കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (19/03/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ലീഗല്‍ മെട്രോളജി അദാലത്ത്; രജിസ്ട്രേഷന്‍ ഏപ്രില്‍ 10 വരെ

കോവിഡ് സാഹചര്യത്തിലും മറ്റ് കാരണങ്ങളാലും അളവ് തൂക്ക ഉപകരണങ്ങള്‍ക്ക് യഥാസമയം മുദ്ര പതിപ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മുദ്ര പതിപ്പിച്ച് നല്‍കാന്‍ ലീഗല്‍ മെട്രോളജി അദാലത്ത് സംഘടിപ്പിക്കുന്നു. 500 രൂപ രജിസ്ട്രേഷന്‍ ഫീസും പരമാവധി ആറ് ക്വാര്‍ട്ടറിന്റെ അധിക ഫീസും മുദ്ര ഫീസും ഈടാക്കും. അദാലത്തിനായി ഏപ്രില്‍ 10 വരെ ജില്ലയിലെ എല്ലാ താലൂക്കുകളിലുമുള്ള ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8281698107, 8281698108, 8281698109, 8281698106 (ഓട്ടോ), 8281698105 (കോഴിക്കോട്), 0496 2623032 (കൊയിലാണ്ടി), 0496 2524441(വടകര), 0495 2980040 (താമരശ്ശേരി)

കേരള ലളിതകലാ അക്കാദമി കലാകാരന്മാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷക്ക് അപേക്ഷിക്കാം

കേരള ലളിതകലാ അക്കാദമി 2022-23 വര്‍ഷത്തേയ്ക്ക് ചിത്ര-ശില്പ കലാകാരന്മാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കലാവിദ്യാഭ്യാസം നേടിയവര്‍, മൂന്ന് ദിവസത്തില്‍ കുറയാത്ത അക്കാദമി ക്യാമ്പില്‍ പങ്കെടുത്തവര്‍, കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത് കലാ അക്കാദമിയുടെയോ കലാപ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍, ഗ്രാന്റ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവര്‍ എന്നിവരെയാണ് ഇന്‍ഷൂറന്‍സിലേയ്ക്ക് പരിഗണിക്കുന്നത്. അക്കാദമി വെബ്‌സൈറ്റില്‍ (www.lalithkala.org) ലഭ്യമായിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബോര്‍ഡ്, യൂണിവേഴ്‌സിറ്റി, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കൂടിയവരും അപേക്ഷിക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31.

ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്): തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് I എന്‍.സി.എ-ഒ.ബി.സി (കാറ്റഗറി നം. 177/2020), യു.പി.എസ് I എന്‍.സി.എ-ഹിന്ദു നാടാര്‍ (കാറ്റഗറി നം. 178/2020), യു.പി.എസ് I എന്‍.സി.എ-എസ്.സി (കാറ്റഗറി നം. 180/2020) തസ്തികയുടെ അപേക്ഷകള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

കേരള ചുമട്ടുതൊഴിലാളി സ്‌കാറ്റേര്‍ഡ് വിഭാഗം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം

26 (എ) പ്രകാരം ലേബര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള, അണ്‍ അറ്റാച്ച്ഡ്, അറ്റാച്ച്ഡ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത മുഴുവന്‍ ചുമട്ടുതൊഴിലാളികളും കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി. ഇതിനായി കോഴിക്കോട് ജില്ലയിലെ 26 (എ) കാര്‍ഡ് ലഭിച്ച മറ്റു പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത മുഴുവന്‍ ചുമട്ടുതൊഴിലാളികളും അടിയന്തിരമായി കേരള ചുമട്ടുതൊഴിലാളി സ്‌കാറ്റേര്‍ഡ് വിഭാഗം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 0495 2366380, 2975274, 2765274.

സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല

വാര്‍ഷിക സ്റ്റോക്കെടുപ്പ് കാരണം 2022 ഏപ്രില്‍ 1, 2, 4 തീയ്യതികളില്‍ മേഖലാ സ്റ്റേഷനറി ഓഫീസില്‍ നിന്ന് സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു.

