ള  ജില്ലാ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ  ഉപഹാരം പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷമീർ എ വിതരണം ചെയ്തു.
കായിക മത്സരങ്ങളുടെ ഭാഗമായി നടന്ന വോളിബോൾ മത്സരം ചിറ്റാരി  കോളനിയിലും  അത് ലറ്റിക്സ്, വടംവലി മത്സരങ്ങൾ വിലങ്ങാട്  സ്കൂളിലും   നടന്നു. പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെയും വാണിമേൽ ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വോളിബോൾ മത്സരം ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ  എം കെ മെഹറൂഫ് ഉദ്ഘാടനം ചെയ്തു. വടംവലി മത്സര വിജയികൾക്കുള്ള സമ്മാനം വാണിമേൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സൽമ രാജു വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി സുരേന്ദ്രൻ മാസ്റ്റർ വാണിമേൽ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് സൽ‍മാരാജു, തൂണേരി  ബ്ലോക്ക്  പഞ്ചായത്ത്   വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ  ഇന്ദിര കെ കെ, വാണിമേൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്ര ബാബു, വാർഡ് മെമ്പർമാരായ ജാൻസി, മജീദ്, വിവിധ കോളനികളിലെ ഊര് മൂപ്പൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു . പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷമീർ എ സ്വാഗതവും എസ്ടി പ്രൊമോട്ടർ സജിന എസ് നന്ദിയും പറഞ്ഞു.