ക്വട്ടേഷന്‍

വനിതാശിശു വികസന വകുപ്പിന് കീഴിലെ കോഴിക്കോട് വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്സില്‍ സ്ഥിതി ചെയ്യുന്ന ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ പാഴ് വസ്തുക്കള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സ്ഥാപനത്തിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ക്വട്ടേഷന്‍ നല്‍കാവുന്നതാണ്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 26ന് വൈകീട്ട് നാല് മണി വരെ. ഫോണ്‍: 04952730459.

ലേലം

കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനും വനിതാ സെല്‍ കെട്ടിടത്തിനുമിടയില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍ മാര്‍ച്ച് 30ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും.

ഗോത്ര കലാമേള ‘തുടി’ 21, 22 തീയതികളില്‍

പട്ടികവര്‍ഗ്ഗ വികസനവകുപ്പ് സംഘടിപ്പിക്കുന്ന പാരമ്പര്യ ഗോത്ര കലാമേളയായ തുടി 2022 മാര്‍ച്ച് 21, 22 തീയതികളില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. മാര്‍ച്ച് 21 വൈകീട്ട് അഞ്ചിന് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം നിര്‍വ്വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

അന്യം നിന്നു പോകുന്ന പാരമ്പര്യ ഗോത്ര വര്‍ഗ്ഗ കലകളെ ശാക്തീകരിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വൈവിധ്യമാര്‍ന്ന ഗോത്ര കലാപരിപാടികള്‍ മേളയില്‍ അരങ്ങേറും. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായ ചടങ്ങില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ബെന്നി പി. തോമസ് സ്വാഗതം പറയും.

വേള്‍ഡ് ഡൗൺസിന്‍ഡ്രോം ദിനം ആഘോഷിക്കും

വേള്‍ഡ് ഡൗണ്‍സിന്‍ഡ്രോം ദിനത്തിന്റെ ഭാഗമായി സി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 21 തിങ്കളാഴ്ച്ച രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായിരിക്കും. ഡബ്ല്യൂ.ഡി.എസ്.ഡി പോസ്റ്റര്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സിനിമാനടന്‍ ഗോപികൃഷ്ണന്‍ കെ. വര്‍മ്മ നിര്‍വ്വഹിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കലും സാംസ്‌കാരിക പരിപാടികളും നടക്കും.

പുതുപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം നിര്‍മാണോദ്ഘാടനം 21ന്

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് പുതുപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം നിര്‍മാണോദ്ഘാടനം മാര്‍ച്ച് 21 ന് രാവിലെ 11 മണിക്ക് പുതുപ്പാടി സെന്റ് ജോര്‍ജ്ജ് കാത്തലിക് ചര്‍ച്ച് പാരിഷ് ഹാളില്‍ വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി നിർവ്വഹിക്കും. തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കും. എം.പി രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായിരിക്കും.

കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ നല്‍കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് കെ.എസ്.ഇ.ബി. ലിമിറ്റഡ്. ഈ സ്ഥാപനത്തെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതുപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. 20,000 ല്‍പ്പരം ഉപഭോക്താക്കളുള്ളതും നിലവില്‍ വാടകക്കെട്ടിടത്തില്‍ പരിമിതമായ സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നതുമായ പുതുപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് വെസ്റ്റ് പുതുപ്പാടിയില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ള ബോര്‍ഡിന്റെ സ്വന്തം സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം: ആറംഗ ലോക്കല്‍ കംപ്ലയിന്റ് കമ്മറ്റി പുനഃസംഘടിപ്പിച്ചു

2013 പ്രകാരം തൊഴില്‍ സ്ഥാപനങ്ങളില്‍ പത്ത് ജീവനക്കാരില്‍ കുറവാണെന്നതിനാലോ പരാതി തൊഴിലുടമയ്ക്കെതിരെയാണെന്നതിനാലോ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലാത്തതുമായ സ്ഥാപനങ്ങളിലെ ലൈംഗിക പീഡനം സംബന്ധിച്ച് പരാതി നല്‍കുന്നതിന് കെ. അജിത (പ്രസിഡണ്ട് അന്വേഷി- 9349127426) ചെയര്‍പേഴ്സണായും, അബ്ദുള്‍ബാരി (ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കോഴിക്കോട്- 8281541754) കണ്‍വീനറായും അഡ്വ. സീനത്ത് (പഞ്ചായത്ത് അംഗം- 949551257), അഡ്വ. അബിജ (9446681038), ഡോ. ലിന്‍സി, (വനിതാ സംരക്ഷണ ഓഫീസര്‍ കോഴിക്കോട്- 9446693293) എന്നിവരെ അംഗങ്ങളായും ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലാതലത്തില്‍ ആറംഗ ലോക്കല്‍ കംപ്ലയിന്റ് കമ്മറ്റി പുനഃസംഘടിപ്പിച്ചു. പരാതികള്‍ സമര്‍പ്പിക്കുന്നതിന് കമ്മറ്റി അംഗങ്ങളെ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

വേങ്ങേരി വില്ലേജ് തല ജനകീയ സമിതി തുടങ്ങി.

വേങ്ങേരി വില്ലേജിലെ വില്ലേജ്തല ജനകീയ സമിതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു. വാർഡ് കൗൺസിലർ പ്രവീൺ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.സി. ശോഭിത, രാജേഷ് വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കോഴിക്കോട് തഹസിൽദാർ ഗോകുൽദാസ് സ്വാഗതവും വില്ലേജ് ഓഫീസർ നന്ദിയും പറഞ്ഞു.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന് 3.7989 കോടി രൂപയുടെ പ്രോത്സാഹന ധനസഹായം

കോഴിക്കോട് ജില്ലാ പഞ്ചായത്തിന് 3.7989 കോടി രൂപയുടെ പ്രോത്സാഹന ധനസഹായം ലഭിച്ചു. ക്രാഡിൽ, ഇനേബ്ളിംഗ് കോഴിക്കോട് എന്നീ പദ്ധതികൾക്കാണ് ഇൻസൻ്റീവ് ലഭിക്കുക. ആദ്യഘട്ടത്തിൽ അനുവദിച്ച 2.34 കോടി രൂപയുടെ പ്രൊപ്പോസൽ റിവൈസ് ചെയ്ത് സമർപ്പിച്ചതിനെ തുടർന്നാണ് 3.7989 കോടി രൂപ അനുവദിച്ചത് . ജില്ലാ വനിതാ ശിശു വികസന ഓഫീസർ, ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പ്ലാനിങ് ഓഫീസർ എന്നിവരാണ് നിർവ്വഹണ ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥരെ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അഭിനന്ദിച്ചു. മുൻ ജില്ലാ കലക്ടർ ആണ് പദ്ധതികൾ ആരംഭിച്ചത്.

ലതാ മങ്കേഷ്‌കര്‍ സ്മൃതി നാളെ; പ്രവേശനം സൗജന്യം

ആസാദി കാ അമൃത് മഹോത്സവം ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ലതാ മങ്കേഷ്‌കര്‍ സ്മൃതി നാളെ (മാര്‍ച്ച് 20) ടാഗോര്‍ സെന്റിനറി ഹാളില്‍ അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

ശശി പൂക്കാടും സംഘവും അവതരിപ്പിക്കുന്ന ലതാ മങ്കേഷ്‌കറുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ലതാ ജീ കീ ആവാസ്- ജുഗല്‍ ബന്ദിയും ഗസല്‍രാവും ഉണ്ടായിരിക്കും. കൂടാതെ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തിന് രണ്ടു തവണ എ ഗ്രേഡ് നേടിയ ചേമഞ്ചേരി പൂക്കാട് സ്വദേശി വി.കെ. ആദര്‍ശിന്റെ നേതൃത്വത്തില്‍ ചെണ്ടമേളവും കാലിക്കറ്റ് കലാലയയിലെ ഇസല്‍ മലബാര്‍ കോല്‍ക്കളി സംഘം നാസര്‍ കുരിക്കളുടെയും ലത്തീഫ് കുരിക്കളുടെയും നേതൃത്വത്തില്‍ കോല്‍ക്കളിയും നടക്കും.

കേരള സാംസ്‌കാരിക വകുപ്പ് ഫെല്ലോഷിപ്പ് ജേതാവ് അനീഷ് മണ്ണാര്‍ക്കാടും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും പരിപാടിയോടനുബന്ധിച്ച് അരങ്ങേറും. എടക്കാട് നാടക കൂട്ടായ്മയുടെ ‘അവാര്‍ഡ്’ എന്ന നാടകവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ, സര്‍ക്കാറിന്റെ വികസന ഫോട്ടോ-വീഡിയോ പ്രദര്‍ശനവും നടക്കും.

ജില്ലാ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടി വൈകുന്നേരം ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. തുറമുഖ-മ്യൂസിയം-പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയാവും. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി എന്നിവരുടെ വിശിഷ്ടസാന്നിധ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ രാജേന്ദ്രന്‍ എടത്തുംകര സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രത്യേക പ്രഭാഷണം നടത്തും.

ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ സബ് കളക്ടര്‍ വി. ചെല്‍സാസിനി, അസിസ്റ്റന്റ് കളക്ടര്‍ മുകുന്ദ് ആര്‍., എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഐ ആന്റ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അയ്യപ്പന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷ്റഫ് കാവില്‍, ജില്ലാ വനിതാശിശു വികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ദീപ കെ. എന്നിവര്‍ പങ്കെടുക്കും.

പഠനവിടവ് നേരിട്ട കുട്ടികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോവിഡ് മൂലം പഠനവിടവ് നേരിട്ട കുട്ടികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂര്‍ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഗവ. ഫറോക്ക് ഗണപത് സ്‌കൂളില്‍ നടന്ന മണ്ഡലംതല വിദ്യാഭ്യാസ യോഗം ‘ഫ്യൂച്ചര്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് നടന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കും രക്ഷിതാക്കളുടെ ഇടപെടലുകള്‍ ശരിയായ രീതിയില്‍ ലഭിക്കാത്തതിനാലും വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പഠനവിടവ് നേരിട്ടവര്‍ക്കായി ഏപ്രില്‍ മെയ് മാസങ്ങളില്‍ ‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ്’ എന്ന പേരില്‍ പ്രത്യേക പഠന പരിപോഷണ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ മണ്ഡലത്തിലെ സ്‌കൂളുകളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും ഉന്നത പഠനത്തിനുമായും പ്രത്യേക പാക്കേജ് നടപ്പാക്കും. അധ്യാപകര്‍ക്ക് പ്രൊഫഷണല്‍ പരിശീലന സൗകര്യമൊരുക്കാന്‍ നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കായികവിദ്യാഭ്യാസം നല്‍കുന്നതിനായി ഫിറ്റ്‌നസ് സെന്ററുകള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

2022 മുതല്‍ 2026 വരെ നീണ്ടു നില്‍ക്കുന്ന സമഗ്രമായ വിദ്യാഭ്യാസ പദ്ധതിയാണ് ‘ഫ്യൂച്ചര്‍’. ഇതിന്റെ ഭാഗമായി ഹ്രസ്വവും ദീര്‍ഘവുമായ നിരവധി വിദ്യഭ്യാസ പദ്ധതികള്‍ക്ക് യോഗത്തില്‍ ആസൂത്രണം ചെയ്തു. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍, സ്‌കൂള്‍ മാനേജര്‍മാര്‍, പ്രധാന അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ലാ ജില്ലകളിലും നടപ്പാക്കും- മന്ത്രി ജെ.ചിഞ്ചുറാണി

കന്നു കാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന അസുഖങ്ങൾക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദർഭങ്ങളിലും മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി.ജെ.ചിഞ്ചുറാണി പറഞ്ഞു.

ക്ഷീര വികസന വകുപ്പിന്റെയും കോഴിക്കോട് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്ഷീരകര്‍ഷക സംഗമത്തിന്റെയും ക്ഷീരഗ്രാമം പദ്ധതിയുടെയും സംയുക്ത ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

24 മണിക്കൂറും സേവന സജ്ജമായ ടെലി വെറ്ററിനറി യൂണിറ്റ് ക്ഷീരകർഷരുടെ വീട്ടുമുറ്റത്ത് അത്യാവശ്യ ഘട്ടങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. കോവിഡ് പ്രതിസന്ധിയിലും തളരാതെ കേരളത്തിലെ ക്ഷീരകർഷകർ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പാലുല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയുടെ വികസനത്തിനായി വകുപ്പും സ്ഥാപനങ്ങളും ഊർജസ്വലമായ പ്രവർത്തനമാണ് നടത്തുന്നത്.മുഴുവൻ സമയ ഡോക്ടർ സേവനം ലഭ്യമാകുന്ന വെറ്ററിനറി ആരോഗ്യ കേന്ദ്രങ്ങൾ ബ്ലോക്ക് തലത്തിൽ നടപ്പാക്കി. ഏത് സ്ഥലത്തും എത്താൻ സാധിക്കുന്ന എല്ലാവിധ ചികിത്സ സൗകര്യങ്ങളോടും കൂടിയ ടെലി വെറ്ററിനറി വാഹന സൗകര്യ പദ്ധതിയും യാഥാർഥ്യമാക്കും. കിസാൻ റെയിൽ പദ്ധതിയിലൂടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കന്നുകാലിതീറ്റ ഉല്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ കേരളത്തിൽ എത്തിക്കുന്നത് പരിഗണനയിലാണ്.
സംസ്ഥാനത്ത് തീറ്റ പുൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കും.

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ്‌ റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബേപ്പൂർ ഡയറി ട്രെയിനിങ് സെന്റർ നവീകരണം, സ്മാർട്ട് ക്ലാസ് റൂം, ഡോർമിറ്ററി സൗകര്യം തുടങ്ങി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും വിവിധ ആവശ്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം തന്നെ വരും ദിവസങ്ങളിൽ യാഥാർത്‌ഥ്യമാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം ഡയറി എക്സ്പോ, സഹകരണ ശില്പശാല, വ്യക്തി വികസന ക്ലാസ്, ക്ഷീര കർഷക സെമിനാർ, ഡയറി ക്വിസ്, ക്ഷീര സംഘം ജീവനക്കാർക്കും ഭാരവാഹികൾക്കും ഉള്ള കായിക മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പ് ക്ഷീരകർഷകരെ ആദരിക്കൽ, കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ എം പി മാരായ എംകെ രാഘവൻ, എളമരം കരീം, കുന്ദമംഗലം എംഎൽഎ പി ടി എ റഹീം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി അബ്ദുൽ റസാഖ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി ഗവാസ്, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷറ റഫീഖ്, , കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുഷ വി., കെ. സി എം. എം. എഫ് ചെയർമാൻ കെ എസ് മണി കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കടലുണ്ടി ക്ഷീരസംഘം പ്രസിഡന്റ് കെ. പുഷ്പ രാജൻ സ്വാഗതവും കോഴിക്കോട് ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി ആർ. നന്ദിയും പറഞ്ഞു.

വിദ്യാഭ്യാസമേഖലയിലെ സമൂലമാറ്റത്തിനായി മൂന്ന് കമ്മീഷനുകള്‍- മന്ത്രി ആര്‍. ബിന്ദു

വിദ്യാഭ്യാസമേഖലയിലെ സമൂലമാറ്റത്തിനായി മൂന്നു കമ്മീഷനുകളെ സര്‍ക്കാര്‍ നിയമിച്ചു കഴിഞ്ഞതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. റൂസ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിര്‍മിച്ച അഡ്വാന്‍സ്ഡ് സയന്‍സ് റിസര്‍ച്ച് ലബോറട്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ തലങ്ങളിലുമുള്ള മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിനു വേണ്ടിയുള്ള ജനറല്‍ കമ്മിറ്റി, പരീക്ഷാ സന്ദര്‍ഭത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് പരീക്ഷാപരിഷ്‌കരണ കമ്മിറ്റി, കാലഹരണപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് നിയമ പരിഷ്‌കരണ കമ്മിറ്റി എന്നീ കമ്മീഷനുകളെയാണ് നിലവില്‍ നിയോഗിച്ചിട്ടുള്ളത്. ഇവയൊക്കെയും ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു കഴിഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ ആര്‍ജ്ജിച്ച പുരോഗതിയുടെ തുടര്‍ച്ചയാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇനിയുണ്ടാകേണ്ടത് എന്ന ചിന്തയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. നവവൈജ്ഞാനികസമൂഹം സാക്ഷാത്കരിക്കുക എന്ന വലിയ ഉത്തരവാദിത്വം നവകേരളനിര്‍മിതിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുവടുകളിലൊന്നാണ്. മനുഷ്യമസ്തിഷ്‌കത്തേക്കാള്‍ പ്രധാന്യം മനുഷ്യനിര്‍മിത മസ്തിഷ്‌കത്തിനുള്ള കാലത്താണ് നാം ജീവിക്കുന്നത്. ഡിജിറ്റല്‍ ലോകം അത്രമേല്‍ നമ്മെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. അതു കൊണ്ടു തന്നെ നമ്മുടെ വിദ്യാഭ്യാസ രീതികളിലും മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് കിഫ്ബി, റൂസ (രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍), സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് വലിയ രീതിയിലുള്ള അടിസ്ഥാനസൗകര്യ വിപുലീകരണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റൂസയുടെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായി 568 കോടി രൂപ ചെലവഴിച്ച് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ 227.2 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. നിലവില്‍ പല പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുകയും ചെയ്തു. മൊത്തം 158 പ്രൊജക്ടുകള്‍ ഇതിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇതില്‍ ഇന്നത്തേതുള്‍പ്പെടെ 29 പ്രോജക്ടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു. പുതിയ ലബോറട്ടറി മാറ്റങ്ങള്‍ക്ക് വിത്ത് വിതയ്ക്കുന്ന ഒന്നായിത്തീരേണ്ടതുണ്ട്. സര്‍ക്കാര്‍ ആദ്യമായാണ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കല്ലാതെ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഇത്രയും വലിയ ധനസഹായങ്ങള്‍ നല്‍കുന്നത് എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. പ്രശസ്തമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സവിശേഷ പരിഗണനയോടെ സര്‍ക്കാര്‍ കണക്കിലെടുക്കുക തന്നെ ചെയ്യും.

കലാലയങ്ങളിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വിദ്യാര്‍ഥികളാണെന്ന് നാം മനസ്സിലാക്കണം. സാമ്പ്രദായിക പഠനരീതികളില്‍ നിന്നും അവരെ മാറിച്ചിന്തിപ്പിക്കാന്‍ നമുക്കു കഴിയണം. അഭിരുചിക്കനുസരിച്ച് ജോലി സാധ്യതയുള്ള വിഷയങ്ങള്‍ മനസ്സിലാക്കി പഠിച്ച് തൊഴില്‍ കണ്ടെത്തുന്നവരായി നമ്മുടെ കുട്ടികളെ നാം മാറ്റിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മികച്ച സംരംഭകരും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ട്. അതിനായി കുട്ടികളെ തയ്യാറാക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. ഗവേഷണമേഖലയിലേക്ക് പോകാന്‍ ആഗ്രഹമുള്ള കുട്ടികള്‍ക്ക് മാനസികമായും സാമ്പത്തികമായും പിന്തുണ നല്‍കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 500 പ്രതിഭാശാലികളായ കുട്ടികള്‍ക്ക് പ്രതിമാസം ഒരു ലക്ഷം വീതം ലഭിക്കുന്ന ഫെല്ലോഷിപ്പുകള്‍ ലഭ്യമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരവും ഇത്തരം കുട്ടികള്‍ക്ക് പ്രോത്സാഹനമാകുന്ന ഒന്നാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് ഊര്‍ജം നല്‍കി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗവേഷണപദ്ധതികള്‍ക്ക് വേഗത കൂട്ടാന്‍ പുതിയ ലബോറട്ടറി ഉപകരിക്കും. ഫാറൂഖ് കോളേജിന് ചുറ്റുമുള്ള സ്ഥാപനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ ലബോറട്ടറിയെ മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുരേഷ്, റൂസയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ജഗന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്, ഫാറൂഖ് കോളേജ് മാനേജര്‍ സി.പി. കുഞ്ഞുമുഹുമ്മദ്, ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അഹമ്മദ്, സെക്രട്ടറി കെ.വി. മുഹമ്മദ് കോയ, വൈസ് പ്രസിഡന്റ് കെ. കുഞ്ഞലവി, ട്രഷറര്‍ എന്‍.കെ. മുഹമ്മദ് അലി, ജോയിന്റ് സെക്രട്ടറി ഡോ. അലി ഫൈസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പൽ ഡോ. കെ.എം. നസീര്‍ സ്വാഗതവും ഡയറക്ടര്‍ ഡോ. എസ്.വി അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തും:  മന്ത്രി ആര്‍. ബിന്ദു

വിവിധ പദ്ധതികളിലൂടെ (കിഫ്ബി, റൂസ (രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍), സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട്) ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍  നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. പേരാമ്പ്ര സി.കെ.ജി മെമ്മോറിയല്‍ ഗവ. കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെയും ലേഡീസ് ഹോസ്റ്റലിന്റെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ വിദ്യാര്‍ത്ഥിയുടേയും അവകാശമാണെന്ന് പ്രഖ്യാപിച്ച്  തുടങ്ങിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടു പോകുകയാണ്. ഇതിലൂടെ അന്തര്‍ദേശീയ നിലവാരത്തിലുള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് രൂപപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി ഉന്നതവിദ്യാഭ്യാസരംഗത്തും മുന്‍പന്തിയിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ ശാലീനത നിറഞ്ഞു നില്‍ക്കുന്ന സി.കെ.ജി കോളേജില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.82 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. യു.ജി.സിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി 1.2 കോടി രൂപ ചെലവില്‍ നിര്‍മിച്ച വനിതാ ഹോസ്റ്റല്‍ കെട്ടിടവും, റൂസ പ്രജക്ടിന്റെ ഭാഗമായി 2 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച അക്കാദമിക് ബ്ലോക്കും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും നിലവില്‍ പൂര്‍ത്തിയായി. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ കാഴ്ചപ്പാടോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗുണഭോക്താവ് വിദ്യാര്‍ത്ഥിയാണെന്ന അടിസ്ഥാനപരമായ കാഴ്ചപ്പാടോടു കൂടിയുള്ള അഴിച്ചു പണികള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

സി.കെ.ജി മെമ്മോറിയല്‍ ഗവ. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിനീഷ് അധ്യക്ഷത വഹിച്ചു. കെ. മുരളീധരന്‍ എം.പി മുഖ്യാതിഥിയായിരുന്നു. പി.ഡബ്ല്യൂ.ഡി. അസി. എക്‌സി. എന്‍ജിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികുമാര്‍ പേരാമ്പ്ര, ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, സിന്‍ഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ, പി്.ടി.എ അംഗങ്ങള്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് കെ. മിയ സ്വാഗതവും റൂസ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജാസ്മിന്‍ മാത്യു നന്ദിയും പറഞ്ഞു.